17 April Wednesday

‘അ’ ചൊല്ലിത്തുടങ്ങി

സ്വന്തം ലേഖികUpdated: Friday Jun 2, 2023
മലപ്പുറം
‘അറിവു പൂവുകൾ വിടർന്നൊരീ
വസന്തവാടിയിൽ
ലഹരി വണ്ടുകൾ കടിച്ചിടാതെ കാവലാകണം
കരുതലും കരുത്തുമുള്ള
പുതിയ തലമുറയ്ക്ക്‌ നാം പുതിയ പാഠമാവണം’ 
 
ആഹ്ലാദവും ആരവങ്ങളും നിറഞ്ഞാടിയ ഉത്സവാന്തരീക്ഷത്തിൽ പുത്തനുടുപ്പും ബാഗും വർണബലൂണുകളുമായി കുരുന്നുകൾ അക്ഷരമുറ്റത്തേക്ക്. പുതുസ്വപ്നങ്ങളുമായി രക്ഷിതാക്കളുടെ കൈപിടിച്ചെത്തിയ കുരുന്നുകളെ അധ്യാപകരും മുതിർന്ന കുട്ടികളും മധുരം നൽകി സ്വീകരിച്ചു. നിറഞ്ഞ കണ്ണുകളെ  ആശ്വസിപ്പിച്ചും കൂട്ടുകൂടിയും കുരുന്നുകൾ പരസ്‌പരം തണലായി. 
മികച്ച അക്കാദമിക്‌–-അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയാണ്‌ വിദ്യാലയങ്ങൾ  നവാഗതരെ സ്വാഗതംചെയ്‌തത്‌. വിദ്യാലയങ്ങളിൽ വൈവിധ്യങ്ങളായ പരിപാടികളും ഒരുക്കിയിരുന്നു. പ്രീ പ്രൈമറിതലത്തിൽ പാർക്കുകളും സജ്ജമാക്കിയിരുന്നു. 
പ്രവേശനോത്സവത്തിന്റെ ജില്ലാതല  ഉദ്ഘാടനം കൽപ്പകഞ്ചേരി ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ മന്ത്രി വി അബ്ദുറഹ്മാൻ നിർവഹിച്ചു. സ്‌കൂളിൽ ഒരുക്കിയ അക്കാദമിക മികവ് പ്രദർശനത്തിന്റെ ഉദ്ഘാടനവും മന്ത്രി നിർവഹിച്ചു. കുറുക്കോളി മൊയ്തീൻ എംഎൽഎ അധ്യക്ഷനായി. പരീക്ഷകളിൽ ഉന്നത വിജയംനേടിയവർക്കുള്ള ഉപഹാരവും ‘ലഹരിമുക്ത കേരളം’ സന്ദേശത്തിന്റെ ഭാഗമായി ഭിന്നശേഷി കുട്ടികൾ നിർമിച്ച 1000 പേപ്പർ പേനകളും മന്ത്രിയും എംഎൽഎയും ചേർന്ന്‌ വിതരണംചെയ്തു. ജില്ലാ പഞ്ചായത്ത് വിദ്യാഭ്യാസ സ്ഥിരംസമിതി അധ്യക്ഷ നസീബ അസീസ്, കൽപ്പകഞ്ചേരി പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടിയാട്ടിൽ ബഷീർ, ഹയർ സെക്കൻഡറി മേഖലാ ഉപ ഡയറക്ടർ  ഡോ. പി എം അനിൽ, വിദ്യാഭ്യാസ ഉപ ഡയറക്ടർ കെ പി രമേഷ്‌കുമാർ, വിഎച്ച്എസ്‌ഇ അസി. ഡയറക്ടർ എം ഉബൈദുല്ല, ഡയറ്റ് പ്രിൻസിപ്പൽ ടി വി ഗോപകുമാർ, സമഗ്ര ശിക്ഷാ കേരള ജില്ലാ പ്രോഗ്രാം കോ–-ഓർഡിനേറ്റർ പി മനോജ് കുമാർ, ജില്ലാ പ്രോഗ്രാം ഓഫീസർ സുരേഷ് കൊളശേരി, കൈറ്റ് ജില്ലാ കോ–-ഓർഡിനേറ്റർ അബ്ദുൽ റഷീദ്, നശാമുക്ത് ഭാരത് അഭിയാൻ ജില്ലാ കോ–-ഓർഡിനേറ്റർ ബി ഹരികുമാർ, അസി. ജില്ലാ കോ–-ഓർഡിനേറ്റർ ഇസ്ഹാഖ്, കൽപ്പകഞ്ചേരി പഞ്ചായത്ത് സ്ഥിരംസമിതി അധ്യക്ഷ സി പി ജുബൈരിയ, കുറ്റിപ്പുറം ബ്ലോക്ക് പഞ്ചായത്ത് മെമ്പർ സി സാഹിറ, വാർഡംഗം സുഹറാബി എന്നിവർ സംസാരിച്ചു.  
 
ഹൃദ്യം ഹരിതം
പൂർണമായും ഹരിതചട്ടങ്ങൾ പാലിച്ചായിരുന്നു ജില്ലാതല പ്രവേശനോത്സവം. മനോഹരമായി അണിയിച്ചൊരുക്കിയ സ്കൂൾ അങ്കണത്തിൽ പൊതുവിദ്യാഭ്യാസ മികവ് പ്രദർശനം, ക്യാൻവാസ്‌ ചിത്രരചന, ലിറ്റിൽ കൈറ്റ്‌സ് സ്റ്റാൾ, സ്‌കൗട്ട്‌–-ഗൈഡ്‌ സ്റ്റാൾ, ഗണിത–-സയൻസ്‌ സ്റ്റാൾ, ഭിന്നശേഷി കുട്ടികളുടെ ഉൽപ്പന്നങ്ങൾ എന്നിവയുടെ പ്രദർശനങ്ങളും ശ്രദ്ധനേടി. ഒപ്പന, തിരുവാതിരകളി, നാടൻപാട്ട്‌ എന്നിവയും അരങ്ങേറി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top