25 April Thursday
കൺസഷൻ നൽകാൻ മടിച്ച് സ്വകാര്യ ബസുകൾ

വിദ്യാർഥികൾക്ക് പോകണ്ടേ

സ്വന്തം ലേഖകൻUpdated: Saturday Jun 3, 2023
നിലമ്പൂർ
വിദ്യാലയങ്ങൾ തുറന്നു. ബസിൽ കയറുന്ന വിദ്യാർഥികളോടുള്ള ചില ജീവനക്കാരുടെ വിവേചനവും തുടങ്ങി. ​ഗതാ​ഗതവകുപ്പ്‌ നിയമങ്ങളും ഹൈക്കോടതി ഉത്തരവും കാറ്റിൽപ്പറത്തിയാണ്‌ ഇത്‌. പലയിടത്തും വിദ്യാർഥികളും ബസ് ജീവനക്കാരുമായുള്ള സംഘർഷവും തുടങ്ങി. 
കൺസഷൻ 
തോന്നുംപടി
മോട്ടോർ വാഹന വകുപ്പ് ഫെയർ സ്റ്റേജ് നിരക്ക് പുറത്തിറക്കിയിട്ടും ചില ജീവനക്കാർ അമിത ചാർജ്‌ വാങ്ങുന്നതായാണ്‌ പരാതി. രണ്ടര കിലോമീറ്ററിൽ ഒന്നാമത്തെ ഫെയർ സ്റ്റേജിന് വിദ്യാർഥികൾക്ക് ഒരുരൂപയാണ് നിരക്ക്. സ്വകാര്യ ബസുകൾ പലതും വാങ്ങുന്നത്‌ അഞ്ചുരൂപ. 
20 കിലോമീറ്ററിന് നാലുരൂപയുള്ളിടത്ത്‌ 20 രൂപവരെ ഈടാക്കുന്നതായാണ്‌ പരാതി. രാവിലെ ഏഴുമുതൽ രാത്രി ഏഴുവരെ കൺസെഷൻ വിദ്യാർഥികളുടെ അവകാശമാണ്‌. പ്രവൃത്തിദിവസമാണെങ്കിൽ രണ്ടാംശനിയും യാത്രചെയ്യാം. സ്കൂളിൽനിന്ന് 40 കിലോമീറ്റർവരെ ആനുകൂല്യമുണ്ട്‌.
സീറ്റിലിരുന്നാൽ അസഭ്യം
ബസ്‌ സ്‌റ്റാൻഡുകളിൽ മറ്റ്‌ യാത്രക്കാർ കയറിയശേഷമേ വിദ്യാർഥികളെ കയറ്റുന്നുള്ളൂ. 
ബസ് പുറപ്പെടുംമുമ്പ്‌ വരിനിൽക്കുന്നവരിൽ കുറച്ചുപേരെ കയറ്റും. സീറ്റിലിരുന്നാൽ ചീത്തവിളിയെത്തും. 
 
 
പരാതി കിട്ടിയാൽ നടപടി
സ്വകാര്യ ബസുകളിൽ വിദ്യാർഥികളുടെ യാത്ര സു​ഗമമാക്കാനുള്ള നടപടി സ്വീകരിച്ചിട്ടുണ്ട്. പരാതിയുണ്ടെങ്കിൽ നടപടി ഉറപ്പാക്കും. കണ്ടക്ടർമാർക്ക് ലഘുലേഖകൾ വിതരണംചെയ്യും. ബസ് സ്റ്റാൻഡുകളിൽ പരിശോധന ശക്തമാക്കും. 
–- കെ പി  ദിലീപ്, നിലമ്പൂർ ജോയിന്റ്‌ ആർടിഒ 
 

അമിത ചാർജ്‌ വാങ്ങുന്നു
അമിത ചാർജാണ് പല കണ്ടക്ടർമാരും വാങ്ങുന്നത്‌. കാരക്കുന്നുനിന്ന് ചുങ്കത്തറവരെ 10 മുതൽ 15 രൂപവരെ വാങ്ങുന്നു. 
–- പി മുഹമ്മദ് നിഹാൽ, (വിദ്യാർഥി, മാർത്തോമ 
കോളേജ്, ചുങ്കത്തറ)
 
 
 
സീറ്റിൽ ഇരുത്തില്ല
സീറ്റിൽ ഇരുന്നാൽ തുടങ്ങും പല കണ്ടക്ടർമാരുടെയും ചീത്തവിളി. ചിലർ മാന്യമായി പെരുമാറുന്നുമുണ്ട്. വിദ്യാർഥികളുടെ യാത്രാവകാശം സംരക്ഷിക്കണം.
–- ബി ശിഫ (വിദ്യാർഥി, 
ഗവ. കോളേജ് നിലമ്പൂർ)
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top