20 April Saturday

നവാഗതരെ... ഇതിലേ

സ്വന്തം ലേഖകൻUpdated: Thursday Jun 1, 2023

കുമ്പളപ്പാറ ഗോത്ര ഊരിലെത്തിയ അധ്യാപകരും ഐടിഡിപി ജീവനക്കാരും ചേര്‍ന്ന് കുട്ടികളെ സ്കൂളിലേക്ക് ക്ഷണിക്കുന്നു

നിലമ്പൂർ ഐജിഎംഎംആർ സ്കൂളും സജ്ജമായി

നിലമ്പൂർ
നവാഗതരെ വരവേൽക്കാൻ നിലമ്പൂർ ഐജിഎംഎംആർ സ്കൂളും സജ്ജമായി. എസ്എസ്‍എൽസി പരീക്ഷയിൽ നൂറ് ശതമാനം വിജയംനേടിയാണ് വിദ്യാലയം പുതിയ കുട്ടികളെ വരവേൽക്കുന്നത്. സ്കൂൾ അധ്യാപകരും ജീവനക്കാരും ഐടിഡിപി ജീവനക്കാരും ഉൾക്കാടുകളിൽ നേരിട്ടെത്തി കുട്ടികളെയും രക്ഷിതാക്കളെയും ബോധവൽക്കരിച്ചാണ് പ്രവേശന നടപടികൾ പൂർത്തിയാക്കിയത്‌. യുപി, ഹൈസ്കൂൾ വിഭാഗങ്ങളിൽ പഠനം നിർത്തിയ കുട്ടികൾ വിദ്യാലത്തിലേക്ക് മടങ്ങിവരുന്നുണ്ടെന്നും അധ്യയനം തുടങ്ങി, ഒരാഴ്ചക്കുള്ളിൽ കുട്ടികൾ വർധിക്കുമെന്നും സ്കൂൾ അധികൃതർ പറഞ്ഞു. 
   സ്കൂളിൽ ഒന്നുമുതൽ പ്ലസ് ടുവരെയുള്ള വിദ്യാർഥികൾ പഠിക്കുന്നുണ്ട്‌. കഴിഞ്ഞ അധ്യയനവർഷം 230 പെൺ‌കുട്ടികളും 246 ആൺകുട്ടികളും ഉൾപ്പെടെ 476 കുട്ടികളാണ് സ്കൂളിലുണ്ടായിരുന്നത്. 
പുതിയ അധ്യയനവർഷം വിദ്യാർഥികൾക്ക്‌ ആവശ്യമായ എല്ലാ സൗകര്യങ്ങളും സ്‌കൂളിൽ ഒരുക്കിയിട്ടുണ്ട്‌. രണ്ട്‌ ജോഡി യൂണിഫോം, നൈറ്റ് ഡ്രസ്, ടെക്‌സ്റ്റ്‌ ബുക്ക്, നോട്ട് ബുക്ക്, ബാഗ്, കുട എന്നിവ എത്തിച്ചിട്ടുണ്ട്. കുട്ടികൾ എത്തുന്നതോടെ യൂണിഫോമിനുള്ള അളവെടുത്ത് തയ്ച്ചുനൽകും. കാട്ടുനായ്ക്ക, ചോലനായ്ക്ക കുട്ടികൾ താമസിച്ച്‌ പഠിക്കുന്ന സ്കൂളിൽ ഹോസ്റ്റലുകളും നവീകരിച്ചു. മൂന്നുനേരം പോഷകസമൃദ്ധ ഭക്ഷണവുമുണ്ടാകും. 
സ്‌കൂൾ അക്കാദമിക്‌ വികസന ഭാഗമായി സ്മാർട്ട് ക്ലാസ് മുറികൾ, രണ്ട് ഡിജിറ്റൽ ക്ലാസ് മുറികൾ, ഡിജിറ്റൽ ലൈബ്രറി എന്നിവ പൂർത്തിയാക്കി. കിഫ്ബി ഫണ്ടിൽനിന്ന്‌ ഒരുകോടി  രൂപ ചെലവിൽ രണ്ടുനില കെട്ടിടവും സജ്ജമാക്കി. വിനോദങ്ങൾക്കായി സിന്തറ്റിക് കോർട്ടും കായിക ഉപകരണങ്ങളും ഒരുക്കിയിട്ടുണ്ട്. ക്ലാസെടുക്കുന്ന ടീച്ചറോടൊപ്പം ഗോത്രഭാഷ കൈകാര്യംചെയ്യാൻ മെന്റർ ടീച്ചറുമുണ്ടാകും. കുട്ടികളുടെ മാനസികപ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കൗൺസിലർമാരും സ്കൂളിലുണ്ടാകും. പ്രവേശനോത്സവ ഭാ​ഗമായി വിദ്യാർഥികൾക്കും സമ്മാന കിറ്റ് നൽകും. ബാഗ്, കളിപ്പാട്ടം, കളർ ബുക്ക്, കളർ പെൻസിൽ, ബലൂൺ, മിഠായി എന്നിവയാണ്‌ കിറ്റിലുണ്ടാവുക.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top