29 March Friday
1.25 കോടിയുടെ നഷ്ടം

വൈദ്യുത ഉപകരണങ്ങളുടെ മൊത്ത വിതരണ കേന്ദ്രം കത്തിനശിച്ചു

വെബ് ഡെസ്‌ക്‌Updated: Monday Nov 29, 2021

ഫറോക്ക് തുമ്പപ്പാടത്തെ ഇലക്ട്രിക്കൽ സാധനങ്ങളുടെ മൊത്ത വിതരണ കേന്ദ്രം കത്തിനശിച്ച നിലയിൽ

ഫറോക്ക് 
തുമ്പപ്പാടത്ത്‌ ഇലക്ട്രിക്കൽ ഉപകരണങ്ങളുടെ മൊത്ത വിതരണ കേന്ദ്രത്തിലുണ്ടായ തീപിടിത്തത്തിൽ വൻ നാശനഷ്ടം. ഒന്നേകാൽ കോടിയോളം രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടായി. "സോന മാർക്കറ്റിങ്’എന്ന സ്ഥാപനമാണ് അഗ്നിക്കിരയായത്.  കേന്ദ്രം പൂർണമായും കത്തിനശിച്ചു. ഞായർ പുലർച്ചെ ഒന്നിനാണ് സംഭവം.
മീഞ്ചന്തയിൽനിന്ന്‌  അസി. സ്റ്റേഷൻ ഓഫീസർ റോബിൻ വർഗീസിന്റെ നേതൃത്വത്തിലുള്ള അഞ്ചും കോഴിക്കോട് ബീച്ച് സ്റ്റേഷനിൽനിന്ന്‌ ഒരു യൂണിറ്റും ഫയർഫോഴ്സ് എത്തി മണിക്കൂറുകൾ നീണ്ട പ്രയത്നത്തിലൂടെയാണ് തീയണച്ചത്. അഗ്നിശമന സേനയുടെ സമയോജിത ഇടപെടലാണ്‌ കെട്ടിടത്തിന്റെ മുകളിലത്തെ നിലയിലെ ചെരുപ്പ് നിർമാണ കമ്പനിയിലേക്ക് തീ പടരുന്നത്‌ തടഞ്ഞത്‌. ഇവിടെയുണ്ടായിരുന്ന അതിഥി തൊഴിലാളികളാണ് തീ പടരുന്നത്‌ കണ്ടത്. വൈദ്യുതി ഷോർട്ട് സർക്യൂട്ടാണ്  കാരണമെന്നാണ് പ്രാഥമിക നിഗമനം.
ഫറോക്ക് ചുങ്കം 8/4 ചെനയിൽ പറമ്പ് തരിയാട്ട് ജൗഹറിന്റെ ഉടമസ്ഥതയിൽ എട്ട്‌ പ്രവാസികളുടെ കൂട്ടുസംരംഭമാണ് അഗ്നിക്കിരയായ സ്ഥാപനം. പ്രമുഖ കമ്പനികളുടെ പമ്പ് സെറ്റുകൾ,  സ്വിച്ച്, സ്വിച്ച് ബോർഡ് , ബോക്സുകൾ, മെയിൻ സ്വിച്ച് തുടങ്ങിയ നിരവധി ഉൽപ്പന്നങ്ങൾ മൊത്തമായി വിതരണംചെയ്യുന്ന സ്ഥാപനത്തിൽ ഒരുകോടിയിലേറെ രൂപയുടെ സാധനങ്ങൾ സംഭരിച്ചിരുന്നുവെന്ന് നടത്തിപ്പുകാർ പറയുന്നു. എല്ലാ സാധനങ്ങളും കത്തിനശിച്ച് ഉപയോഗശൂന്യമായി.
വടക്കേപ്പുറം ഹസ്സൻകുട്ടിയുടെ ഉടമസ്ഥതയിലുള്ളതാണ് ഇരുനില കെട്ടിടം. കെട്ടിടത്തിന്റെ ഷട്ടർ ഉൾപ്പെടെ തകർന്നു. ഇവർക്കും പത്തുലക്ഷത്തോളം രൂപയുടെ നഷ്ടമുള്ളതായി അഗ്നിശമന സേനാ അധികൃതർ പറഞ്ഞു. ഫറോക്ക് പൊലീസും സ്ഥലത്തെത്തി. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top