20 April Saturday
പാണ്ടിപ്പാറയിൽ

കാഴ്‌ചകൾ കഥപറയും

എ സജീവ്‌ കുമാർUpdated: Friday Sep 30, 2022

പാണ്ടിപ്പാറയിൽ നിന്നുള്ള അസ്തമയ കാഴ്ച

 കൊയിലാണ്ടി

പാണ്ടിപ്പാറയിൽ കാഴ്‌ചയും കഥകളുമുണ്ട്‌. ഐതിഹ്യകഥകളെയും പ്രാദേശിക ചരിത്രത്തേയും ചേർത്തുവയ്‌ക്കുമ്പോഴാണ്‌ പാണ്ടിപ്പാറയ്‌ക്ക്‌ ചന്തമേറുക. അരിക്കുളം പഞ്ചായത്തിലെ സുന്ദര ഭൂപ്രകൃതിയിലേക്ക്‌ സഞ്ചാരികൾ എത്തുന്നതും ഇക്കാരണത്താലാണ്‌. ഉച്ചിയിലെ കരിയാത്തൻ പാറയിൽനിന്ന്‌ ദേശം മുഴുവൻ കാണാം.  കുന്നിൻനെറുകയിൽ വീശുന്ന കാറ്റ് ഒന്നൊന്നരക്കാറ്റാണ്‌.  വയലുകളിലൂടെ ഒഴുകിയെത്തുന്ന കാറ്റിന്‌ നല്ല തണുപ്പാണ്‌.  പാണ്ടിപ്പാറയുടെ നെറുകയിൽ നിന്നാൽ കാണുന്ന താഴ്‌വാരത്തിന്റെ ഗ്രാമ്യഭംഗി ഉള്ളുതൊടും. ദൂരെ ഏച്ചുമലയും കാപ്പുമലയും കണ്ണമ്പത്ത് മലയും കാണാം. പച്ചപ്പുതപ്പിനുള്ളിൽ കണ്ണമ്പത്ത് അമ്പലവും ചരിത്രമുറങ്ങുന്ന തിരുവങ്ങായൂർ ശിവക്ഷേത്രവും തെളിയും. അവധി ദിവസങ്ങളിലും സായാഹ്നങ്ങളിലും പാണ്ടിപ്പാറയിൽ  ധാരാളം പേരെത്തുന്നു. വിവാഹ വാതിൽപ്പുറ ചിത്രീകരണ ഇടമായും ഇവിടം മാറി. 
അരിക്കുളം  പഞ്ചായത്തിലെ അഞ്ചാം വാർഡിലാണ്‌ പാണ്ടിപ്പാറ. സഞ്ചാരികളെ ആകർഷിക്കാനുള്ള പദ്ധതികൾ  നടപ്പാക്കാനൊരുങ്ങുകയാണ്‌ പഞ്ചായത്ത്‌.  സമുദ്രനിരപ്പിൽ നിന്ന് 100 അടി ഉയരത്തിലുള്ള പാണ്ടിപ്പാറ എട്ട് ഹെക്ടറിലായി വ്യാപിച്ചുകിടക്കുന്നു. അരിക്കുളം കെപിഎംഎസ്എം സ്‌കൂൾ  പരിസരത്ത്‌ നിന്നും വാകമോളി എൽപി സ്‌കൂളിന് സമീപത്തു നിന്നും മലയിലേക്ക് കയറാം. കൊയിലാണ്ടിയിൽനിന്നും 10 കിലോമീറ്ററും അരിക്കുളത്തുനിന്ന് രണ്ട്‌ കിലോമീറ്ററും സഞ്ചരിച്ചാൽ പാണ്ടിപ്പാറയിലെത്താം. 
 മിത്തുണ്ട്‌,  ചരിത്രവും 
കുട്ടിച്ചാത്തനും കരിത്രാണ്ടനും തമ്മിലുള്ള സംഘർഷത്തിനിടെ  കുട്ടിച്ചാത്തൻ കരിത്രാണ്ടനെ പാണ്ടിമലയിലേക്ക് എറിഞ്ഞുവെന്നും കരിത്രാണ്ടൻ വീണ സ്ഥലമാണ്  മുകളിലെ കരിയാത്തൻ പാറയെന്നുമാണ് ഐതിഹ്യം.
പാണ്ടിപ്പാറയ്ക്ക് മുകൾതട്ടിൽ വിശാലമായ സമതലവും വറ്റാത്ത മൂന്ന്‌  നീരുറവകളുമുണ്ട്. എത്താൻ റോഡ് സൗകര്യം ഇല്ല. പാറയിൽ പടവുകളും കൈവരികളും വേണം. പാറയ്ക്ക് മുകളിൽ വിശ്രമ കേന്ദ്രം, മിനി ചിൽഡ്രൻസ് പാർക്ക്, ശുചിമുറി എന്നിവ ഒരുക്കിയാൽ വേണ്ടതെല്ലാമായി. ദാഹമകറ്റാനും ലഘുഭക്ഷണത്തിനുമുള്ള പാർലറുകളും വേണം. ധാരാളമുള്ള കാട്ടുവള്ളികൾ പ്രയോജനപ്പെടുത്തി നല്ല ഊഞ്ഞാൽ നിർമിക്കാം. 
പ്രകൃതിയെ നോവിക്കാതെയും ആവാസ വ്യവസ്ഥയെ തകിടം മറിക്കാതെയുമുള്ള വിനോദസഞ്ചാര സാധ്യതകൾ ആരായുകയാണ് പഞ്ചായത്ത്. പഞ്ചായത്ത് പ്രസിഡന്റ് എ എം സുഗതന്റെ നേതൃത്വത്തിൽ ജനപ്രതിനിധികളടങ്ങിയ സംഘം പാണ്ടിപ്പാറ സന്ദർശിച്ചിരുന്നു. വിശദമായ പദ്ധതി  തയ്യാറാക്കി സർക്കാർ സഹായത്തോടെ വിനോദസഞ്ചാരകേന്ദ്രമാക്കുമെന്ന്‌  സുഗതൻ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top