29 November Wednesday
ഇന്ന്‌ ലോക വയോജന ദിനം

കാൽപ്പന്തിനെന്ത്‌ പ്രായം

സി ശ്രീകാന്ത്‌Updated: Sunday Oct 1, 2023

പ്രൊഫ. പി അഷ്റഫ്

എഴുപതാം വയസ്സിലും മൈതാനത്ത്‌ നിറഞ്ഞ്‌ 
പ്രൊഫ. പി അഷ്‌റഫ്‌

മലപ്പുറം
മൈതാനത്ത്‌ വിസിൽ മുഴങ്ങിയാൽ അഷ്‌റഫിന്റെ മനസ്സിൽ ആരവം നിറയും. കുട്ടിയായിരിക്കുമ്പോൾ മനസ്സിൽ കയറിയ ആ ആരവം ഇന്ന്‌ എഴുപതാം വയസ്സിലും അതുപോലെ തുടരുകയാണ്‌. മമ്പാട് പുത്തലത്ത്‌ അഷ്‌റഫിന്‌ കാൽപ്പന്തിനുപിന്നാലെ പായാൻ പ്രായം തടസ്സമല്ല. അറുപത്‌ വർഷത്തിലേറെയായി കളിച്ചും കളി പഠിപ്പിച്ചും ഫുട്‌ബോൾ മൈതാനത്തുണ്ട്‌ മലപ്പുറത്തിന്റെ പ്രൊഫ. അഷ്‌റഫ്‌. 
മമ്പാട് ഫ്രണ്ട്സ് ക്ലബ്ബിന്റെ നടുവക്കാട്ടെ മൈതാനത്തുനിന്നായിരുന്നു അഷ്‌റഫിന്റെ തുടക്കം. 1972 മുതൽ 77 വരെ കലിക്കറ്റ് സർവകലാശാല  ടീം, മമ്പാട് എംഇഎസ് കോളേജ് ടീം താരമായി കളംനിറഞ്ഞു. കോഴിക്കോട് കല്ലായി യൂസ്, മലപ്പുറം സോക്കർ, ഫ്രണ്ട്സ് ക്ലബ് മമ്പാട് ടീം എന്നിവയ്ക്കായി ബൂട്ടണിഞ്ഞു. 1975 മുതൽ 90 വരെ അഖിലേന്ത്യ–-സംസ്ഥാന ടൂർണമെന്റുകളിലും സജീവമായി. ഇതിനിടെ  മമ്പാട് എംഇഎസ് കോളേജ് കായികാധ്യാപകനായി. സ്വന്തം ബൂട്ടഴിച്ചപ്പോഴും ഒട്ടേറെ താരങ്ങൾക്ക്‌ ബൂട്ടുകെട്ടി. സി ജാബിർ, കെ എഫ് ബെന്നി, യു ഷറഫലി, മങ്കട സുരേന്ദ്രൻ, ആസിഫ് സഹീർ, കെ ഷബീറലി, കെ ജസിൻ തുടങ്ങി ഒരുപിടി ശിഷ്യനിരയുണ്ട്‌.  2010ൽ ഔദ്യോ​ഗിക ജീവിതത്തിൽനിന്ന് വിരമിച്ചു. 
20 വർഷം കേരള ഫുട്ബോൾ അസോസിയേഷൻ ട്രഷററായിരുന്നു. എട്ടുവർഷം ജില്ലാ ഫുട്ബോൾ അസോസിയേഷൻ ഭാരവാഹിയായി. നിലവിൽ കെഎഫ്എ എക്സിക്യൂട്ടീവ് അം​ഗമാണ്. മുംതാസാണ് ഭാര്യ. മക്കൾ:  ജഫ്ന അഷ്റഫ്, ഡോ. മിഹാൻ, ഷാദ്മാൻ അഷ്‌റഫ്. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top