24 April Wednesday

ജമാഅത്തെ സഖ്യം; 
ആകെ വിയർത്ത്‌ കോൺഗ്രസ്‌ ‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 2, 2020

 

മലപ്പുറം

ജമാഅത്തെ ഇസ്ലാമിയുമായുള്ള രാഷ്‌ട്രീയ കൂട്ടുകെട്ടിനെചൊല്ലി യുഡിഎഫിൽ വിവാദം കനക്കുന്നു. കെപിസിസി അധ്യക്ഷൻ മുല്ലപ്പള്ളി രാമചന്ദ്രനും കെ മുരളീധരൻ എംപിയും തുടങ്ങിയ വാക്‌പോര്‌ മറ്റ്‌ നേതാക്കളും ഏറ്റെടുത്തതോടെ യുഡിഎഫ്‌ വെട്ടിലായി. അവിശുദ്ധ കൂട്ടുകെട്ടിനെ ന്യായീകരിക്കാനാവാതെ വിയർക്കുകയാണ്‌ കോൺഗ്രസ്‌. വിഷയത്തിൽ മുസ്ലിംലീഗ്‌ മൗനം തുടരുമ്പോഴും കോൺഗ്രസിൽ ഭിന്നത രൂക്ഷം‌.  യുഡിഎഫ്‌ കൺവീനർ എം എം ഹസൻ ജമാഅത്തെ ഇസ്ലാമിയുടെ രാഷ്‌ട്രീയരൂപമായ വെൽഫെയർ പാർടിയുമായുള്ള ബന്ധം സമ്മതിക്കുന്നു‌. എന്നാൽ, ഇത്‌ അംഗീകരിക്കാൻ മുല്ലപ്പള്ളി തയ്യാറല്ല. അങ്ങനെയൊരു ബന്ധമേയില്ലെന്ന്‌‌ അദ്ദേഹം ആവർത്തിക്കുന്നു‌. വെൽഫെയർ സ്ഥാനാർഥികൾ യുഡിഎഫ്‌ ബാനറിൽ മത്സരിക്കുന്നത്‌ ചൂണ്ടിക്കാട്ടിയപ്പോൾ യുഡിഎഫിന്റെ കാര്യം പറയാൻ താൻ ആളല്ലെന്നായിരുന്നു മറുപടി.   മുല്ലപ്പള്ളിയെ തള്ളുന്ന നിലപാടാണ്‌  എം എം ഹസൻ തുടക്കംമുതൽ സ്വീകരിച്ചത്‌. ‌ ജമാഅത്തെ അമീറിനെ നിലമ്പൂരിലെ വീട്ടിൽ  സന്ദർശിച്ചാണ്‌  ബന്ധം ഉറപ്പിച്ചത്‌. മുല്ലപ്പള്ളി പങ്കെടുത്ത കെപിസിസി ഉന്നതാധികാര സമിതി യോഗത്തിലാണ്‌ കൂട്ടുകെട്ട്‌ തീരുമാനിച്ചതെന്ന്‌ ഹസൻ തുറന്നടിച്ചതോടെ മുല്ലപ്പള്ളി വെട്ടിലായി. മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയും ജമാഅത്തെ ബാന്ധവത്തിൽ വഴുതിക്കളിക്കുകയാണ്‌. യുഡിഎഫിന്‌ പുറത്ത്‌ മറ്റൊരു കക്ഷിയുമായും ബന്ധമില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. യുഡിഎഫ്‌ ബാനറിൽ വെൽഫെയർ സ്ഥാനാർഥികൾ മത്സരിക്കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിന്‌ കൈപ്പത്തി ചിഹ്നത്തിൽവരെ റിബലുകളുണ്ടെന്നായിരുന്നു പ്രതികരണം. യുഡിഎഫ്‌ പിന്തുണയിൽ മത്സരിക്കുന്ന വെൽഫെയർ സ്ഥാനാർഥികളെ തള്ളിപ്പറയാൻ തയ്യാറാകുമോ എന്നതിന്‌ മറുപടിയുമില്ല.   വെൽഫെയർ പാർടിയുമായി സഖ്യമുണ്ടാക്കുന്നതിൽ തെറ്റില്ലെന്ന നിലപാടാണ്‌ കെ മുരളീധരൻ എംപിക്ക്‌. കഴിഞ്ഞ പാർലമെന്റ്‌ തെരഞ്ഞെടുപ്പിൽ യുഡിഎഫ്‌ വിജയത്തിൽ ജമാഅത്തെക്കാർ നന്നായി സഹായിച്ചെന്നാണ്‌ അദ്ദേഹത്തിന്റെ നിലപാട്‌.  ജമാഅത്തെ ഇസ്ലാമിയുമായി ബന്ധംപാടില്ലെന്ന്‌ കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറൽ സെക്രട്ടറി താരീഖ്‌ അൻവർ പരസ്യ പ്രസ്‌താവന നടത്തിയിട്ടും നേതൃത്വത്തിൽ യോജിപ്പില്ല.  ജമാഅത്തെ നേതാക്കൾ യുഡിഎഫ്‌ സഖ്യം തുറന്നുപറയുന്നതും കോൺഗ്രസിനെ വെട്ടിലാക്കുന്നു.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top