29 March Friday

ഉയർച്ചതാഴ്‌ചകൾക്കതീതമായ സ്‌നേഹമേ...

വെബ് ഡെസ്‌ക്‌Updated: Friday Jun 2, 2023

ആതിര കെ അനീഷ്

എടക്കര

സ്കൂൾ തുറക്കുംമുമ്പ് സാധനങ്ങൾ വാങ്ങാൻ അച്ഛനൊപ്പം പോത്തുകല്ല് ടൗണിലെത്തിയതാണ്‌ ആതിര. സമയം രാത്രി എട്ടാകാറായി. ടൗണിൽ അത്യാവശ്യം തിരക്കുണ്ട്‌. അതിനിടയിലാണ്‌  അന്ധനായ ഭർത്താവിനൊപ്പം കൈക്കുഞ്ഞുമായി പാട്ട്‌ പാടുന്ന ഒരുമ്മയെ കാണുന്നത്‌. റോഡരികിൽ ബക്കറ്റുവച്ചിട്ടുണ്ട്‌. തുടർച്ചയായി പാടിയതിനാലാകാം ഇരുവരും നന്നേ ക്ഷീണിച്ചിരിക്കുന്നു. പകൽ ആരംഭിച്ച തെരുവുപാട്ടാണ്‌ രാത്രിയും തുടരുന്നത്‌. പാട്ടിനിടെയുണ്ടാകുന്ന ഉമ്മയുടെ ശബ്ദത്തിന്റെ ഇടർച്ചയിൽ ആതിരയുടെ ശ്രദ്ധയുടക്കി. അധികം ആലോചിച്ചില്ല, റോഡ് മുറിച്ച്‌ അടുത്തുചെന്നു. "നിങ്ങൾ അൽപ്പം വിശ്രമിച്ചോളൂ...  രണ്ട് പാട്ട് ഞാൻ പാടാം'–- ആതിര ഒപ്പംചേർന്നു. 
"ലാ ഇലാഹ ഇല്ലല്ലാഹു മുഹമ്മദ്‌ റസൂലുള്ളാഹ്...,
താലോലം താലോലം താലോലം കുഞ്ഞേ 
താലോലം കേട്ട് നീ ഉറങ്ങണം...’  
മനോഹരമായ ശബ്ദവും സഹജീവിസ്നേഹവും കണ്ടരുടെ ഹൃദയംനിറച്ചു. കൂടുതൽ പേർ പാട്ട്‌ ശ്രദ്ധിച്ചു. പലരും ബക്കറ്റിൽ പണമിട്ടു. നാട്ടുകാരിൽ ചിലർ ദൃശ്യം പകർത്തി സമൂഹമാധ്യമത്തിലും പങ്കുവച്ചു. നിരവധി പേർ പാട്ട്‌ കണ്ടു. എല്ലാം വർഗീയമായി ചിത്രീകരിക്കുന്നവർക്കുള്ള മറുപടിയാണ് ആതിര, ദി റിയൽ കേരള സ്റ്റോറി–- കമന്റുകളായി അഭിനന്ദനക്കുറിപ്പ്‌ നിറഞ്ഞു.
പോത്തുകല്ല് കാതോലിക്കേറ്റ് ഹയർ സെക്കൻഡറി സ്കൂൾ പത്താം ക്ലാസ്‌ വിദ്യാർഥിയാണ് ആതിര കെ അനീഷ്. പോത്തുകല്ല് പാതാർ സ്വദേശിയാണ്‌. ഉരുൾപൊട്ടൽ ഭീതിയുള്ള പ്രദേശമായതിനാൽ  പോത്തുകല്ല് ടൗണിൽ വാടക വീട്ടിലാണ് താമസം.

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top