25 April Thursday

പുരുഷോത്തമന്റെ കുടുംബം സിപിഐ എം സ്നേഹത്തണലിൽ

വെബ് ഡെസ്‌ക്‌Updated: Sunday Jul 3, 2022

എ പി പുരുഷോത്തമന്റെ കുടുംബത്തിനുള്ള വീടിന്റെ താക്കോൽ മകൻ നഖിലിന് സിപിഐ എം പിബി അംഗം 
എ വിജയരാഘവൻ കൈമാറുന്നു

ചങ്ങരംകുളം
ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റും സിപിഐ എം  ലോക്കൽ കമ്മിറ്റിയംഗവുമായിരുന്ന എ പി പുരുഷോത്തമന്റെ കുടുംബം ഇനി സ്‌നേഹവീടിന്റെ തണലിൽ അന്തിയുറങ്ങും. സിപിഐ എം ആലങ്കോട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ നിർമിച്ച വീടിന്റെ താക്കോൽ പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ കുടുംബത്തിന്‌ കൈമാറി. 
ഭവന നിർമാണ കമ്മിറ്റി ചെയർമാൻ എൻ വി ഉണ്ണി അധ്യക്ഷനായി. പി നന്ദകുമാർ എംഎൽഎ, നോർക്ക റൂട്ട്സ് വൈസ് ചെയർമാൻ പി ശ്രീരാമകൃഷ്ണൻ, സിപിഐ എം എടപ്പാൾ ഏരിയാ സെക്രട്ടറി ടി സത്യൻ, ജില്ലാ കമ്മിറ്റിയംഗം പി ജ്യോതിഭാസ്, ആലങ്കോട് പഞ്ചായത്ത് പ്രസിഡന്റ്‌ കെ വി ഷെഹീർ, ജില്ലാ പഞ്ചായത്തംഗം ആരിഫ നാസർ, വി വി കുഞ്ഞിമുഹമ്മദ്, അഡ്വ. എം ബി ഫൈസൽ, പി വിജയൻ എന്നിവർ സംസാരിച്ചു.  
സ്വന്തം വീടെന്ന സ്വപ്‌നം ബാക്കിനിർത്തി ഒരുവർഷംമുമ്പാണ് എ പി പുരുഷോത്തമൻ അന്തരിച്ചത്‌. തുടർന്ന്‌ സിപിഐ എം ആലങ്കോട് ലോക്കൽ കമ്മിറ്റി നേതൃത്വത്തിൽ സെക്രട്ടറി എൻ വി ഉണ്ണി ചെയർമാനും എടപ്പാൾ ഏരിയാ കമ്മിറ്റിയംഗം പി വിജയൻ കൺവീനറുമായി ഭവന നിർമാണ കമ്മിറ്റി രൂപീകരിച്ച്‌ സുമനസുകളുടെ സഹകരണത്തോടെ വീട്‌ നിർമാണം പൂർത്തിയാക്കി. മൂന്നര സെന്റ്‌ സ്ഥലത്ത് 12 ലക്ഷത്തോളം രൂപ ചെലവിട്ടാണ് വീട് നിർമിച്ചത്. 
 
മോദി സർക്കാർ ജനാധിപത്യമൂല്യങ്ങൾ തകർക്കുന്നു: 
എ വിജയരാഘവൻ
ചങ്ങരംകുളം
രാജ്യത്തെ ജനാധിപത്യമൂല്യങ്ങൾ പാടെ തകർക്കുന്ന സമീപനമാണ് നരേന്ദ്രമോദി സർക്കാരിന്റേതെന്ന്‌ സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എ വിജയരാഘവൻ പറഞ്ഞു. 
ചങ്ങരംകുളത്തിനടുത്ത് ആലങ്കോട് എ പി പുരുഷോത്തമന്റെ കുടുംബത്തിന് സിപിഐ എം നിര്‍മിച്ചു‌നല്‍കിയ സ്‌നേഹവീടിന്റെ താക്കോല്‍ദാനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മുമ്പ് വര്‍ഗീയവാദിയെ ഒറ്റപ്പെടുത്തുന്ന രീതിയായിരുന്നു.  ഇപ്പോള്‍ വര്‍ഗീയവാദിയെന്ന് അറിയപ്പെടാന്‍ വെമ്പല്‍ക്കൊള്ളുന്ന രാജ്യത്താണ് നമ്മള്‍ ജീവിക്കുന്നത്. പരസ്പരം സ്പർധയുണ്ടാക്കി ഒറ്റപ്പെടുത്തി കാര്യം നേടുന്നു.  
വർഗീയവാദികൾ ഉറഞ്ഞുതുള്ളുകയാണെന്നും ഇതിനെ എതിർക്കുന്ന പ്രസ്ഥാനമാണ് ഇടതുപക്ഷമെന്നും അദ്ദേഹം പറഞ്ഞു. രാജ്യത്ത് പാവപ്പെട്ടവരുടെ സൗകര്യങ്ങൾ നിഷേധിക്കപ്പെടുകയും സമ്പന്നരുടെ നിയന്ത്രണത്തിലേക്ക്  കാര്യങ്ങൾ നീങ്ങുകയാണെന്നും അദ്ദേഹം പറഞ്ഞു.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top