25 April Thursday

കുറ്റ്യാടി കറന്റിന്‌ ഹാപ്പി ബർത്ത്‌ഡേ

ഗിരീഷ് വാകയാട്Updated: Friday Sep 30, 2022

സുവർണജൂബിലിയിലെത്തിയ കുറ്റ്യാടി പവർസ്റ്റേഷൻ

ബാലുശേരി
കേരളത്തിലെ മൂന്നാമത്തെ വലിയ ജലവൈദ്യുത പദ്ധതിയായ കുറ്റ്യാടി പദ്ധതിക്ക്‌ വെള്ളിയാഴ്‌ച സുവർണജൂബിലി. 1972 സെപ്തംബർ 30നാണ് കക്കയത്ത്‌ പദ്ധതി പ്രവർത്തനം തുടങ്ങിയത്. സംസ്ഥാനത്തെ വൈദ്യുതി ഉൽപ്പാദനത്തിന്റെ 12 ശതമാനം ഇവിടെ നിന്നാണ്‌. 25 മെഗാവാട്ട് ശേഷിയുള്ള മൂന്ന് മെഷീനുകൾ അടങ്ങിയ ഒന്നാംഘട്ടം പവർസ്റ്റേഷൻ മന്ത്രി വി ആർ കൃഷ്ണയ്യരാണ് നാടിന് സമർപ്പിച്ചത്. കക്കയം ഡാമിന്റെ സംഭരണശേഷി 335.4 ലക്ഷം ക്യൂബിക് മീറ്ററാണ്.  
2021ൽ 7770  ലക്ഷം യൂണിറ്റ്‌ വൈദ്യുതിയാണ്‌ കുറ്റ്യാടിയുടെ ഉൽപ്പാദനം. ഇത്‌ സർവകാല റെക്കോർഡാണ്‌. ഇത്തവണ ആഗസ്‌ത്‌ വരെ 6690  ലക്ഷം യൂണിറ്റാണ്‌ ഉൽപ്പാദനം. ശേഷിച്ച നാലുമാസത്തെ ഉൽപ്പാദനം കൂടിയാവുമ്പോൾ സുവർണജൂബിലി വർഷത്തിൽ ഏറ്റവും കൂടിയ ഉൽപ്പാദനമാവും. 6630 ലക്ഷം യൂണിറ്റായിരുന്നു 2020ലെ ഉൽപ്പാദനം. 
 
വെള്ളം തരുന്നത്‌ 
കക്കയവും 
ബാണാസുര സാഗറും
ഒരു ദിവസത്തെ പ്രവർത്തനത്തിന് 35 ലക്ഷം ക്യൂബിക് മീറ്റർ വെള്ളം വേണം. ഇതിൽ 22.5 ലക്ഷം ക്യൂബിക് മീറ്റർ കക്കയം ഡാമിൽ നിന്നാണ്‌. ശേഷിച്ചത്‌ ബാണാസുരസാഗറിൽനിന്നും. കുറഞ്ഞ ഉല്പാദന ചെലവാണ്‌  കക്കയം പദ്ധതിയുടെ  സവിശേഷത. 50 മെഗാവാട്ട് ശേഷിയുള്ള രണ്ടാംഘട്ടം വിപുലീകരണം 2001 ലാണ് കമീഷൻ ചെയ്തത്. മൂന്നാംഘട്ട വിപുലീകരണം 2010 ജൂലൈ 19ന് കമീഷൻ ചെയ്തു. ഇതോടെ 225 മെഗാവാട്ടായി ഉല്പാദനം. കുറ്റ്യാടി ടെയിൽ റേസ് പദ്ധതിയിൽ 1.25 മെഗാവാട്ടുള്ള മൂന്ന് മെഷീനുകളിലെ 3.75 മെഗാവാട്ടും കുറ്റ്യാടി ചെറുകിട പദ്ധതിയിൽ രണ്ട് മെഷീനുകളിൽ മൂന്ന് മെഗാവാട്ടും ഉൾപ്പെടെ മൊത്തം ഉല്പാദനം 231.75 മെഗാവാട്ടായി. 
നാല്‌ ലൈനുകളിൽ 
വിതരണം 
 കക്കയം വൈദ്യുതി ഉല്പാദന കേന്ദ്രത്തിൽനിന്ന് നാല് ലൈനുകളിലൂടെയാണ്‌ വൈദ്യുതി വിതരണം. രണ്ട് ലൈൻ നല്ലളം സബ് സ്റ്റേഷനിലേക്കും രണ്ടെണ്ണം കണ്ണൂരിലെ കാഞ്ഞിരോട് ഫീഡറുമായും ബന്ധിപ്പിക്കുന്നു. 50 ലക്ഷം യൂണിറ്റ് വൈദ്യുതിയാണ് പ്രതിദിന ഉല്പാദനം.  7.5 മെഗാവാട്ട് ഉല്പാദനവർധന ലക്ഷ്യമിടുന്ന 89.82 കോടി രൂപയുടെ  നവീകരണം 2025ൽ പൂർത്തിയാകും. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top