25 April Thursday

ബോധവല്‍ക്കരണവുമായി ആരോഗ്യവകുപ്പ്‌

വെബ് ഡെസ്‌ക്‌Updated: Wednesday Dec 1, 2021

ലോക എയ്‍ഡ്സ് ദിനാചരണ ഭാഗമായി മലപ്പുറത്ത് ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ദീപം തെളിയിച്ചപ്പോൾ‌

മലപ്പുറം

‘‘അസമത്വങ്ങൾ അവസാനിപ്പിക്കാം, എയ്‌ഡ്സും മഹാമാരികളും ഇല്ലാതാക്കാം’’ സന്ദേശവുമായി എയ്‌ഡ്‌സ്‌ ദിനാചരണത്തിന്റെ ഭാഗമായി വിപുലമായ ബോധവല്‍ക്കരണവുമായി ആരോഗ്യ വകുപ്പ്‌. രാജ്യത്ത്‌ യുവാക്കൾക്കിടയിൽ എച്ച്‌ഐവി ബാധിക്കുന്നവരുടെ അനുപാതം വർധിക്കുന്ന സാഹചര്യത്തിൽ ഈ വിഭാഗത്തെ ലക്ഷ്യമിട്ട്‌ പ്രത്യേക പ്രവർത്തനങ്ങളും നടത്തും. ഹയർ സെക്കൻഡറി തലത്തിലും കോളേജുകളിലും ബോധവല്‍ക്കരണ ക്യാമ്പയിനുകൾ ആരംഭിക്കാനുള്ള തയ്യാറെടുപ്പിലാണ്‌ അധികൃതർ. വൈറസ്‌ ബാധിക്കാനുള്ള സാധ്യതയേറിയ ഹൈറിസ്‌ക്‌ വിഭാഗത്തിലായിരുന്നു നേരത്തെ രോഗം കണ്ടെത്തിയിരുന്നതെങ്കിൽ ഇപ്പോൾ അതിൽ കുറവ്‌ വന്നിട്ടുണ്ടെന്ന്‌ ജില്ലാ ടിബി ഓഫീസർ ഡോ. ടി ഷുബിൻ പറഞ്ഞു. പൊതുവായി എയ്‌ഡ്‌സ്‌ വ്യാപനത്തിൽ കുറവുവന്നിട്ടുണ്ടെന്ന്‌ കണക്കുകൾ സൂചിപ്പിക്കുന്നു. രാജ്യത്ത്‌ 18 വയസ്സിന്‌ മുകളിലുള്ളവരുടെ എച്ച്‌ഐവി അണുബാധ സാന്ദ്രത 0.22 ആണെങ്കിൽ കേരളത്തിൽ അത്‌ വളരെ കുറവാണ്‌–- 0.08. ജില്ലയിൽ ഈ വർഷം 23 പേർക്കാണ്‌ എച്ച്‌ഐവി സ്ഥിരീകരിച്ചത്‌. നിലവിൽ മലപ്പുറത്ത്‌ എച്ച്‌ഐവി അണുബാധിതരുടെ കൂട്ടായ്‌മയിൽ 827 പേരാണുള്ളത്‌. യുവാക്കളിൽ കൃത്യമായ ലൈംഗിക വിദ്യാഭ്യാസത്തിന്റെ അപര്യാപ്‌തത പരിഹരിക്കാനാവശ്യമായ ഇടപെടലുകളുമുണ്ടാകും. ലൈംഗിക രോഗങ്ങളുടെ പരിശോധനയ്‌ക്കും ചികിത്സയ്‌ക്കുമായി വിവിധ സംവിധാനങ്ങൾ ജില്ലയിൽ പ്രവർത്തിക്കുന്നുണ്ട്‌. എട്ട്‌ ഐസിടിസികളും 63 എഫ്‌ഐസിടിസികളും സർക്കാർ തലത്തിൽ പ്രവർത്തിക്കുന്നുണ്ട്‌. ഇവിടങ്ങളിൽ സൗജന്യമായി എച്ച്‌ഐവി പരിശോധനയും കൗൺസലിങ്ങും നടത്താം. പരിശോധന നടത്തുന്നവരുടെ വിവരങ്ങൾ അതീവ രഹസ്യമായിരിക്കും. തിരൂർ ജില്ലാ ആശുപത്രിയിലും മഞ്ചേരി മെഡിക്കൽ കോളേജിലും എസ്‌ടിഐ ക്ലിനിക്ക്‌ പ്രവർത്തിക്കുന്നുണ്ട്‌. എച്ച്‌ഐവി അണുബാധിതരുടെ തുടർ പരിശോധന, ചികിത്സ, കൗൺസലിങ് തുടങ്ങിയവയ്‌ക്കായി മഞ്ചേരി മെഡിക്കൽ കോളേജിൽ എആർടി സെന്റർ ആരംഭിച്ചിട്ടുണ്ട്‌.


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top