28 March Thursday

കരിപ്പൂരിൽ 13 യാത്രക്കാരിൽനിന്ന് 9 കിലോ സ്വർണം പിടിച്ചു

വെബ് ഡെസ്‌ക്‌Updated: Tuesday Aug 2, 2022

കരിപ്പൂരിൽ പിടികൂടിയ സ്വർണം

കരിപ്പൂർ
വിമാനത്താവളത്തിൽ മണിക്കൂറുകൾ നീണ്ട പരിശോധനയിൽ 13 യാത്രക്കാരിൽനിന്നായി ഒമ്പത് കിലോ സ്വർണം പിടികൂടി. ഓപറേഷൻ ടൊർണാഡോ എന്ന പേരിൽ കൊച്ചി, കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ്‌ വിഭാഗവും കരിപ്പൂർ കസ്റ്റംസും നടത്തിയ സംയുക്ത ഓപറേഷനിലാണ് അഞ്ചുകോടിയോളം രൂപയുടെ സ്വർണവുമായി 13 യാത്രക്കാർ പിടിയിലായത്. ദുബായ്, സൗദി, കുവൈത്ത്‌  സെക്ടറിൽനിന്നെത്തിയ വിമാനങ്ങളിലെ യാത്രക്കാരാണ് ഇവർ. ക്യാപ്സ്യൂൾ രൂപത്തിൽ ശരീരത്തിൽ ഒളിച്ചുകടത്താൻ ശ്രമിച്ച സ്വർണമാണ്‌ പിടികൂടിയത്‌.  
കരിപ്പൂർ വിമാനത്താവളത്തിലേക്ക് വൻതോതിൽ സ്വർണമെത്തുന്നുണ്ടെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രത്യേക മിന്നൽ പരിശോധന. പരിശോധനയിൽ കൊച്ചി, കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ്‌, കരിപ്പൂർ കസ്റ്റംസ് യൂണിറ്റുകളിൽനിന്നായി മുപ്പത് ഉദ്യോഗസ്ഥർ പങ്കെടുത്തു. ഞായറാഴ്ച രാത്രി പത്തിന്‌ തുടങ്ങിയ പരിശോധന 13 മണിക്കൂർ നീണ്ടു. സ്വർണമിശ്രിതം വേർതിരിച്ചശേഷമാണ് ഒമ്പതുകിലോ സ്വർണം ലഭിച്ചത്. 
കൊച്ചി, കോഴിക്കോട് കസ്റ്റംസ് പ്രിവന്റീവ്‌ വിഭാഗം നടത്തിയ പരിശോധനയിൽ ആറുകിലോയോളം സ്വർണമാണ്‌ പികൂടിയത്‌. ഓപറേഷൻ ടൊർണാഡോക്കുശേഷം കരിപ്പൂർ കസ്റ്റംസ് നടത്തിയ പരിശോധനയിലാണ് മൂന്ന് കിലോയോളം സ്വർണമിശ്രിതവുമായി മറ്റ് മൂന്ന് യാത്രക്കാർ പിടിയിലായത്. ജിദ്ദയിൽനിന്നുവന്ന നിലമ്പൂർ അകമ്പാടം എരഞ്ഞിമങ്ങാട് നൗഷാദിൽനിന്ന്‌ 842 ഗ്രാമും, മഞ്ചേരി തോട്ടക്കാട് പള്ളിയാളി മുസ്‌തഫയിൽനിന്ന്‌ 957 ഗ്രാമും മലപ്പുറം കൂട്ടിലങ്ങാടി തരമ്പൻ അബ്ദു നാസറിൽനിന്ന്‌ 1165 ഗ്രാം സ്വർണമിശ്രിതവുമാണ് പിടികൂടിയത്‌. ഇവരും ശരീരത്തിന്റെ സ്വകാര്യഭാഗത്ത് ഒളിപ്പിച്ചായിരുന്നു സ്വർണം  കൊണ്ടുവന്നത്. 
കരിപ്പൂർ വിമാനത്താവളംവഴി കടത്താൻ ശ്രമിച്ച 1.20 കോടി രൂപയുടെ സ്വർണവുമായി കഴിഞ്ഞ ദിവസം എയർ അറേബ്യ കസ്റ്റമർ കെയർ ഏജന്റ് പെരിന്തൽമണ്ണ സ്വദേശി മുഹമ്മദ് ഷമീം പിടിയിലായിരുന്നു. ഇതിന് പിന്നാലെയാണ് വൻ സ്വർണവേട്ട നടന്നത്. സ്വർണക്കടത്തിന് പിന്നിലെ സംഘത്തെപ്പറ്റി വിവരം ലഭിച്ചതായും  സൂചനയുണ്ട്.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top