19 December Friday
തിരികെ സ്‌കൂളിലേക്ക്‌

പാട്ടും പഠിത്തവുമായി 
അക്ഷരമുറ്റത്ത്‌

വെബ് ഡെസ്‌ക്‌Updated: Monday Oct 2, 2023

വള്ളിക്കുന്ന് പഞ്ചായത്ത് സംഘടിപ്പിക്കുന്ന "തിരികെ സ്കൂളിൽ' ക്യാമ്പയിന്‍ പ്രസിഡന്റ് എ ഷൈലജ ഉദ്ഘാടനംചെയ്യുന്നു

മലപ്പുറം
വർഷങ്ങൾക്കുമുമ്പ്‌ വിടപറഞ്ഞ വിദ്യാലയത്തിലേക്ക്‌ വീണ്ടുമെത്തിയതിന്റെ ആഹ്ലാദത്തിലായിരുന്നു ഓരോരുത്തരും. മധുരം നൽകിയും ചേർത്തുപിടിച്ചും പ്രവേശനോത്സവമൊരുക്കിയും കാലങ്ങൾക്കുശേഷമെത്തിയ കൂട്ടുകാരെ അക്ഷരമുറ്റവും വർണാഭമായി വരവേറ്റു. സമാനതകളില്ലാത്ത സ്‌ത്രീമുന്നേറ്റത്തിന്‌ തുടക്കമിട്ട്‌ കുടുംബശ്രീ സംഘടിപ്പിച്ച ‘തിരികെ സ്‌കൂളിലേക്ക്‌’ ക്യാമ്പയിന്റെ കാഴ്‌ചകൾക്ക്‌ ചന്തമേറെ. 
കുടുംബശ്രീ സംഘടനാ സംവിധാനത്തെ മെച്ചപ്പെടുത്താനും ഓരോ അംഗങ്ങളെയും നവസാധ്യതകളിലൂടെ നൂതന പദ്ധതികൾ ഏറ്റെടുക്കാൻ പ്രാപ്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ്‌  കുടുബശ്രീ വിദ്യാഭ്യാസവകുപ്പിന്റെ   സഹായത്തോടെ ‘തിരികെ സ്കൂളിൽ’  ക്യാമ്പയിൻ സംഘടിപ്പിക്കുന്നത്‌.
ആദ്യദിനം ജില്ലയിൽ 94 സിഡിഎസുകളിൽനിന്നായി അരലക്ഷത്തോളം പേർ വിദ്യാലയങ്ങളിലെത്തി. 3054 അയൽക്കൂട്ടങ്ങളും  830 ആർപിമാരും ക്യാമ്പയിന്റെ ഭാഗമായി. 9.45ന് അസംബ്ലിയോടെ (കുടുംബശ്രീ മുദ്രഗീതം, ഉദ്ഘാടനം) ആരംഭിച്ചു. 
തുടർന്ന് മാലിന്യമുക്ത നവകേരളം പ്രതിജ്ഞയെടുത്തു. പിന്നീട്‌ ക്ലാസെടുത്തു. 4.30ന്‌ ക്ലാസ്‌ കഴിഞ്ഞു.
സ്കൂൾ പരിസരത്ത് ഹരിത പ്രോട്ടോകോൾ പാലിച്ചുള്ള തോരണങ്ങളോടെ  പ്രവേശനോത്സവം സജ്ജമാക്കിയിരുന്നു. ഉച്ചഭക്ഷണം, കുടിവെള്ളം, സ്നാക്സ്, സ്കൂൾ ബാഗ്, സ്മാർട്ട് ഫോൺ എന്നിവയുമായാണ് ഓരോരുത്തരും എത്തിയത്. ചിലർ പഴയകാലത്തെ ഓർമകളുമായി പുസ്തകപ്പെട്ടി (തകരപ്പെട്ടി)യുമായാണ് വന്നത്. 75 വയസ്സുവരെയുള്ള അയൽക്കൂട്ടാംഗങ്ങളും പങ്കാളികളായി. ഇടവേളകൾ പൊലിമയുള്ളതാക്കാൻ ഹോം ഷോപ്പിന്റെ ഉൽപ്പന്നങ്ങളും പഴയകാല മിഠായികളും ചില സ്കൂളുകളിലുണ്ടായിരുന്നു. 
ജില്ലാതല ഉദ്‌ഘാടനം 
ഇന്ന്‌
കുടുബശ്രീ  ‘തിരികെ സ്കൂളിൽ’  ക്യാമ്പയിന്റെ ജില്ലാതല ഉദ്‌ഘാടനം തിങ്കളാഴ്‌ച രാവിലെ 9.30ന്‌ ഒഴൂർ സിപിപിഎച്ച്‌എംഎച്ച്‌എസ്‌എസ്‌ സ്‌കൂളിൽ മന്ത്രി വി അബ്ദുറഹ്‌മാൻ നിർവഹിക്കും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top