24 April Wednesday

മഞ്ചേരിയില്‍ എംഡിഎംഎയുമായി യുവാക്കള്‍ പിടിയിലായി

വെബ് ഡെസ്‌ക്‌Updated: Saturday Oct 1, 2022
 
മഞ്ചേരി
മഞ്ചേരിയിൽ എംഡിഎംഎയുമായി രണ്ടു യുവാക്കൾ പിടിയിലായി. മഞ്ചേരി മംഗലശേരിയിലെ വട്ടപ്പറമ്പിൽ റഫീക്ക് (35), വള്ളിക്കാപറ്റയിലെ വടക്കുപുറത്ത് വീട്ടിൽ മുഹമ്മദ് അഷ്‌റഫ് (33) എന്നിവരെയാണ്‌ കോഴിക്കോട് റോഡിലെ ലോഡ്ജിൽനിന്ന്‌ പിടികൂടിയത്. കഴിഞ്ഞ ദിവസം രാത്രി നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. ഇവരുടെ പക്കൽനിന്ന് 70 ഗ്രാം എംഡിഎംഎയും 60 ഗ്രാം കഞ്ചാവും  പിടിച്ചെടുത്തു. 
ഇവരിൽനിന്ന്‌ മയക്കുമരുന്നുകൾ ഉപയോഗിക്കാനുള്ള ഉപകരണങ്ങളും ചില്ലറ വിൽപ്പനക്കായുള്ള പാക്കിങ് സാമഗ്രികളും കണ്ടെത്തി. മഞ്ചേരി ഇന്ത്യൻ മാളിനു സമീപത്തെ ലോഡ്ജിൽ മുറിയെടുത്ത് മയക്കുമരുന്ന്‌ ചെറിയ പാക്കറ്റുകളാക്കി വിൽപ്പന നടത്തിവരികയായിരുന്നു ഇവർ. മൈസൂരിൽനിന്ന്‌ ടാക്‌സി വിളിച്ച് മഞ്ചേരിയിലെത്തി വാടക നൽകാതെ ഡ്രൈവറെ കബളിപ്പിച്ചു മുങ്ങിയതിനെ തുടർന്ന് റഫീക്കിനെതിരെ കഴിഞ്ഞ മാസം മഞ്ചേരി പൊലീസ് സ്റ്റേഷനിൽ പരാതി ലഭിച്ചിരുന്നു. തുടർന്നുള്ള അന്വേഷണത്തിലാണ് മയക്കുമരുന്ന് കടത്തുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊലീസിന് ലഭിച്ചത്. 
സിന്തറ്റിക് മയക്കുമരുന്ന് ഇനത്തിൽപെട്ട മെഥിലിൻ ഡയോക്‌സി മെത്ത് ആംഫിറ്റമിൻ (എംഡിഎംഎ) ബം​ഗളൂരു, ഗോവ എന്നിവിടങ്ങളിൽനിന്ന് വൻതോതിൽ കേരളത്തിലേക്ക് കടത്തുന്ന സംഘത്തെക്കുറിച്ച് പൊലീസിന് രഹസ്യവിവരം ലഭിച്ചിരുന്നു. ഈ സംഘത്തിലുള്ളവരെ കേന്ദ്രീകരിച്ച് അന്വേഷണം നടത്തിവരവെയാണ്  യുവാക്കളെ പിടികൂടിയത്. മഞ്ചേരിയിലും പരിസരങ്ങളിലും വിദ്യാർഥികൾ ഉൾപ്പെടെയുള്ളവർക്ക് ലഹരി വിൽപ്പന നടത്തുന്ന സംഘത്തിലെ പ്രധാന കണ്ണികളാണ് അറസ്റ്റിലായവരെന്ന് പൊലീസ് പറഞ്ഞു. പ്രതികളെ മഞ്ചേരി ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് കോടതിയിൽ ഹാജരാക്കി.
മലപ്പുറം ഡിവൈഎസ്‌പി പി അബ്ദുൽ ബഷീർ, മഞ്ചേരി ഇന്‍സ്പെക്ടര്‍ റിയാസ് ചാക്കീരി എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐമാരായ എസ് ഷാഹുൽ, വി ജീഷ്മ, ടി മുഹമ്മദ് ബഷീർ, സിപിഒമാരായ എൻ എം അബ്ദുല്ലബാബു, പി ഹരിലാൽ, ഇ രജീഷ്, സി സവാദ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top