25 April Thursday

പേരക്കുട്ടികൾക്കൊപ്പം നിറഞ്ഞാടി കഥകളി ആചാര്യൻ

സ്വന്തം ലേഖകൻUpdated: Sunday Apr 2, 2023

കഥകളി ആചാര്യന്‍ കോട്ടക്കല്‍ നന്ദകുമാരന്‍ നായരും പേരക്കുട്ടികളും കളിയരങ്ങില്‍

മഞ്ചേരി 
കളിയരങ്ങിൽ പേരക്കുട്ടികൾക്കൊപ്പം നിറഞ്ഞാടി കഥകളി ആചാര്യൻ. മഞ്ചേരി അരുകിഴായ ജിഎൽപി സ്‌കൂൾ പ്രധാനാധ്യാപിക അനിതയുടെ യാത്രയയപ്പിനോട് അനുബന്ധിച്ചാണ് കോട്ടക്കൽ നന്ദകുമാരൻ നായരും മൂത്തമകളുടെ മകൻ അനിരുദ്ധും ഇളയമകളുടെ മകൻ അച്യുതനും കഥകളി അവതരിപ്പിച്ചത്. ലവണാസുരവധം കഥകളിയിൽ ഹനുമാനായി നന്ദകുമാരൻ നായരും കുശനായി അനിരുദ്ധും ലവനായി അച്യുതനും വേഷമിട്ടു. 
സ്വദേശത്തും വിദേശത്തുമായി നിരവധി വേദികളിൽ നന്ദകുമാരൻ കഥകളി അവതരിപ്പിച്ചിട്ടുണ്ടെങ്കിലും പേരക്കുട്ടികളോടൊപ്പം ഇതാദ്യം. കഥകളിക്കുള്ള 2019ലെ കേന്ദ്ര സംഗീത നാടക അക്കാദമി അവാർഡ് ജേതാവുകൂടിയാണ് നന്ദകുമാരൻ.  കടമ്പൂർ ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക അനിതാ നന്ദന്റെയും ഷൊർണൂർ സീനിയർ സിവിൽ പൊലീസ് ഓഫീസർ കെ സുനിന്റെയും മകനാണ് അനിരുദ്ധ്. മഞ്ചേരി എൻഎസ്എസ് കോളേജ്‌ ഇംഗ്ലീഷ് വിഭാഗം അസി. പ്രൊഫസർ ഡോ. ആതിരാ നന്ദന്റെയും അഡ്വ. അനൂപ് പറക്കാട്ടിന്റെയും മകനാണ് അച്യുതൻ. 
കോട്ടക്കൽ ബാലനാരായണൻ, ആർ എൽ വി പ്രമോദ്, കലാമണ്ഡലം വിശാഖ്, അഭിജിത്ത് വാര്യർ, സാരംഗ് പുല്ലൂർ, കൃഷ്ണ പ്രവീൺ പൊതുവാൾ, കലാമണ്ഡലം വിഷ്ണു, കലാനിലയം പത്മനാഭൻ, കലാനിലയം രാജീവ്, കോട്ടക്കൽ കുഞ്ഞിരാമൻ എന്നിവർ പിന്നണിയിലുണ്ടായി. സമൂഹ നോമ്പുതുറക്ക് ശേഷമാണ് കഥകളി ആരംഭിച്ചത്. ചടങ്ങിൽ കോട്ടക്കൽ നന്ദകുമാരൻ നായരെ ആദരിച്ചു. 
യാത്രയയപ്പ് സമ്മേളനം അഡ്വ. യു എ ലത്തീഫ് എംഎൽഎ ഉദ്ഘാടനംചെയ്തു. ജില്ലാ പഞ്ചായത്തംഗം അഡ്വ. പി വി എ മനാഫ്, ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ കെ സുനിത,  സജിത വിജയൻ എന്നിവർ സംസാരിച്ചു. മഞ്ചേരി ഹരിദാസിന്റെ തായമ്പക, നവചേതന അവതരിപ്പിച്ച നാടൻപാട്ട്, ഫുഡ് ഫെസ്റ്റ്, ജനു മഞ്ചേരി നയിച്ച അഭിനയ കളരി, യുറീക്ക അസോസിയേഃഃഃഃറ്റ് എഡിറ്റർ പി എം നാരായണൻ നയിച്ച കഥകളി പരിചയം എന്നിവയും നടന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top