19 April Friday

ജില്ലയെ ചേർത്തുനിർത്തിയ നേതാവ്‌

റഷീദ്‌ ആനപ്പുറംUpdated: Sunday Oct 2, 2022

എല്‍ഡിഎഫ് ജനജാഗ്രതാ യാത്ര ജില്ലയിൽ എത്തിയപ്പോൾ സ്വീകരണവേദിയിലുണ്ടായിരുന്ന കുട്ടിയോട് കോടിയേരി ബാലകൃഷ്‌ണൻ കുശലാന്വേഷണം നടത്തുന്നു (ഫയൽ ചിത്രം)

മലപ്പുറം
ജനഹൃദയങ്ങളെ ഏറെ സ്വാധീനിച്ച കോടിയേരി ബാലകൃഷ്‌ണൻ എക്കാലവും മലപ്പുറം ജില്ലയെ ചേർത്തുനിർത്തിയ നേതാവ്‌. ജില്ലയുടെ പിന്നോക്കാവസ്ഥ പരിഹരിക്കാനും ജില്ലയിലെ പാർടിയുടെ വളർച്ചയിലും എന്നും പ്രത്യേക താൽപ്പര്യം കാണിച്ചു. ആഭ്യന്തര ടൂറിസം മന്ത്രിയായിരിക്കെ ജില്ലയുടെ ടൂറിസം കേന്ദ്രങ്ങളുടെ വളർച്ചയിൽ മികച്ച പിന്തുണയാണ്‌ നല്‍കിയത്‌. എസ്‌എഫ്‌ഐ സംസ്ഥാന സെക്രട്ടറിയായിരിക്കെ തുടങ്ങിയ ആത്മബന്ധമാണ്‌ അദ്ദേഹത്തിന്‌ ജില്ലയിലെ പാർടിയോട്‌. 
    കോടിയേരി എസ്‌എഫ്‌ഐ സെക്രട്ടറിയായിരിക്കുമ്പോൾ ജില്ലക്കാരനായ ദേവദാസ്‌ പൊറ്റെക്കാടായിരുന്നു സംസ്ഥാന പ്രസിഡന്റ്‌. അക്കാലത്ത്‌ ഏറെ ത്യാഗംസഹിച്ചാണ്‌ ജില്ലയിൽ എസ്‌എഫ്‌ഐ പ്രവർത്തിച്ചത്‌. നിരന്തരം എസ്‌എഫ്‌ഐ കടന്നാക്രമണം നേരിട്ടപ്പോൾ വലിയ സഹായമാണ്‌  സംസ്ഥാന സെക്രട്ടറി എന്ന നിലയിൽ  നൽകിയത്‌. മലപ്പുറം ജില്ലയുടെ പാർടിയുടെ ശക്തി ദൗർബല്യം കൃത്യമായി മനസ്സിലാക്കിയ പാർടി നേതാവായിരുന്നു കോടിയേരി. ജില്ലയിലെ പാർടിയോട്‌ പ്രത്യേക ഇഷ്ടംകാട്ടിയിരുന്ന അദ്ദേഹം മലപ്പുറം സംസ്ഥാന സമ്മേളന സമയത്ത്‌ ദിവസങ്ങൾക്കുമുമ്പേ ഇവിടെ ക്യാമ്പ്‌ ചെയ്‌ത്‌ പ്രവർത്തനങ്ങൾക്ക്‌ കരുത്ത്‌ നൽകി. മലപ്പുറം പാർലമെന്റ്‌  ഉപ തെരഞ്ഞെടുപ്പിലും വേങ്ങര നിയമസഭാ ഉപ തെരഞ്ഞെടുപ്പിലും നല്ല ഇടപെടലാണ്‌ കോടിയേരി നടത്തിയത്‌. ഒന്നരമാസത്തോളം മലപ്പുറത്ത്‌ ക്യാമ്പ്‌ ചെയ്‌ത്‌ അദ്ദേഹം തെരഞ്ഞെടുപ്പ്‌ പ്രവർത്തനത്തിന്‌ നേതൃത്വം നൽകി. ഇതിന്റെ ഫലംകൂടിയായിരുന്നു  രണ്ട്‌ തെരഞ്ഞെടുപ്പിലും മികച്ച വോട്ട്‌ എൽഡിഎഫിന്‌ ലഭിച്ചത്‌.   
   ജില്ലയുടെ പുരോഗതിയിൽ പ്രത്യേക പരിഗണനയാണ്‌ കോടിയേരി കാണിച്ചത്‌. അദ്ദേഹം മന്ത്രിയായിരിക്കെയാണ്‌ പടിഞ്ഞാറെക്കര ഉൾപ്പെടെയുള്ള ടൂറിസം വികസനത്തിന്‌  പിന്തുണ നൽകിയത്. കേരളം കണ്ട ഏറ്റവും വലിയ സ്വർണ കവർച്ചയായ ചേലേമ്പ്ര ബാങ്ക്‌ കവർച്ചാ കേസിൽ പ്രതികളെ അതിവേഗം കണ്ടെത്താൻ പൊലീസിന്‌ സർവ പിന്തുണയും അന്നത്തെ ആഭ്യന്തര മന്ത്രിയായിരുന്ന കോടിയേരി ബാലകൃഷ്‌ണൻ നൽകി. അന്വേഷണ ഉദ്യോഗസ്ഥരെ അദ്ദേഹം നേരിട്ട്‌ അഭിനന്ദിക്കുകയും ചെയ്‌തു. 
രാഷ്‌ട്രീയത്തിന്‌ അതീതമായി എല്ലാവരുമായി ഊഷ്‌മള ബന്ധം കാത്തുസൂക്ഷിച്ച കോടിയേരിക്ക്‌ പാണക്കാട്‌ തങ്ങൾമാരുമായി ആത്മബന്ധമുണ്ടായിരുന്നു. പാണക്കാട്‌ ഹൈദരലി ശിഹാബ്‌ തങ്ങൾ അന്തരിച്ചതിന്‌ തൊട്ടടുത്ത ദിവസം തന്റെ ആരോഗ്യംപോലും വകവയ്ക്കാതെ അദ്ദേഹം പാണക്കാട്‌ എത്തി ഹൈദരലി തങ്ങളുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. ഏപ്രിൽ 26ന്‌ ജില്ലാ കമ്മിറ്റി ഓഫീസിൽ നടന്ന സിപിഐ എം ജില്ലാ കമ്മിറ്റി യോഗത്തിൽ പങ്കെടുക്കാനാണ്‌ അദ്ദേഹം അവസാനമായി ജില്ലയിൽ എത്തിയത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top