24 April Wednesday

വികസനത്തിന്റെ കുതിപ്പിന്‌ 
കാതോർത്ത്‌ സ്‌റ്റേഡിയം

വെബ് ഡെസ്‌ക്‌Updated: Tuesday Nov 30, 2021

കൊയിലാണ്ടി സ്‌റ്റേഡിയം

കൊയിലാണ്ടി
ജില്ലയിലെ പ്രധാന ഫുട്ബോൾ മൈതാനങ്ങളിലൊന്നായ കൊയിലാണ്ടി സ്‌പോര്‍ട്‌സ് കൗണ്‍സില്‍ സ്‌റ്റേഡിയം ആധുനികവൽക്കരിക്കണമെന്ന ആവശ്യം ശക്തമാകുന്നു.  ഈ മൈതാനത്ത്‌ നിന്നും  പരിശീലനം ലഭിച്ചവർ രാജ്യത്തെ വിവിധ ഫുട്ബോൾ ക്ലബ്ബുകളിലും ഇന്ത്യൻ ടീമിലും ഇടം നേടിയിട്ടുണ്ട്‌.  നിലവിൽ  നിരവധി കുട്ടികൾ ഈ മൈതാനത്ത്‌ പരിശീലനം നടത്തുന്നുണ്ട്. ജില്ലാ സ്കൂൾ കായികമേളയും  നടത്തുന്ന  മൈതാനങ്ങളിലൊന്നാണിത്.  കാൽ നൂറ്റാണ്ടിനുമുമ്പ് ജില്ലാ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ ഏറ്റെടുത്ത ഈ മൈതാനത്ത്‌ ശ്രദ്ധേയമായ  വികസന പ്രവര്‍ത്തനങ്ങൾ ഉണ്ടായിട്ടില്ല.  സ്റ്റേഡിയത്തിന്റെ ചുറ്റുമതില്‍ പലയിടത്തും തകര്‍ന്നുകിടക്കുന്നു. ഇരുമ്പ് ഗെയിറ്റുകളും ഗ്യാലറിയില്‍ സ്ഥാപിച്ച ഗ്രില്ലുകളും തുരുമ്പെടുത്ത് നശിക്കുകയാണ്.  ഇതൊന്നും ഒരിക്കല്‍പ്പോലും പെയിന്റടിച്ചിട്ടില്ല. 
മൈതാനം താഴ്ന്നുകിടക്കുന്നതിനാല്‍ പലസ്ഥലത്തും വെളളം കെട്ടിനില്‍ക്കുന്നുണ്ട്. വെളളത്തിലാണ് കുട്ടികള്‍ പരിശീലിക്കുന്നത്. സ്റ്റേഡിയത്തിന്റെ പലഭാഗത്തും കുറ്റിക്കാടുകളും പുല്ലും വളര്‍ന്നു നില്‍ക്കുന്നതിനാൽ സാമൂഹ്യവിരുദ്ധർക്കും ഇത്‌ താവളമാകുന്നു.   എറിഞ്ഞുടച്ച മദ്യക്കുപ്പികളും കായികതാരങ്ങള്‍ക്ക് ഭീഷണിയാവുന്നു.  
 സ്റ്റേഡിയം നവീകരിക്കാന്‍ ഊരാളുങ്കല്‍ ലേബര്‍ കോണ്‍ട്രാക്ട് സൊസൈറ്റി 1.26 കോടി രൂപയുടെ എസ്റ്റിമേറ്റ് തയ്യാറാക്കിയിരുന്നു. എന്നാല്‍ ഈ നവീകരണ പദ്ധതി വെളിച്ചം കണ്ടില്ല. നൂറ് മീറ്ററോളം നീളവും 45 മീറ്റര്‍ വീതിയുമുളള സ്‌റ്റേഡിയമാണിത്. ഫുട്ബോളിൽ ലെവൻസ് കളിക്കാൻ കഴിയുന്ന രീതിയിൽ തയ്യാറാക്കണമെന്ന് ഫുട്ബോൾ പ്രേമികൾ പറയുന്നു.   പ്രധാന സ്‌റ്റേഡിയങ്ങളിലെല്ലാം ഗ്രൗണ്ട് മേന്‍ എന്ന തസ്തികയുണ്ടെങ്കിലും കൊയിലാണ്ടിയിലില്ല. ഗ്രൗണ്ടിലെ വെളളം ഒഴുകിപ്പോകാന്‍ ഓവുചാല്‍ സംവിധാനം കുറ്റമറ്റതാക്കണം. ഓവുചാലുകളില്‍ ചെളി നിറഞ്ഞുകിടക്കുന്നുണ്ട്. മൈതാനത്ത്‌ പുല്ല് കിളിര്‍ത്തുവരാന്‍  മോട്ടോര്‍ ഉപയോഗിച്ച് നനയ്ക്കാന്‍ സംവിധാനം വേണം. പ്രഭാത–--സായാഹ്ന സവാരിയ്ക്കായി ധാരാളംപേര്‍ ഇവിടെ എത്താറുണ്ട്. രാത്രി നടക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്കും മൈതാനം തുറന്നുകൊടുക്കണം. അവരുടെ സൗകര്യത്തിനായി മൈതാനത്തിന്റെ നാല് കോണുകളിലും ഫ്ലഡ് ലൈറ്റുകള്‍ സ്ഥാപിക്കണം. 
പരിശീലനം നടത്താന്‍ വരുന്നവര്‍ക്ക് രജിസ്‌ട്രേഷന്‍ നിര്‍ബന്ധമാക്കണം. കായിക താരങ്ങള്‍ക്ക് വസ്ത്രം മാറാനുളള സൗകര്യവും മികവുറ്റതാക്കണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top