18 April Thursday
മാര്‍ഗനിര്‍ദേശങ്ങളുമായി ഹരിത കേരളം മിഷൻ

കോവിഡ് മാലിന്യസംസ്കരണം: വേണം പ്രത്യേക ശ്രദ്ധ

വെബ് ഡെസ്‌ക്‌Updated: Wednesday Apr 1, 2020
മലപ്പുറം
സുരക്ഷിത മാലിന്യസംസ്‌കരണം ഉറപ്പാക്കാൻ മാർഗ നിർദേശങ്ങളുമായി ഹരിതകേരളം മിഷൻ. 
സമൂഹ അടുക്കളകൾ, അഗതികളെയും ഭിക്ഷാടകരെയും പുനരധിവസിപ്പിച്ച കേന്ദ്രങ്ങൾ എന്നിവിടങ്ങളിൽ മാലിന്യസംസ്‌കരണങ്ങളിൽ പ്രത്യേക ശ്രദ്ധ പുലർത്തണം. ഉപയോഗിച്ച മാസ്‌കുകളും കൈയുറകളും അണുവിമുക്തമാക്കി നശിപ്പിക്കണം. ഇവ ഉപയോഗിക്കുന്നവർ ആരോഗ്യ പ്രവർത്തകരുടെ നിർദേശാനുസരണം നശിപ്പിക്കണം. പ്ലാസ്റ്റിക് പോലെ അഴുകാത്ത പാഴ്‌വസ്തുക്കൾ കത്തിക്കുകയോ വലിച്ചെറിയുകയോ ചെയ്യരുത്. അവ കഴുകി വൃത്തിയാക്കി സൂക്ഷിക്കണം. കോവിഡ് ഭീതി ഒഴിയുമ്പോൾ ഹരിതകർമസേനാംഗങ്ങൾ  ശേഖരിക്കും. അഴുകുന്ന മാലിന്യങ്ങൾ ഉറവിടത്തിൽത്തന്നെ സംസ്‌കരിക്കണം. മഴയെത്തുമ്പോൾ ഡെങ്കിയും ചിക്കുൻഗുനിയയും പോലുള്ള രോഗങ്ങൾ പടർന്നുപിടിക്കാതിരിക്കാൻ ഇത് പ്രധാനമാണ്. 
കോവിഡ് 19  പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി സൃഷ്ടിക്കപ്പെടുന്ന മാലിന്യങ്ങൾ, പ്രത്യേകിച്ച് കോവിഡ് ആശുപത്രികൾ, ഐസൊലേഷൻ യൂണിറ്റുകൾ, വീടുകളിലെ ക്വാറന്റൈൻ, താൽക്കാലിക കോവിഡ് സാമൂഹ്യ കേന്ദ്രങ്ങൾ എന്നിവയിൽനിന്ന്‌ വരുന്ന ബയോ മെഡിക്കൽ മാലിന്യങ്ങൾ എല്ലാം  കോവിഡ് മാലിന്യങ്ങളായിത്തന്നെ പരിഗണിക്കണം. ഇവയെല്ലാം കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് പുറത്തിറക്കിയ മാർഗനിർദേശങ്ങൾ അനുസരിച്ച് കൈകാര്യംചെയ്യുകയും സംസ്‌കരിക്കുകയുംചെയ്യണം. ഇത്തരത്തിൽ ശാസ്ത്രീയമായി സംസ്‌കരിക്കാൻ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേക ശ്രദ്ധ ചെലുത്തണമെന്നും മാർഗനിർദേശത്തിൽ പറയുന്നു.
കോവിഡ് കാലത്തെ ജലസംരക്ഷണ,- കാർഷിക പ്രവർത്തനങ്ങൾ സംബന്ധിച്ചും ഹരിതകേരളം മിഷൻ ഇതിനകം തദ്ദേശ സ്ഥാപനങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിയിട്ടുണ്ട്. ലോക്ക് ഡൗൺ കാലത്ത് വീടുകളിൽ പാലിക്കേണ്ട ശുചിത്വ ശീലങ്ങളെക്കുറിച്ചും  വീടുകളിൽ ഇക്കാലത്ത് നടത്താൻ കഴിയുന്ന പച്ചക്കറികൃഷിരീതികളെക്കുറിച്ചുമുള്ള ബോധവൽക്കരണവും ഹരിത കേരളം മിഷൻ ആരംഭിച്ചു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top