26 April Friday

"വീട്ടിലെ കട' സൂപ്പർ ഡ്യൂപ്പർ ഹിറ്റ്

സുധ സുന്ദരൻUpdated: Saturday Jun 3, 2023

ഹോം ഷോപ്പ് ഉൽപ്പന്നങ്ങൾ വിൽക്കുന്ന സീനത്ത്‌ (വലത്)

മലപ്പുറം 
‘ഇന്ന്‌ രാവിലെ ഉൽപ്പന്നം ആവശ്യപ്പെട്ട്‌ ഒരു ഫോൺ വന്നു. ഒരുമണിക്കൂറിനുള്ളിൽ അത്‌ എത്തിച്ചുനൽകി. ഉച്ചയോടെ 995 രൂപയുടെ കച്ചവടമുണ്ടായി. ദിവസം മൂന്നോ നാലോ മണിക്കൂറേ ജോലിചെയ്യുന്നുള്ളൂ. മാസത്തിൽ പതിനായിരത്തിലേറെ രൂപ ലഭിക്കും. ശമ്പളത്തിനുപുറമെ എല്ലാ മാസവും പ്രോത്സാഹന സമ്മാനവുമുണ്ട്‌. മുതൽമുടക്കില്ലാതെ ഒരു സംരംഭം; മികച്ച വരുമാനം’– അങ്ങാടിപ്പുറം -സിഡിഎസിലെ ഹോം ഷോപ്പ് നടത്തുന്ന ചേരിയിൽ സീനത്തിന്റെ വാക്കുകൾ.  
കുടുംബശ്രീ ഹോം ഷോപ്പ്‌ പദ്ധതി ഒരുവർഷം പിന്നിടുമ്പോൾ ചിറകുവയ്‌ക്കുന്നത്‌ എഴുന്നൂറിലധികം കുടുംബങ്ങളുടെ ജീവിതസ്വപ്‌നങ്ങൾക്കാണ്‌. ചെറുകിട സംരംഭകർക്ക്‌ മികച്ച വിപണിയാണ്‌ ഹോം ഷോപ്പ്‌.  
ഒരുവർഷം; 4 കോടി
2022–-23ൽ ജില്ലയിൽ ഹോം ഷോപ്പുകൾ മുഖേന നാലുകോടിയുടെ വിൽപ്പന നടന്നു. കൊണ്ടോട്ടി, അരീക്കോട്‌, പെരിന്തൽമണ്ണ ബ്ലോക്കുകളിലാണ്‌ കൂടുതൽ ഷോപ്പുകളുള്ളത്‌. മങ്കട ബ്ലോക്കിൽ പ്രാരംഭപ്രവർത്തനം പൂർത്തിയായി. മറ്റ്‌ ബ്ലോക്കുകളിലും ഉടൻ തുടങ്ങും. ഏറ്റവും കൂടുതൽ വിപണനം പെരിന്തൽമണ്ണ ബ്ലോക്കിലാണ്‌. പ്രതിമാസം 19 ലക്ഷം രൂപയുടെ വിൽപ്പനയുണ്ട്‌. കഴിഞ്ഞ സാമ്പത്തികവർഷം ഒന്നരക്കോടിയുടെ വിൽപ്പന നടന്നു.  അങ്ങാടിപ്പുറം സിഡിഎസിലെ ഉഷയാണ്‌ ജില്ലയിൽ മികച്ച വിപണനം നടത്തുന്ന ഹോം ഷോപ്പ്‌ ഉടമ. അങ്ങാടിപ്പുറത്തെ സാജിദയാണ്‌ ഏറ്റവും ഉയർന്ന മാസവേതനം കൈപ്പറ്റിയത്‌.  
 
ഹോം ഷോപ്പ് ഓണർ
കുടുംബശ്രീ സിഡിഎസുകൾ വഴി അയൽക്കൂട്ടങ്ങളിൽനിന്ന്‌ അപേക്ഷിക്കുന്നവരെ അഭിമുഖത്തിലൂടെയാണ്‌ തെരഞ്ഞെടുക്കുക. വാർഡിൽ 200 വീടുകൾക്ക്‌ ഒരാളെയാണ്‌ തെരഞ്ഞെടുക്കുന്നത്‌. ഇവർക്ക്  പരിശീലനവുമുണ്ട്‌. ബാഗ്‌, ഐഡി കാർഡ്, യൂണിഫോം എന്നിവ കുടുംബശ്രീ നൽകും. 
 
വാട്സാപ്പിലും വിൽപ്പന 
ഹോം ഷോപ്പ്‌ ഓണർമാർ സാധ്യതകൾക്കനുസരിച്ച്‌ വിപണികൾ കണ്ടെത്തുന്നുണ്ട്‌. വാട്‌സാപ്‌ കൂട്ടായ്‌മകളിലൂടെയും ഉൽപ്പന്നങ്ങൾ പരിചയപ്പെടുത്തും. ഇതുവഴി ആവശ്യക്കാർക്ക്‌ ഓർഡർ ചെയ്യാം. 
 
 
വളരെ കുറച്ചുപേർ മാത്രമാണ്‌ ഹോം ഷോപ്പ് പദ്ധതിക്കായി തുടക്കത്തിൽ മുന്നോട്ടുവന്നത്‌. ജില്ലയിൽ എഴുന്നൂറിലധികം ഹോം ഷോപ്പ്‌ നടത്തിപ്പുകാരുണ്ട്‌.  രണ്ടുവർഷത്തിനുള്ളിൽ 4500ആകും. ഓൺലൈൻ വിപണി ഒരുക്കാനുള്ള പ്രവർത്തനത്തിലാണ്‌.  
          –- പി എസ്‌ സന്ദീപ്‌, 
          മാനേജർ,  ഹോം ഷോപ്പ്‌ 
           മാനേജ്‌മെന്റ്‌ ടീം

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top