23 April Tuesday
എതിർപ്പറിയിച്ച്‌ എൽഡിഎഫ്‌

പ്രവൃത്തി ഏറ്റെടുക്കാമെന്ന്‌ ഉദ്യോഗസ്ഥർ; വേണ്ടെന്ന്‌ ജില്ലാ പഞ്ചായത്ത്‌

സ്വന്തം ലേഖകൻUpdated: Saturday Oct 1, 2022
 
 
മലപ്പുറം
ജില്ലാ പഞ്ചായത്തിന്റെ പൊതുമരാമത്ത്‌ പ്രവൃത്തികൾ ഏറ്റെടുക്കാമെന്ന്‌ എൻജിനിയറിങ്‌ വിഭാഗം അറിയിച്ചതായി സെക്രട്ടറി. അതുവേണ്ട, അക്രഡിറ്റഡ്‌ ഏജൻസികൾക്ക്‌ കൈമാറാമെന്ന്‌ പ്രസിഡന്റ്‌. വിയോജിച്ച്‌ സെക്രട്ടറിയും എൽഡിഎഫ്‌ അംഗങ്ങളും. വെള്ളിയാഴ്‌ച നടന്ന ജില്ലാ പഞ്ചായത്ത്‌ യോഗം ഓഡിറ്റ്‌ വിഭാഗത്തിന്റെ എതിർപ്പും സർക്കാർ നിർദേശവും ലംഘിച്ച്‌ 27 കോടി രൂപയുടെ 93 പ്രവൃത്തികൾകൂടി ഏജൻസികൾക്ക്‌ കൈമാറാൻ തീരുമാനിച്ചു.  
ജില്ലാ പഞ്ചായത്ത്‌ പ്രവൃത്തികൾ അക്രഡിറ്റഡ്‌ ഏജൻസികൾക്ക്‌ കൈമാറാൻ നീക്കം നടക്കുന്നതായി സെപ്‌തംബർ 25ന്‌ ‘ദേശാഭിമാനി’ വാർത്ത പ്രസിദ്ധീകരിച്ചിരുന്നു. അജന്‍ഡ ചർച്ചക്കെടുത്തതോടെ എൽഡിഎഫ്‌ അംഗം ഇ അഫ്‌സൽ വാർത്ത ശ്രദ്ധയിൽ കൊണ്ടുവന്നു. സമാന പ്രവൃത്തികളിൽ ഓഡിറ്റ്‌ വിഭാഗം എതിർപ്പ്‌ രേഖപ്പെടുത്തിയതിനാൽ ആവർത്തിക്കരുത്‌ എന്ന്‌ അഫ്‌സൽ ആവശ്യപ്പെട്ടു. ഇത്‌ ജില്ലാ പഞ്ചായത്തിന്‌ സാമ്പത്തിക നഷ്ടം ഉണ്ടാക്കുമെന്ന എൽഡിഎഫ്‌ മുന്നറിയിപ്പ്‌ അംഗീകരിക്കാൻ യുഡിഎഫ്‌ തയ്യാറായില്ല.  
പദ്ധതിപ്പണം ചെലവഴിക്കാൻ ഇതേ വഴിയുള്ളൂ, സർക്കാർ അംഗീകരിച്ച ഏജൻസികൾക്കാണ്‌ പ്രവൃത്തി കൈമാറുന്നത്‌–- യോഗത്തിൽ അധ്യക്ഷയായ പ്രസിഡന്റ്‌ എം കെ റഫീഖയും വൈസ്‌ പ്രസിഡന്റ്‌ ഇസ്‌മയിൽ മൂത്തേടവും പറഞ്ഞു. എന്നാൽ, ഏതൊക്കെ സന്ദർഭങ്ങളിൽ പ്രവൃത്തി കൈമാറാമെന്ന്‌ സർക്കാർ ഉത്തരവിൽ പ്രത്യേകം പറയുന്നുണ്ടെന്ന്‌ എൽഡിഎഫിലെ അഡ്വ. ഷെറോണ റോയ്‌ പറഞ്ഞു. അതിനു വിരുദ്ധമാകും ജില്ലാ പഞ്ചായത്ത്‌ തീരുമാനം. മുഴുവൻ പ്രവൃത്തിയും ഏജൻസികൾക്ക്‌ കൈമാറുന്നതിനെ എൽഡിഎഫ്‌ പാർലമെന്ററി പാർടി നേതാവ്‌ അഡ്വ. പി പി മോഹൻദാസും എതിർത്തു.
പെരുമ്പടപ്പ്‌ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. ഇ സിന്ധു സംസാരിച്ചുകൊണ്ടിരിക്കെ ‘ഇതു ഞങ്ങൾ ജില്ലാ പഞ്ചായത്ത്‌ തീരുമാനിച്ചോളാം’ എന്ന യുഡിഎഫിലെ എ പി ഉണ്ണികൃഷ്‌ണന്റെ പരാമർശം ബഹളത്തിനിടയാക്കി.  ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റുമാർ യോഗത്തിൽ പങ്കെടുക്കുന്നത്‌ ചായ കുടിക്കാനല്ലെന്ന്‌ തിരൂർ ബ്ലോക്ക്‌ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. യു സൈനുദ്ദീൻ പ്രതികരിച്ചു. പത്രങ്ങളിൽ പേരുവരാനാണ്‌ ബഹളമുണ്ടാക്കുന്നതെന്ന പ്രസിഡന്റിന്റെ പരാമർശവും പ്രതിഷേധത്തിനിടയാക്കി. കൂടുതൽ ചർച്ച അനുവദിക്കാതെ അജന്‍ഡ അംഗീകരിച്ചതായി പ്രസിഡന്റ്‌ പ്രഖ്യാപിച്ചു. മലബാർ സമരനായകർക്ക്‌ സ്‌മാരകം നിർമിക്കാനുള്ള തീരുമാനവുമായി മുന്നോട്ടുപോകാൻ യോഗം ഒറ്റക്കെട്ടായി തീരുമാനിച്ചു. എ കെ സുബൈർ, വി കെ എം ഷാഫി, ടി പി ഹാരിസ്‌, ബഷീർ രണ്ടത്താണി എന്നിവരും സംസാരിച്ചു.
 
സെക്രട്ടറിക്കെതിരെ മുസ്ലിംലീഗ്‌ ഭീഷണി 
മലപ്പുറം
സെക്രട്ടറി, സെക്രട്ടറിയുടെ പണിയെടുക്കണമെന്ന്‌ ജില്ലാ പഞ്ചായത്തംഗം മുസ്ലിംലീഗിലെ ടി പി ഹാരിസ്‌. സെക്രട്ടറിയുടെ പണിയെന്താണെന്ന്‌ പറഞ്ഞുതരാമെന്ന്‌ സെക്രട്ടറി എൻ അബ്ദുൾ റഷീദ്‌. അസാധാരണമായ ഏറ്റുമുട്ടലിനാണ്‌ വെള്ളിയാഴ്‌ച ജില്ലാ പഞ്ചായത്ത്‌ യോഗം സാക്ഷ്യംവഹിച്ചത്‌. സെക്രട്ടറിയെ ഭീഷണിപ്പെടുത്തി വരുതിയിലാക്കാനാണ്‌ യുഡിഎഫ്‌ നീക്കം. 
93 പ്രവൃത്തികൾ കൈമാറുന്നതുമായി ബന്ധപ്പെട്ട്‌ ചിലത്‌ പറയാനുണ്ടെന്ന്‌ പറഞ്ഞ്‌ സെക്രട്ടറി അബ്ദുൽ റഷീദ്‌ എഴുന്നേറ്റു. ഇത്‌ യുഡിഎഫ്‌ അംഗങ്ങൾക്ക്‌ ഇഷ്ടപ്പെട്ടില്ലെങ്കിലും എഴുതിത്തയ്യാറാക്കിയ കുറിപ്പ്‌ അദ്ദേഹം വായിച്ചുതുടങ്ങി. പ്രവൃത്തി ഏറ്റെടുക്കാമോ എന്ന്‌ എൻജിനിയറിങ്‌ വിഭാഗത്തിനോട്‌ ചോദിച്ചതായും ചിലത്‌ ഒഴികെയുള്ളവ ഏറ്റെടുക്കാമെന്ന്‌ സമ്മതിച്ചതായും സെക്രട്ടറി പറഞ്ഞു. 
സ്വന്തമായി എൻജിനിയറിങ്‌ വിഭാഗമുള്ള സ്ഥാപനങ്ങൾ അക്രഡിറ്റഡ്‌ ഏജൻസികൾക്ക്‌ പ്രവൃത്തി കൈമാറുമ്പോൾ സർക്കാരിന്റെ അനുമതി വാങ്ങണമെന്ന്‌ ഉത്തരവുണ്ട്‌. അതിന്റെ കാരണവും വ്യക്തമാക്കണം. ഇതോടെ യുഡിഎഫ്‌ അംഗങ്ങൾ സെക്രട്ടറിക്കെതിരെ ബഹളംവച്ചു. 
സെക്രട്ടറിയുടെ പണിയെടുക്കണമെന്നായി ഭീഷണി. എൻജിനിയറിങ്‌ വിഭാഗം  അങ്ങനെയേ മറുപടി പറയൂ എന്നും പ്രവൃത്തി ഏജൻസികൾക്ക്‌ വിടുന്നതായും പ്രസിഡന്റ്‌  പ്രഖ്യാപിക്കുകയുംചെയ്‌തു.  
 
അംഗീകരിക്കാനാകില്ല:
എൽഡിഎഫ്‌
മലപ്പുറം
എൻജിനിയറിങ്‌ വിഭാഗത്തെ നോക്കുകുത്തിയാക്കി പ്രവൃത്തികൾ അക്രഡിറ്റഡ്‌ ഏജൻസികളെ ഏൽപ്പിക്കുന്നത്‌ അംഗീകരിക്കാനാകില്ലെന്ന്‌ ജില്ലാ പഞ്ചായത്തിലെ എൽഡിഎഫ്‌ അംഗങ്ങൾ പ്രസ്‌താവനയിൽ പറഞ്ഞു. അതിനാൽ വിയോജിപ്പ്‌ രേഖപ്പെടുത്തുന്നു. 
 30 കോടിയിലധികം രൂപ വകയിരുത്തിയ 93 പദ്ധതികളാണ് ഒറ്റയടിക്ക് ഏജൻസി വർക്കാക്കുന്നത്. ടെൻഡർ നിക്ഷേപമായി ജില്ലാ പഞ്ചായത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയാണ് ഇതുമൂലം നഷ്ടമാകുന്നത്. വിയോജിച്ച്‌ സംസാരിക്കാൻ സെക്രട്ടറിയെപോലും അനുവദിച്ചില്ല. എൽഡിഎഫ്‌ അംഗങ്ങളുടെയും  ജില്ലാ പഞ്ചായത്ത് സെക്രട്ടറിയുടെയും വിയോജനക്കുറിപ്പ് പരിഗണിക്കാതെ ജില്ലയുടെ വികസനത്തിന് ഉപയോഗിക്കേണ്ട കോടിക്കണക്കിന് രൂപ നഷ്ടപ്പെടുത്തി ഏജൻസി വർക്ക് നടപ്പാക്കാനുള്ള നിർബന്ധബുദ്ധി എന്തെന്ന്‌ യുഡിഎഫ്  ജനങ്ങളോട് വിശദീകരിക്കണമെന്നും- അഡ്വ. പി പി മോഹൻദാസ്‌, ഇ അഫ്‌സൽ, ഷെറൊണ റോയ്‌, ആരിഫ നാസർ, എ കെ സുബൈർ എന്നിവർ ആവശ്യപ്പെട്ടു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top