26 April Friday

തൊഴിലുറപ്പ്: കോഴിക്കോട്‌ കോടി ക്ലബ്ബിൽ

സ്വന്തം ലേഖകൻUpdated: Friday Mar 31, 2023

തൊഴിലുറപ്പ്‌ പദ്ധതിയിൽ കുറ്റ്യാടി പഞ്ചായത്തിൽ പുഴയുടെ തീരത്ത്‌ ഭൂവസ്‌ത്രം വിരിച്ചപ്പോൾ

കോഴിക്കോട്‌
തൊഴിലുറപ്പിൽ മൂന്നാം വട്ടവും കോഴിക്കോട്‌ ഒരു കോടി ക്ലബ്ബിൽ. മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയിൽ തുടർച്ചയായാണ്‌ ജില്ല ഒരു കോടി തൊഴിൽദിനം സൃഷ്ടിക്കുന്നത്‌. -2021ലാണ്‌ ആദ്യമായി ഒരു കോടി  തൊഴിൽ ദിനം പൂർത്തിയാക്കിയത്‌. 70 പഞ്ചായത്തുകളിലായി 3,57,929 കുടുംബങ്ങൾ പദ്ധതിയിലുണ്ട്. ഈ വർഷം 1,50,371 കുടുംബങ്ങളാണ് തൊഴിൽ പങ്കാളിയായത്‌.  
ഗ്രാമീണ കുടുംബങ്ങൾക്ക് തൊഴിൽ നൽകുന്നതിലൂടെ സാമ്പത്തിക ശേഷി ഉയർത്തുകയും ഗ്രാമീണ അടിസ്ഥാന  സൗകര്യം മെച്ചപ്പെടുത്തുകയുമാണ്‌ പദ്ധതി ദൗത്യം. പട്ടിക വർഗ കുടുംബങ്ങൾക്ക്  200 ദിവസംവരെ തൊഴിൽ നൽകുന്നു. കേന്ദ്ര സർക്കാർ നടപ്പാക്കിയ മാനദണ്ഡം പ്രതിസന്ധിയായെങ്കിലും അതെല്ലാം അതിജീവിച്ചാണ്‌ നേട്ടം. ഒരേസമയം 20 പ്രവൃത്തി മാത്രമേ നടത്താവൂ എന്ന നിബന്ധനയാണ്‌ പ്രതികൂലമായത്‌. സമ്മർദത്തെത്തുടർന്ന് ഇത് 50  പ്രവൃത്തിയായി ഭേദഗതി ചെയ്‌തു.  
 311 രൂപയാണ്  ദിവസവേതനം. ഒരു  കോടി തൊഴിൽ  ദിനങ്ങളിലൂടെ വേതനമായി  311  കോടി രൂപ ലഭിച്ചു. അടിസ്ഥാന സൗകര്യ മേഖലയിൽ 40 ശതമാനം അസംസ്‌കൃത വസ്‌തുക്കളുടെ  വിഹിതം ഉൾപ്പെടുത്തിയാണ് പദ്ധതി ഏറ്റെടുക്കുക. ഇതുൾപ്പെടെ 446.34 കോടി രൂപ  ജില്ലയ്‌ക്ക് ലഭ്യമായി. 15, 332 പ്രവൃത്തികളിൽ  2,176  എണ്ണം  പൂർത്തിയായി.  മണ്ണ്, ജല സംരക്ഷണം, ദുർബല  ജനവിഭാഗങ്ങൾക്ക് അടിസ്ഥാന സൗകര്യം, ജീവനോപാധികൾ, സ്വാശ്രയ സംഘങ്ങൾക്ക്  വർക്ക് ഷെഡ്, സർക്കാർ സ്‌കൂളുകൾക്ക് ചുറ്റുമതിൽ,  കിച്ചൺ ഷെഡ്ഡുകൾ, ഗ്രാമീണ ചന്ത, കളിസ്ഥലങ്ങൾ, ഔഷധ സസ്യകൃഷി, തരിശുഭൂമി വികസനം, വനവത്കരണം, ഗ്രാമീണ റോഡുകൾ, കലുങ്ക്‌, അങ്കണവാടി കെട്ടിടം,  മിനി എംസിഎഫുകൾ  തുടങ്ങിയവയുടെ നിർമാണം ഉൾപ്പെടെയുള്ള പദ്ധതികൾ ഇതിൽ ഉൾപ്പെടുന്നു. 84 കാർഷിക കുളങ്ങൾ പൂർത്തീകരിച്ചു. കേന്ദ്ര പദ്ധതിയായ അമൃത് സരോവർ പദ്ധതിയിൽ  39  വലിയ കുളങ്ങളുടെ നിർമാണവും പുരോഗമിക്കുന്നു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top