25 April Thursday

ആംബുലൻസുമാകും 
ആനവണ്ടി!

വെബ് ഡെസ്‌ക്‌Updated: Sunday Apr 2, 2023
വണ്ടൂർ
ചേർത്തല–- -നിലമ്പൂർ റൂട്ടിലോടുന്ന കെഎസ്ആർടിസി കഴിഞ്ഞ ദിവസം ഒന്നു വഴിമാറി സഞ്ചരിച്ചു. ദേശീയപാതവിട്ട്‌ ഇടുങ്ങിയ വഴിയിലൂടെ അൽപ്പം സാഹസികമായായിരുന്നു യാത്ര. വണ്ടൂർ താലൂക്കാശുപത്രി മുറ്റത്താണ്‌ ആ യാത്ര അവസാനിച്ചത്‌. നെഞ്ചുവേദനയെ തുടർന്ന്‌ കുഴഞ്ഞുവീണ യാത്രക്കാരിക്ക്‌ അടിയന്തര വൈദ്യസഹായമെത്തിക്കാനാണ്‌ ബസ്‌ റൂട്ട്‌മാറി സഞ്ചരിച്ചത്‌. 
തൃശൂരിൽനിന്ന് ശനിയാഴ്ച വണ്ടൂരിലേക്ക്‌ ബസ്‌ കയറിയ മണ്ണുത്തി സ്വദേശിനി വാക്കിപ്പടി ബിന്ദുവി (45)ന് യാത്രക്കിടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. പകല്‍ 1.30ഓടെ വണ്ടൂരിൽ എത്തുന്നതിന്‌ തൊട്ടുമുമ്പ്‌ ബിന്ദു കുഴഞ്ഞു വീണു. ഉടൻ കണ്ടക്ടർ കെ സുനിൽകുമാർ സംഭവം ഡ്രൈവർ ബി ഇ വർഗീസിന്റെ ശ്രദ്ധയിൽപ്പെടുത്തി. എത്രയും വേഗം ബിന്ദുവിനെ ആശുപത്രിയിലെത്തിക്കുകയായിരുന്നു അടുത്ത ലക്ഷ്യം.
യാത്രക്കാരും ഒപ്പംനിന്നു. ഇടുങ്ങിയ വഴിയിലൂടെ സാഹസികമായായിരുന്നു യാത്ര. വണ്ടൂർ താലൂക്കാശുപത്രിയിലെ അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിച്ച ബിന്ദുവിന് പ്രഥമ ശ്രുഷൂഷ നൽകിയതോടെ ബോധംതെളിഞ്ഞു. ഹൃദ്രോഗിയായ ബിന്ദു രാവിലെ കാര്യമായി ഒന്നും കഴിച്ചിരുന്നില്ല. 
വാട്സ് ആപ്പ് ഗ്രൂപ്പായ തെളിനീർ വിതരണംചെയ്യുന്ന ഭക്ഷ്യകിറ്റ് വാങ്ങുന്നതിനാണ് വണ്ടൂരിലേക്ക് യാത്ര പുറപ്പെട്ടിരുന്നത്. വിവരമറിഞ്ഞ് വണ്ടൂർ പൊലീസും സ്ഥലത്ത് എത്തി. ജീവകാരുണ്യ പ്രവർത്തക കെ സി നിർമ്മല ഒരുമാസത്തേക്കുളള ഭക്ഷ്യകിറ്റിനുള്ള പണവും തിരികെ പോകാനുള്ള യാത്രാക്കൂലിയും ബിന്ദുവിന് നൽകി. ബിന്ദുവിനെ ബന്ധുക്കളെത്തി തൃശൂരിലേക്ക് കൂട്ടിക്കൊണ്ടുപോയി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top