പൊന്നാനി
സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിൽ ഗർഭിണിക്ക് ഗ്രൂപ്പ് മാറി രക്തംകയറ്റിയ സംഭവത്തിൽ രണ്ട് ഡോക്ടർമാരും നഴ്‌സുമുൾപ്പെടെ മൂന്നുപേർക്കെതിരെ നടപടി. താൽക്കാലികമായി നിയമിച്ച ഡോ. അമൽചന്ദ്രൻ, ഡോ. സൈത് വിക്രി എന്നിവരെ പുറത്താക്കി. പിഎസ്‌സി മുഖേന ഒരാഴ്ചമുമ്പ് നിയമിതയായ സ്റ്റാഫ് നഴ്‌സ് മുബഷിറയെ സസ്‌പെൻഡ്ചെയ്തു.
ആരോഗ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ ജില്ലാ മെഡിക്കൽ ഓഫീസർ ആർ രേണുക നടത്തിയ അന്വേഷണത്തിലാണ് നടപടി. സംഭവസമയം ഡ്യൂട്ടിയിലുണ്ടായിരുന്നവരാണ് ഇവരെന്നും വലിയ അശ്രദ്ധയാണുണ്ടായതെന്നും ഡിഎംഒ പറഞ്ഞു. ആശുപത്രി സൂപ്രണ്ട് ഡോ. ആശ ജില്ലാ മെഡിക്കൽ ഓഫീസർക്ക് നൽകിയ റിപ്പോർട്ട് ആരോഗ്യമന്ത്രിക്ക് അയച്ചു.
രക്തക്കുറവുമൂലം 25ന് ആശുപത്രിയിൽ അഡ്മിറ്റായ എട്ടുമാസം ഗർഭിണിയായ പൊന്നാനി സ്വദേശി റുക്‌സാന (26)ക്ക് വ്യാഴം രാത്രിയാണ് ഒ നെഗറ്റീവിന് പകരം ബി പോസിറ്റീവ് രക്തം കയറ്റിയത്. രണ്ട് കുപ്പി രക്തം കയറ്റിയ ഇവർക്ക് മൂന്നാമത്തെ കുപ്പി കയറ്റുമ്പോഴാണ് മാറിയത്. മറ്റൊരു രോഗിക്കുള്ള രക്തം മാറി നൽകുകയായിരുന്നു. റുക്‌സാന തൃശൂർ മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്നും മറ്റ് പ്രശ്നങ്ങളില്ലെന്നും ആശുപത്രി സൂപ്രണ്ട് അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..