25 April Thursday

ചുമത്തിയത്‌ പരമാവധി തുക: പിഴ 38.85 ലക്ഷം

വെബ് ഡെസ്‌ക്‌Updated: Friday Mar 31, 2023

 കോഴിക്കോട്‌

പ്രവൃത്തി വൈകിയതിന്‌ കരാർപ്രകാരം ചുമത്താവുന്ന പരമാവധി പിഴ ഈടാക്കിയാണ്‌ കോർപറേഷൻ സോൺട കമ്പനിക്ക്‌ കരാർ പുതുക്കി നൽകുന്നത്‌. ബിഡ് തുകയുടെ അഞ്ച്‌ ശതമാനമായ 38.85 ലക്ഷം രൂപയാണ്‌ പിഴ ചുമത്തിയത്‌. ജിഎസ്‌ടി കൂടാതെ 7.77 കോടി രൂപയുടേതാണ്‌ കരാർ. വിവിധ ഘട്ടങ്ങൾ പൂർത്തിയാക്കുന്ന മുറയ്‌ക്കാണ്‌ ഇത്‌ കൈമാറുന്നത്‌. ഇതുവരെ 3,46,50,000 രൂപ (ജിഎസ്‌ടി കൂടാതെ) കമ്പനിക്ക്‌ നൽകി. 50 ശതമാനം സ്ഥലം വീണ്ടെടുത്താൽ നൽകേണ്ട ബിഡ് തുകയുടെ 45 ശതമാനം  മാത്രമാണിത്‌. എൻജിനിയറിങ് വിഭാഗം പരിശോധിച്ച്‌ ഓരോ ഘട്ടവും ഉറപ്പുവരുത്തിയാണ്‌ തുക കൈമാറുന്നത്‌. 
ഞെളിയൻപറമ്പിലെ 6.5 ഏക്കറിലെ ലെഗസി മാലിന്യം നീക്കംചെയ്യാനും 2.8 ഏക്കർ ക്യാപ്പിങ്ങിനുമായി 2019 ഡിസംബറിലാണ്‌ കരാറാകുന്നത്‌.  കോവിഡും പ്രതികൂല കാലാവസ്ഥയും കാരണം നാല് തവണയായി നവംബർ 2022വരെ അതത് സമയം കൗൺസിൽ തീരുമാനിച്ച്‌ കാലാവധി ദീർഘിപ്പിച്ച് നൽകിയിട്ടുണ്ട്‌. ബിഡ് തുകയുടെ 65 ശതമാനം ലെഗസി മാലിന്യം നീക്കി 6.5 ഏക്കർ വീണ്ടെടുക്കാനും ബാക്കി 35 ശതമാനം ക്യാപ്പിങ്ങിനുമാണ്. 2021 ഡിസംബർ 31ലെ റിപ്പോർട്ട്‌ പ്രകാരം 64 ശതമാനം പൂർത്തിയായിട്ടുണ്ട്‌. നാലാമത്തെ ഗഡുവരെയാണ്‌ അനുവദിച്ചത്‌. അഞ്ചാമത്തെ ഗഡുവിനായി ബിൽ സമർപ്പിച്ചിട്ടുണ്ടെന്നും തുക അനുവദിച്ചിട്ടില്ലെന്നും എക്‌സിക്യുട്ടീവ്‌ എൻജിനിയർ കൗൺസിലിനെ അറിയിച്ചു. ക്യാപ്പിങ് നടത്തേണ്ട 16 മീറ്ററിൽ 8 മീറ്റർ ഉയരത്തിൽ ക്യാപ്പിങ്പൂർത്തീകരിച്ചിട്ടുണ്ടെങ്കിലും ഈ ഇനത്തിൽ തുക നൽകിയിട്ടില്ല. 
ബ്രഹ്മപുരത്തെ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ എത്രയും വേഗം ഞെളിയൻപറമ്പിലെ ലെഗസി മാലിന്യം നീക്കേണ്ടതുണ്ടെന്നും അവിടെ സൂക്ഷിച്ച ആർഡിഎഫ് മാറ്റേണ്ടതുണ്ടെന്നും കൗൺസിലിൽ ചർച്ചവന്നു. നിലവിലെ കരാർ റദ്ദാക്കി പുതിയ ഏജൻസിയെ കണ്ടെത്തുന്നത്‌ വീണ്ടും കാലതാമസത്തിനിടയാക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top