കോഴിക്കോട്
വ്യവസായികൾ നേരിടുന്ന പൊതു പ്രശ്‌നങ്ങൾ, അത് പരിഹരിക്കാൻ സർക്കാർ തലത്തിൽ സ്വീകരിക്കേണ്ട നടപടി, വ്യവസായം തുടങ്ങുമ്പോൾ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ... വ്യവസായ സൗഹൃദത്തിലേക്ക് കുതിക്കുന്ന കേരളത്തിന്റെ മുന്നേറ്റത്തിന് കരുത്ത് പകർന്ന് വ്യവസായ നിക്ഷേപക സംഗമം. കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷനാണ് ഹോട്ടൽ അപ്പോളോ ഡിമോറയിൽ പുതുമയാർന്ന പരിപാടി സംഘടിപ്പിച്ചത്. ചർച്ചകളും സംവാദങ്ങളുമായി ഒരുദിവസം നീണ്ട പരിപാടിയിൽ വ്യവസായ രംഗത്തെ പ്രമുഖർ മുതൽ പുതുതലമുറ സംരംഭകർ വരെ പങ്കാളിയായി.
വ്യവസായങ്ങൾ തകരുമ്പോൾ ആത്മഹത്യ ചെയ്യേണ്ട അവസ്ഥ ഒഴിവാക്കാൻ വ്യവസായി ക്ഷേമിനിധി ബോർഡ് രൂപീകരിക്കണമെന്ന് വി കെ സി റസാഖ് സംവാദത്തിൽ ആവശ്യപ്പെട്ടു. ആരോഗ്യ മേഖലയിൽ ആശുപത്രി സംരക്ഷണ നിയമംപോലെ വ്യവസായ സംരക്ഷണ നിയമം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യവസായങ്ങൾക്ക് സ്‌റ്റോപ്പ് മെമ്മോ നൽകുമ്പോൾ നിയമപരമായ നടപടിക്രമം പാലിക്കുന്നില്ലെന്ന് കെഎസ്‌എസ്‌എസ്‌ഐ മുൻ സംസ്ഥാന പ്രസിഡന്റ് എം ഖാലിദ് പറഞ്ഞു. എന്നാൽ, ഈ വിഷയത്തിൽ വലിയ മാറ്റം വന്നിട്ടുണ്ടെന്നായിരുന്നു വ്യവസായ വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി മുഹമ്മദ് ഹനീഷിന്റെ മറുപടി. മുമ്പ് 942 പഞ്ചായത്ത് സെക്രട്ടറിമാരും സ്‌റ്റോപ്പ് മെമ്മോ നൽകിയിരുന്നു. ഇന്നത് നൂറായി കുറഞ്ഞതായും വ്യവസായം തുടങ്ങും മുമ്പ് വിശദമായ മാർക്കറ്റ് പഠനവും സാമ്പത്തിക പഠനവും നടത്തണമെന്നും അദ്ദേഹം പറഞ്ഞു. വ്യവസായികൾ നേരിടുന്ന പ്രശ്‌നങ്ങൾ പരിഹരിക്കാൻ എല്ലാവിധ സഹകരണവും ഉറപ്പു നൽകുമെന്ന് തദ്ദേശസ്വയംഭരണ വകുപ്പ് ജോയിന്റ് ഡയറക്ടർ കെ ഹരീഷ് കുമാർ പറഞ്ഞു.
ഉച്ചയ്‌ക്ക് ശേഷം നടന്ന സംവാദത്തിൽ എൻഐടി കാലിക്കറ്റിലെ പ്രൊഫ. പ്രസാദ് കൃഷ്‌ണ, കേരള സാങ്കേതിക സർവകലാശാല വൈസ്‌ചാൻസലർ പ്രൊഫ. സജി ഗോപിനാഥ്, കലിക്കറ്റ് സർവകലാശാല വൈസ്‌ചാൻസലർ പ്രൊഫ. എം കെ ജയരാജ് എന്നിവർ പങ്കെടുത്തു. രാജേഷ് നായർ മോഡറേറ്ററായി. മന്ത്രി പി എ മുഹമ്മദ് റിയാസ് ഓൺലൈനിൽ സന്ദേശം കൈമാറി.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..