26 April Friday
25 വീടുകളിൽ കണക്‌ഷനായി

കെ ഫോണിന്‌ 
ഗൃഹപ്രവേശം

വെബ് ഡെസ്‌ക്‌Updated: Tuesday May 30, 2023

സ്വന്തം ലേഖിക

കോഴിക്കോട്‌
കാത്തിരുന്നപോലെ കുറഞ്ഞ ചെലവിൽ അതിവേഗ ഇന്റർനെറ്റുമായി  ‘കെ ഫോൺ’ വീടുകളിലെത്തി. ജില്ലയിൽ 25 വീടുകളിലാണ്‌ ഡിജിറ്റൽ ലോകത്തിലേക്ക്‌ വാതിൽ തുറക്കുന്ന ഇന്റർനെറ്റ്‌ സേവനത്തിന്‌ തുടക്കമിട്ടത്‌.  തദ്ദേശ സ്ഥാപനങ്ങളുടെ റിപ്പോർട്ടും  രണ്ട്‌  സർവേകളുടെയും അടിസ്ഥാനത്തിൽ  1141 കുടുംബങ്ങളെയാണ്‌  അർഹരായി കണ്ടെത്തിയത്‌. പട്ടികയിലെ മുഴുവൻ വീടുകളിലും ഉടൻ കെ ഫോൺ എത്തുമെന്ന്‌ അധികൃതർ അറിയിച്ചു.
മാവൂർ, കിനാലൂർ, പനങ്ങാട്‌, ബാലുശേരി, കൊയിലാണ്ടി, അഗസ്‌ത്യമുഴി, കോട്ടൂർ എന്നിവിടങ്ങളിലെ വീടുകളിലാണ്‌ ഇന്റർനെറ്റ്‌ എത്തിയത്‌.  എലത്തൂർ മണ്ഡലത്തിൽ  കേബിളിടൽ പൂർത്തിയാവാത്തതിനാൽ സർവേ നടത്തിയിട്ടില്ല. കുന്നമംഗലം 63, വടകര 66, നാദാപുരം 141, കുറ്റ്യാടി 124, ബാലുശേരി 100, തിരുവമ്പാടി 103, പേരാമ്പ്ര 121, കൊയിലാണ്ടി 84, കോഴിക്കോട്‌ നോർത്ത്‌ 93, സൗത്ത്‌ 71, ബേപ്പൂർ 44, കൊടുവള്ളി 131  എന്നിങ്ങനെയാണ്‌ അർഹരുടെ എണ്ണം. ആദ്യഘട്ടത്തിൽ ഓരോ മണ്ഡലത്തിലും 100 പേർക്ക്‌ വീതം 1300 കണക്‌ഷനാണ്‌ ജില്ലയ്‌ക്ക്‌ അനുവദിച്ചത്‌. കേരള വിഷനാണ്‌ സേവനദാതാക്കൾ. 
440 സർക്കാർ ഓഫീസുകളിലും  ഇന്റർനെറ്റ്‌ ലഭിച്ചു. സർക്കാർ ഓഫീസ്‌, സ്‌കൂളുകൾ, അക്ഷയകേന്ദ്രങ്ങൾ എന്നിവ‌ക്കാണ്‌ കണക്‌ഷൻ നൽകിയത്‌. ചേവായൂരിലെ കോർപോപ്പും (ഇന്റർ കണക്‌ഷൻ നൽകുന്ന പ്രധാനകേന്ദ്രം) കിനാലൂർ, മേപ്പയ്യൂർ, ചക്കിട്ടപാറ, കൊടുവള്ളി, കൊയിലാണ്ടി എന്നിവിടങ്ങളിലെ അഗ്രിഗേഷൻ പോപ്പും ഉൾപ്പെടുന്ന ഒന്നാം ഘട്ടത്തിലെ കേബിൾ വിന്യാസം പൂർത്തിയായി. 
ഉപകേന്ദ്രങ്ങളിൽനിന്ന്‌ ജില്ലയാകെ വ്യാപിക്കുന്ന പ്രീ അഗ്രിഗേഷനും അവസാന ശൃംഖലയായ സ്‌പർ നെറ്റ്‌വർക്കുമുൾപ്പെടുന്ന രണ്ടാംഘട്ട കേബിളിടലും  അവസാനഘട്ടത്തിലാണ്‌. ഇതിൽ കുറ്റ്യാടി, കുറ്റിക്കാട്ടൂർ, കുന്നമംഗലം, നാദാപുരം എന്നിവിടങ്ങളിൽ ഓഫീസുകളിൽ ഇന്റർനെറ്റ്‌ നൽകിത്തുടങ്ങി. 
മൊത്തം 2595.482  കിലോമീറ്ററാണ്‌ കേബിൾ വലിക്കുന്നത്‌.  2000 കിലോമീറ്റർ പൂർത്തിയായി. ദേശീയപാത,- റെയിൽവേ  പ്രവൃത്തികളുടെ ഭാഗമായി  381 കിലോ മീറ്ററിൽ കേബിളിടാനായിട്ടില്ല.  റോഡ്‌ പ്രവൃത്തിമൂലം തടസ്സപ്പെട്ടിരുന്ന  210 കിലോമീറ്ററിൽ കേബിൾ ഇടൽ തുടങ്ങി. ജില്ലയിൽ  2611 ഓഫീസുകളിലാണ്‌ സേവനമെത്തുക. 1450ലും കണക്‌ഷൻ  ഇന്റർനെറ്റ്‌ ലഭ്യമാക്കി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top