19 April Friday
സ്കൂൾ കലോത്സവം

അഭിനവ്‌ 
ആഘോഷിച്ചു മെസിയെപ്പോലെ

വെബ് ഡെസ്‌ക്‌Updated: Thursday Dec 1, 2022

അഭിനവ് 
എസ് രാജ്

തിരൂർ

ഹെെസ്കൂൾ വിഭാഗം ഓട്ടന്‍തുള്ളൽ മത്സരവേദി. -ഫലംവന്നപ്പോൾ  ബിഎച്ച്എസ് മാവണ്ടിയൂരിലെ ഒമ്പതാം ക്ലാസ് വിദ്യാർഥി അഭിനവ് എസ് രാജ് ഒന്നാമൻ. വിജയത്തെക്കുറിച്ച്‌ ചോദിച്ചപ്പോൾ "ലൂസെയിൽ സ്‌റ്റേഡിയത്തിൽ ആദ്യ ഗോൾ  നേടിയ മെസിയെപ്പോലെ' എന്ന്‌ കടുത്ത അർജന്റീന ആരാധകന്റെ മറുപടി. 

ആറാം ക്ലാസിൽ പഠിക്കുന്ന സമയത്ത് പങ്കജാക്ഷി ടീച്ചറുടെ നിർദേശപ്രകാരമാണ് അഭിനവ് എസ് രാജ്  ഓട്ടന്‍തുള്ളൽ പഠിക്കാൻ തുടങ്ങിയത്. ഇന്നത് ജീവിതത്തിന്റെ  ഭാഗം. കലാമണ്ഡലം ജിനേഷ് മാഷിന്റെ കീഴിൽ മൂന്ന് വർഷത്തോളമായി പഠിക്കുന്നു. കോവിഡ്‌ കാലത്ത്‌  ഓൺലൈനായി നടന്ന സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ
മോണോ ആക്ടിൽ വിജയിയായിരുന്നു. വടക്കുമ്പ്രം കെവിയുപി സ്കൂളിലെ അധ്യാപിക എം സനൂജയുടെയും ക്ഷേമനിധി ബോർഡിലെ ക്ലർക്കായ ജി രാജേഷിന്റെയും മകനാണ്.
ഏട്ടന്റെ പാത പിന്തുടർന്ന് അനിയത്തി ദേവനന്ദയും ഓട്ടന്‍തുള്ളൽ പഠിക്കുന്നുണ്ട്. സഹോദരൻ കാർത്തിക്.
 
"റഫറിക്ക്‌'  
മഞ്ഞ കാർഡ്‌
വിധിനിർണയത്തിനിടെ മത്സരം മൊബൈലിൽ പകർത്തിയ വിധികർത്താവിനെതിരെ നടപടി ആവശ്യപ്പെട്ട് ഡിപിഐക്ക് സംഘാടകരുടെ  പരാതി. ഹൈസ്കൂൾ വിഭാഗം ചവിട്ടുനാടകത്തിനിടെയാണ് വിധികർത്താക്കളിലൊരാളായ ലാലൻ എറണാകുളം മത്സരം  മൊബൈലിൽ പകർത്തിയത്. ഇത് രക്ഷിതാക്കൾ ചിത്രീകരിക്കുകയും സംഘാടകർക്ക് പരാതി നൽകുകയുമായിരുന്നു.  ഇതേ തുടർന്നാണ് വിധികർത്താവിനെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തണമെന്നാവശ്യപ്പെട്ട് ജില്ലാ വിദ്യാഭ്യാസ ഉപഡയറക്ടർ കെ പി രമേഷ് കുമാർ ഡിപിഐക്ക് പരാതി നൽകിയത്.
 
വരയിലും
നിറഞ്ഞു
കാൽപ്പന്ത്‌
ലോകം കാൽപ്പന്തിനൊപ്പം പായുമ്പോൾ കാർട്ടൂൺ മത്സരത്തിലും ആവേശംപകർന്ന്‌ ലോകകപ്പ്‌.  ഹയർ സെക്കൻഡറി വിഭാഗം കാർട്ടൂൺ മത്സരത്തിലാണ്‌  ‘ലോകകപ്പും മലയാളികളും’ വിഷയമായെത്തിയത്‌. മലയാളക്കരയുടെ ലോകകപ്പ്‌ ആഘോഷവും ആരവങ്ങളും അതിരുവിടുന്ന ആരാധനയും വരയിൽ തെളിഞ്ഞു.
മഞ്ചേരി എച്ച്‌എംവൈഎച്ച്‌എസ്‌എസ്‌ പ്ലസ്‌വൺ  വിദ്യാർഥി കെ റിജേഷ്‌ രാജാണ്‌ ഒന്നാംസ്ഥാനം നേടിയത്. മൂന്നാംക്ലാസ്‌ പഠനകാലത്താണ്‌ റിജേഷ്‌ ചിത്രരചന പഠിക്കുന്നത്‌. ഇടയ്ക്ക്‌  ചിത്രരചന പഠനം നിർത്തിയെങ്കിലും മത്സരങ്ങളിൽ പങ്കെടുക്കാറുണ്ടായിരുന്നു.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top