29 March Friday

ഒമിക്രോൺ ജാഗ്രത

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കോഴിക്കോട്‌ 

കോവിഡിന്റെ പുതിയ വകഭേദമായ ഒമിക്രോണിനെതിരെ ജില്ലയിൽ കനത്ത ജാഗ്രത.  കരിപ്പൂർ വിമാനത്താവളം മുതൽ സുരക്ഷ കർശനമാക്കി. പ്രതിരോധ നടപടികളും ആരോഗ്യവകുപ്പിന്റെ നേതൃത്വത്തിൽ ആരംഭിച്ചു.  അടിയന്തര സാഹചര്യം നേരിടാൻ ആശുപത്രി സജ്ജമാണ്‌. കോവിഡ്‌ പരിശോധനകൾ കൂട്ടും. വാക്‌സിൻ കൂടുതൽ   എത്തിക്കും. 
വിദേശ രാജ്യങ്ങളിൽനിന്നെത്തുന്നവരുടെ   സാമ്പിളുകൾ തിരുവനന്തപുരത്തെ രാജീവ്‌ഗാന്ധി ഇൻസ്‌റ്റിറ്റ്യൂട്ട്‌ ഓഫ്‌ ബയോ ടെക്‌നോളജിയിൽ കൂടുതൽ പരിശോധന‌ക്ക്‌ വിധേയമാക്കുമെന്നും ജില്ലാ മെഡിക്കൽ ഓഫീസർ ഡോ. ഉമർ ഫാറൂഖ്‌ പറഞ്ഞു.
● വിമാനത്താവളത്തിൽ 
സ്‌ക്രീനിങ്
‌വിദേശ രാജ്യങ്ങളിൽനിന്നെത്തുന്നവരെ വിമാനത്താവളത്തിൽനിന്നുതന്നെ സ്‌ക്രീനിങ്ങിന്‌ വിധേയമാക്കും. ഇതിന്റെ ആദ്യപടിയായി കരിപ്പൂർ വിമാനത്താവളത്തിൽ പരിശോധന ആരംഭിച്ചു.  കോവിഡ്‌ പോസിറ്റീവായാൽ അവിടത്തന്നെ  ഐസൊലേഷനിലാക്കും. പരിശോധനയിൽ നെഗറ്റീവാണെങ്കിലും ഏഴ്‌ ദിവസത്തെ നിർബന്ധിത ക്വാറന്റൈൻ ആവശ്യമാണ്‌.  എട്ടാം ദിവസം വീണ്ടും ആർടിപിസിആർ എടുക്കണം. പോസിറ്റീവായാൽ ക്വാറന്റൈനിൽ പോകണം. ഇവരിൽ ആരോഗ്യ വകുപ്പിന്റെ കർശന നിരീക്ഷണമുണ്ടാകും.  
● -വാക്‌സിൻ സ്‌റ്റോക്ക്‌ 
57,973 ഡോസ്‌
ജില്ലയിൽ  കോവിഡ്‌ പ്രതിരോധ വാക്‌സിന്റെ ആദ്യ ഡോസ്‌ എടുത്തതിന്റെ 61 ശതമാനം പേർ മാത്രമാണ്‌ ഇപ്പോൾ രണ്ടാം ഡോസ്‌ എടുത്തിട്ടുള്ളത്‌. വാക്‌സിന്‌ അർഹരായ 24,99,525 പേരിൽ  23,79,398  പേർ ആദ്യ ഡോസ്‌ പൂർത്തിയാക്കി. 14,60,275 പേർ രണ്ടാം ഡോസുമെടുത്തു. ആരോഗ്യ കാരണങ്ങളാലും മതപരമായ കാരണങ്ങളാലും നിരവധിപേർ വാക്‌സിൻ എടുത്തിട്ടില്ലെന്നും   ഡിഎംഒ അറിയിച്ചു. നിലവിൽ വാക്‌സിന്‌ ക്ഷാമമില്ല. 57,973 ഡോസ്‌ വാക്‌സിൻ സ്‌റ്റോക്കുണ്ടെന്നും  അദ്ദേഹം അറിയിച്ചു
● പരിശോധന വർധിപ്പിക്കും 
ജില്ലയിൽ ആർടിപിസിആർ പരിശോധന വർധിപ്പിക്കും. നിലവിൽ 500 ടെസ്‌റ്റുകൾ മാത്രമാണ്‌ മെഡിക്കൽ കോളേജിൽ നടക്കുന്നത്‌. മുമ്പ്‌ ആൾക്ഷാമമുള്ളതിനാൽ പരിശോധനാ ഫലം വൈകിയിരുന്നു. ഇതിന്‌ മാറ്റം വരുത്തും. 
     ആവശ്യമായ ജീവനക്കാരെയും നിയമിച്ചിട്ടുണ്ട്‌. മൊബൈൽ പരിശോധനാ യൂണിറ്റുകൾ പുനരാരംഭിക്കും. കഴിഞ്ഞ 19നാണ്‌ മൊബൈൽ യൂണിറ്റുകളുടെ പ്രവർത്തനം നിർത്തിയത്‌.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top