18 April Thursday

ലഹരിയൊഴുകും 
കൊറിയർ വഴികൾ

സുധ സുന്ദരൻUpdated: Sunday Oct 2, 2022
മലപ്പുറം
കുട്ടികളിലും യുവാക്കളിലും ലഹരി ഉൽപ്പന്നങ്ങളുടെ ഉപയോഗവും വിപണനവും ദിനംപ്രതി വർധിച്ചുവരികയാണ്‌. കർശന പരിശോധനകളെ മറികടന്ന്‌ വൈവിധ്യ രീതികളാണ്‌ ലഹരി കടത്തിനും വിൽപ്പനക്കും കൈമാറ്റത്തിനും ഉപയോഗിക്കുന്നത്‌. കൊറിയർവഴിയുള്ള ലഹരികടത്താണ്‌ പുതിയ വെല്ലുവിളി. എംഡിഎംഎ, എൽഎസ്‌ഡി (സ്റ്റിക്കർ), കൊക്കെയ്‌ൻ, മെത്ത്‌, ഹെറോയിൻ തുടങ്ങിയ ന്യൂജെൻ ലഹരി ഉൽപ്പന്നങ്ങളാണ്‌ പുതുവഴികളിലൂടെ ആവശ്യക്കാർക്കുമുന്നിൽ എത്തുന്നത്‌. വിപണനം കൂടുതലായും യുവാക്കളെ കേന്ദ്രീകരിച്ചാണ്‌ നടക്കുന്നത്‌.  
ബംഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്നാണ്‌ എംഡിഎംഎ ഉൾപ്പെടെയുള്ള ന്യൂജെൻ ലഹരിവസ്‌തുക്കൾ ജില്ലയിലേക്ക്‌ കൂടുതലായും എത്തുന്നത്‌ എന്നാണ്‌ എക്‌സൈസിന്റെ വിലയിരുത്തൽ. ഓൺലൈൻ സൈറ്റുകളിലൂടെയും സോഷ്യൽ മീഡിയ ഗ്രൂപ്പുകളിലൂടെയും ലഹരി ഉൽപ്പന്നങ്ങൾ വാങ്ങുന്നവരും കൂടുതലാണ്‌. ഇത്തരം കച്ചവടത്തിലും ലഹരി ഉൽപ്പന്നങ്ങൾ കൊറിയർ /പാർസൽവഴിയാണ്‌ എത്തിക്കുന്നത്‌. 
കഴിഞ്ഞ ആഗസ്ത്‌ രണ്ടിന്‌ കോട്ടക്കലിൽ കൊറിയർവഴി കടത്താൻ ശ്രമിച്ച  54 ഗ്രാം എംഡിഎംഎ എക്സൈസ് പിടിച്ചെടുത്തിരുന്നു. കോട്ടക്കലിൽ പ്രവർത്തിക്കുന്ന കൊറിയർ കേന്ദ്രത്തിലേക്ക് എത്തിയ പാർസലിലിൽനിന്നാണ് എംഡിഎംഎ കണ്ടെടുത്തത്. പ്രതി ബംഗളൂരുവിൽനിന്ന് പാർസൽവഴിയാണ് മയക്കുമരുന്ന് കോട്ടക്കലിൽ എത്തിച്ചത്. തുടർന്ന് എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ പ്രതിയെ പിടികൂടുകയായിരുന്നു. സെപ്‌തംബർ 24ന്‌ കൊറിയർവഴി കടത്താൻ ശ്രമിച്ച എൽഎസ്‌ഡിയും എക്‌സൈസ്‌ പിടിച്ചെടുത്തിരുന്നു. 8.411 ഗ്രാം എൽഎസ്‌ഡിയാണ്‌ പിടിച്ചെടുത്തത്‌. ഇതും  ബംഗളൂരുവിൽനിന്നാണ്‌ എത്തിയത്‌.  
ട്രെയിനിലും 
ഒഴുകിയെത്തും 
ട്രെയിൻവഴിയുള്ള ലഹരി വരവും കൂടുതലാണ്‌. ട്രെയിനുകളിലെ തിരക്കും ശക്തമായ പരിശോധനയില്ലാത്തതും ഇതിനു കാരണമാണ്‌. തിരൂർ റെയിൽവേ സ്റ്റേഷനിൽനിന്ന് സെപ്‌തംബർ 10ന്‌ 30 ലക്ഷത്തിലേറെ രൂപയുടെ ലഹരിമരുന്ന് പിടികൂടിയിരുന്നു. 30.58 ഗ്രാം എംഡിഎംഎ, 7.98 ഗ്രാം ബ്രൗൺ ഷുഗർ, 12.51 ഗ്രാം വൈറ്റ് എംഡിഎംഎ, എട്ടര കിലോ കഞ്ചാവ്  എന്നിവയാണ് പിടികൂടിയത്. 
പിടിവീഴും 
ലഹരി വിപണനം തടയാൻ  ജില്ലയിൽ എക്‌സൈസ്‌, പൊലീസ്‌  പരിശോധന ശക്തമാണ്‌. പുതുവഴികളിൽ ലഹരി ഉൽപ്പന്നങ്ങൾ എത്തുമ്പോഴും വിപണനം നടക്കാതെ പിടികൂടാൻ  കഴിയുന്നുണ്ട്‌. അതിർത്തികളും ഓൺലൈൻ സർവീസുകൾ കേന്ദ്രീകരിച്ചും പരിശോധന നടക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top