23 April Tuesday

ജംബോ പട്ടികയിൽനിന്ന്‌ ആരൊക്കെ തെറിക്കും

വെബ് ഡെസ്‌ക്‌Updated: Thursday Mar 30, 2023
കോഴിക്കോട്‌
ഡിസിസിയുടെ 35 അംഗ കമ്മിറ്റിയിലേക്ക്‌ 67 പേരുടെ പട്ടിക പ്രസിഡന്റ്‌ കെ പ്രവീൺകുമാർ കെപിസിസിക്ക്‌ കൈമാറി. ജില്ലയിൽ നേതൃത്വവുമായി ഇടഞ്ഞുനിൽക്കുന്ന മുൻ കെപിസിസി പ്രസിഡന്റുമാരായ കെ മുരളീധരൻ, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവരും എം കെ രാഘവൻ എംപിയും ഡിസിസി പുനഃസംഘടനാ പട്ടികയിൽ ആരുടേയും പേർ നിർദേശിച്ചിട്ടില്ല. 26 ബ്ലോക്ക്‌ പ്രസിഡന്റ്‌ സ്ഥാനത്തേക്ക്‌ 56 പേരെയാണ്‌ നിർദേശിച്ചത്‌. 
പട്ടികയിൽ ഇടംപിടിച്ചവരിൽ പകുതി പേർക്കും അന്തിമപട്ടികയിൽ ഇടം കണ്ടെത്താനാവില്ല. ദേശീയ–- സംസ്ഥാന നേതൃത്വം ചർച്ച ചെയ്യുമ്പോൾ തങ്ങളുടെ അഭിപ്രായം അറിയിക്കാമെന്ന നിലപാടിലാണ്‌ മുതിർന്ന നേതാക്കളായ മൂവരും. ചിന്തൻശിബിരം നിശ്‌ചയിച്ച മാനദണ്ഡമനുസരിച്ചുള്ള നേതൃനിര ഇക്കുറി ജില്ലാ നേതൃത്വത്തിലുണ്ടാവില്ലെന്ന്‌ ഉറപ്പായി. നിലവിലുള്ള കമ്മിറ്റിയിൽ പകുതിപേരും ഇക്കുറിയുമുണ്ട്‌. വനിതാ–- യുവജന പ്രാതിനിധ്യം പേരിനുമാത്രമാവും. എ ഗ്രൂപ്പ്‌ പ്രതിനിധിയായ കെ സി അബു നിർദേശിച്ച പേരുകളും ചേർത്തിട്ടുണ്ട്‌.
നേരത്തേ തയ്യാറാക്കിയ പട്ടികയിൽ കെ മുരളീധരൻ, മുല്ലപ്പള്ളി, എം കെ രാഘവൻ എന്നിവർ അതൃപ്‌തി പ്രകടിപ്പിച്ചതോടെയാണ്‌ പുനഃസംഘടന പ്രതിസന്ധിയിലായത്‌. ഡിസിസി പ്രസിഡന്റ്‌ കെ പ്രവീൺ കുമാർ, കെപിസിസി ജനറൽ സെക്രട്ടറിമാരായ കെ കെ അബ്രഹാം, പി എം നിയാസ്‌ എന്നിവർ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തിയ ശേഷമാണ്‌ പട്ടിക നൽകിയതെന്നാണ്‌ നേതാക്കൾ അവകാശപ്പെടുന്നത്‌. പാർടി നടത്തിയ ഫണ്ടുപിരിവുമായി സഹകരിക്കാത്തവരെയും പ്രാദേശിക പ്രശ്‌നം പരിഹരിക്കാൻ ഇടപെടാത്തവരെയും പട്ടികയിൽ ഉൾപ്പെടുത്തരുതെന്നും  നിർദേശിച്ചിട്ടുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top