13 August Saturday
രക്ഷകർ ഹെൽമറ്റും ക്യാമറയും

ചോരയൊഴിഞ്ഞ്‌ 
നിരത്തുകൾക്യാമറയും

വെബ് ഡെസ്‌ക്‌Updated: Thursday Jun 30, 2022
കോഴിക്കോട്‌
ജില്ലയിൽ റോഡപകടങ്ങളിലെ മരണനിരക്കും പരിക്കും തടയുന്നതിൽ  ഹെൽമറ്റും നിരീക്ഷണ ക്യാമറയും നിർണായകമാവുന്നു. 2019ൽ അപകടങ്ങളിൽ 381 പേരാണ്‌ മരണമടഞ്ഞത്‌. തൊട്ടടുത്ത വർഷങ്ങളിൽ ഇത്‌ 230ഉം 252ഉം ആയി കുറഞ്ഞു. 2022ലെ ആദ്യ അഞ്ചുമാസം മരണം 133 ആണ്‌. മരണവും പരിക്കും തടയുന്നതിൽ ഹെൽമറ്റ്‌ കാര്യമായ സ്വാധീനം ചെലുത്തുന്നതായി എൻഫോഴ്‌സ്‌മെന്റ്‌ ആർടിഒ സമാഹരിച്ച കണക്കുകൾ സാക്ഷ്യപ്പെടുത്തുന്നു. 
2019ൽ 3455 അപകടങ്ങളാണുണ്ടായത്‌. 2020ൽ ഇത്‌ 2302 ആയി കുറഞ്ഞു. 21ൽ 3058 അപകടങ്ങൾ. 22 മെയ്‌ വരെ 1707 അപകടം റിപ്പോർട്ട്‌ ചെയ്‌തു. 2019ൽ പരിക്കേറ്റത്‌ 3720 പേർക്കാണ്‌. 2020ൽ  2441 ആളുകൾക്കും 21ൽ 3241 പേർക്കും പരിക്കേറ്റു. ഈ വർഷം മെയ്‌ വരെ 1641 പേർക്കാണ്‌ പരിക്കുണ്ടായത്‌. 
ജില്ലയിലെ വാഹനാപകടങ്ങളിൽ 50 ശതതമാനം ഇരുചക്ര വാഹനങ്ങളുടേതാണ്‌. ഇതിൽ 70 ശതമാനം മരണകാരണവും ഹെൽമറ്റ്‌ ധരിക്കാത്തതാണ്‌. പിഴ 100 രൂപയിൽനിന്ന്‌ 500 രൂപയാക്കുകയും പരിശോധന കർശനമാക്കുകയും ചെയ്‌തതോടെ ഹെൽമെറ്റ്‌ ധരിക്കാത്തവർ നാമമാത്രമായി. വാഹന പരിശോധന കർശനമായതും പിൻസീറ്റുകാരും ഹെൽമറ്റ്‌ ധരിക്കണമെന്ന നിർദേശവും വന്നതോടെ പരിക്കും മരണവും ഗണ്യമായി കുറഞ്ഞതായി കോഴിക്കോട്‌ ആർടിഒ പി ആർ സുമേഷ്‌ പറഞ്ഞു. രണ്ടുവർഷത്തിനിടെ ഇരുചക്രവാഹനങ്ങൾ ഗണ്യമായി വർധിച്ചിട്ടും മരണനിരക്ക്‌ കുറയ്‌ക്കാനായി. മൂന്നുതവണ ഹെൽമറ്റ്‌ ധരിക്കാത്തവരുടെ ലൈസൻസ്‌ റദ്ദാക്കുന്നത്‌ ഉൾപ്പെടെയുള്ള കർശന നടപടികളും നിർണായകമായി. സേഫ്‌ കേരള പദ്ധതിയിൽ വാഹനപരിശോധനക്ക്‌ മാത്രമായി സ്‌ക്വാഡുകൾ നിലവിലുണ്ട്‌. ഇ ചലാൻ സംവിധാനം വന്നതോടെ റോഡ്‌ നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ തത്സമയ നടപടികളുമുണ്ട്‌. 
 ക്യാമറകളുടെ സാന്നിധ്യമാണ്‌ മറ്റൊന്ന്‌. അപകടങ്ങൾ കൂടുതലായി നടന്ന സ്ഥലങ്ങളിൽ  മോട്ടോർ വാഹനവകുപ്പിന്റെ 50 ക്യാമറകൾ സജ്ജമായി.  മരണം 50 ശതമാനം കുറയ്‌ക്കാനായാൽ  ക്യാമറ സാന്നിധ്യം വ്യാപിപ്പിക്കാൻ അനുമതിയാകും. കോവിഡ്‌ വ്യാപനംമൂലം നിരത്തുകളിൽ വാഹനം കുറഞ്ഞ 2020ഉം 21ഉം ഒഴിവാക്കി 2019ലെ കണക്കുകളാണ്‌ താരതമ്യപഠനത്തിന്‌ മോട്ടോർ വാഹനവകുപ്പ്‌ തെരഞ്ഞെടുത്തത്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
പ്രധാന വാർത്തകൾ
-----
-----
 Top