27 April Saturday

സസ്യലോകത്തേക്ക്‌ 
6 അതിഥികൾ

വെബ് ഡെസ്‌ക്‌Updated: Thursday Dec 2, 2021
തേഞ്ഞിപ്പലം
ആറ് പുതിയ സസ്യങ്ങളെ കണ്ടെത്തി കലിക്കറ്റ്‌ സർവകലാശാലയിലെ ഗവേഷകർ. സസ്യശാസ്ത്ര വിഭാഗം പ്രൊഫസർ ഡോ. സന്തോഷ് നമ്പിയുടെ നേതൃത്വത്തിലാണിത്‌. ജസ്നേറിയെസിയെ കുടുംബത്തിലെ  ഹെൻകെലിയ ജനുസ്സിലെ ചെടിയെ മേഘാലയയിലെ  ഈസ്റ്റ് ഖാസി ജില്ലയിൽനിന്ന് ചേമഞ്ചേരി സ്വദേശി എം കെ അഖിൽ, ഒല്ലൂർ സ്വദേശി വിഷ്ണുമോഹൻ എന്നിവർ കണ്ടെത്തി. ഇതിന്‌ ഹെൻകെലിയ ഖാസിയാന എന്ന പേരുനൽകി.  
  മെലാസ്റ്റോമെറ്റേസിയെ കുടുംബത്തിലെ  സോണറില (സുന്ദരിയില) വിഭാഗത്തിലെ പുതിയ ചെടിയുടെ പേര്‌‌ ‘സോണറില കൊങ്കനെൻസിസ്’.  സൗത്ത് ഗോവ സാൽസെറ്റ് താലൂക്കിലെ ചന്ദ്രേശ്വർ മലയിൽനിന്ന്‌ പ്രൊഫ. സന്തോഷ് നമ്പി, ഗവേഷക തൃശൂർ ചേലക്കര സ്വദേശിനി എസ് രശ്മി, ഗോവ യൂണിവേഴ്സിറ്റി ബോട്ടണി ഗവേഷക പി എഫ് അക്ഷത്ര എന്നിവരാണ് തിരിച്ചറിഞ്ഞത്. 
ഇടുക്കി ജില്ലയിലെ സപുഷ്പിസസ്യങ്ങളുടെ ക്രോഡീകരണവുമായി ബന്ധപ്പെട്ട കേരള ശാസ്ത്ര സാങ്കേതിക പരിസ്ഥിതി കൗൺസിൽ പ്രൊജക്ടിന്റെ ഭാഗമായി ഡോ. സന്തോഷ് നമ്പി, ഗവേഷകരായ വിഷ്ണു മോഹൻ, ഡാനി ഫ്രാൻസിസ്, ദിവ്യ കെ വേണുഗോപാൽ എന്നിവർ മൂന്ന്‌ പുതിയ സസ്യങ്ങളെ ജില്ലയിൽനിന്ന് കണ്ടെത്തി. കാശിത്തുമ്പ കുടുംബത്തിലെ ഇമ്പേഷ്യൻസ് രക്തകേസര, ബർമാനിയേസിയെ വിഭാഗത്തിലെ ബർമാനിയ മൂന്നാറെൻസിസ്, ഒറോബാങ്കെസിയെ ജനുസിലെ പാരസൊപൂബിയ രാഘവേന്ദ്രെ എന്നിവയാണവ. യഥാക്രമം ആനമുടി, മൂന്നാർ, മതികെട്ടാൻചോല എന്നിവിടങ്ങളിലാണ്‌ സാന്നിധ്യം. 
ഡോ. സന്തോഷ് നമ്പിയും അഖിലും ചേർന്ന് വയനാട് ജില്ലയിലെ പെരിയയിൽനിന്ന്‌ എരിയോക്കോളൻ  ജനുസ്സിലെ പുതിയ ചെടിയെയും തിരിച്ചറിഞ്ഞു. സസ്യശാസ്‌ത്രജ്ഞനായ ഡോ. എം. സഞ്ജപ്പയോടുള്ള ബഹുമാന സൂചകമായി ‌ എരിയോക്കോളൻ സഞ്ജപ്പേ എന്ന പേര്‌ നൽകി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top