27 April Saturday

സഞ്ചാരികളെ ഇതിലേ.. പുതുവർഷത്തിൽ പുത്തനാകാൻ ഇക്കോ ടൂറിസം കേന്ദ്രങ്ങൾ

സ്വന്തം ലേഖകൻUpdated: Thursday Dec 1, 2022

നിര്‍മാണം പുരോ​ഗമിക്കുന്ന നെടുങ്കയം (കരിമ്പുഴ വന്യജീവി സങ്കേതം) 
ഇക്കോ ടൂറിസം കേന്ദ്രത്തിലേക്കുള്ള കവാടം

 നിലമ്പൂർ

വിശ്രാന്തിയുടെ മലമുടി കയറാൻ, തെളിനീരരുവിയുടെ കുളിരറിയാൻ പ്രകൃതി വിളിക്കുന്നു. സഞ്ചാരികളെ സ്വീകരിക്കാൻ പുതുമയോടെ ഒരുങ്ങുകയാണ്‌ വനംവകുപ്പിന്റെ  ഇക്കോ ടൂറിസം കേന്ദ്രങ്ങൾ. 
  കരുളായി നെടുങ്കയം (കരിമ്പുഴ വന്യജീവി സങ്കേതം), കനോലി പ്ലോട്ട്, കോഴിപ്പാറ വെള്ളച്ചാട്ടം, കൊടികുത്തിമല എന്നിവയാണ്‌ പുതുവർഷത്തിലേക്കൊരുങ്ങുന്നത്. കാലവർഷക്കെടുതിയിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ പലതും നശിക്കുകയും യാത്രികർ കുറയുകയുംചെയ്‌തു. കോവിഡും വില്ലനായി. അതെല്ലാം പരിഹരിക്കാനും ആളുകളെ ആകർഷിക്കാനുമാണ്‌ പദ്ധതി. 
  സൗത്ത് ഡിവിഷനു കീഴിലെ  കരുളായി നെടുങ്കയത്ത് 1.23 കോടിയുടെ ഇക്കോ ടൂറിസം പദ്ധതി നടപ്പാക്കും. സഞ്ചാരികൾക്ക് താമസിക്കാനായി ഡോർമെറ്ററി,  അമിനിറ്റി സെന്റർ, ശവകുടീരം മോടിപിടിപ്പിക്കൽ, നെടുങ്കയത്തിനും കരിമ്പുഴ വന്യജീവിസങ്കേതത്തിനും ചേർത്ത് പ്രവേശനകവാടം നിർമിക്കൽ, കുട്ടികൾക്ക്‌ കളിക്കാനുള്ള ചെറിയ പാർക്ക്, ഇരിപ്പിടങ്ങൾ,  ഡിഎഫ്ഒ ബംഗ്ലാവ് ഭംഗിയാക്കൽ, പുഴയുടെ വശങ്ങൾകെട്ടി ആകർഷകമാക്കൽ എന്നീ പ്രവൃത്തികളാണ് പൂർത്തിയാക്കുക. 
 നിലമ്പൂർ നോർത്ത് ഡിവിഷന്റെ കീഴിലെ കനോലി പ്ലോട്ടിലെ പദ്ധതിക്കായി കേന്ദ്ര സർക്കാർ 70 ലക്ഷം രൂപ അനുവദിച്ചുണ്ട്. ഒന്നാം ഗഡുവായി 49 ലക്ഷം രൂപ ചെലവഴിച്ചു. പെരിന്തൽമണ്ണ കൊടികുത്തിമലയിൽ 40 ലക്ഷം രൂപയുടെ പ്രവൃത്തി തുടങ്ങി. പദ്ധതിയുടെ ഭാഗമായി രണ്ട് ടൂറിസം കേന്ദ്രങ്ങളിലും ശലഭോദ്യാനം, പുഷ്പോദ്യാനം, നക്ഷത്രവനം എന്നിവയുടെ ജോലികൾ ആരംഭിച്ചു. വനം പാർക്ക്,  പ്രവേശനകവാടം, ലഘുഭക്ഷണശാല, ഇരിപ്പിടങ്ങൾ, വനംവകുപ്പിന്റെ ചരിത്രാടയാളങ്ങൾ, പൊതുജനങ്ങൾക്ക് പ്രഭാത, സായാഹ്ന സവാരിക്ക് നടപ്പാത എന്നിവ ഒരുക്കും. കോഴിപ്പാറയിൽ സുരക്ഷാ മാർ​ഗങ്ങൾ ഉൾപ്പെടെയുള്ളവ സജ്ജമാക്കും.
 
എന്നാൽ 
ഗവിയിലേക്കു പോകാം
മലപ്പുറം 
കെഎസ്ആർടിസിയുടെ മൂന്ന് ഡിപ്പോകളിൽനിന്ന് ഗവിയിലേക്ക് ഉല്ലാസയാത്ര. മലപ്പുറം, പെരിന്തൽമണ്ണ, നിലമ്പൂർ എന്നിവിടങ്ങളിൽനിന്നാണിത്‌. മലപ്പുറം ഡിപ്പോയിൽനിന്ന് 10നും പെരിന്തൽമണ്ണയിൽനിന്ന് 20നുമാണ് യാത്ര. നിലമ്പൂരിൽനിന്ന് 17നും 30നും പുറപ്പെടുന്ന രണ്ട്‌ ട്രിപ്പുകളുണ്ട്. പത്തനംതിട്ടവഴിയാണ് പോവുക. ആദ്യദിനം പുലർച്ചെ പുറപ്പെട്ട് കുമരകത്ത് ബോട്ടിങ്ങിനുശേഷം രാത്രി പത്തനംതിട്ടയിൽ തങ്ങും. പിറ്റേന്ന് രാവിലെ ഏഴിന്‌ ഗവിയിലേക്ക് പോകും. ഗവിയിലും ബോട്ടിങ് ഉണ്ടാകും. ഉച്ചഭക്ഷണവും ബോട്ടിങ്ങും ഉൾപ്പെടെയാണ് പാക്കേജ്. ഫോൺ: മലപ്പുറം –9446389823, 9995726885, പെരിന്തൽമണ്ണ– 9048848436, 9544088226. നിലമ്പൂർ – 7012968595, 9846869969.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top