കോഴിക്കോട്
കേരളത്തിന്റെ ഹൃദയവുമായാണ് ഹരിയാനക്കാരനായ ദിഗ്‌വിജയ് സിങ് ദുബായിയിൽനിന്ന് കോഴിക്കോട്ടേക്ക് പറന്നെത്തിയത്. ഉള്ളിൽ തുടിക്കുന്ന ഹൃദയത്തിന് മലയാളക്കരയോടുള്ള നന്ദിപറയാൻ ഹൃദയദിനാഘോഷത്തിലേക്ക് എത്താതിരിക്കാൻ ആവുമായിരുന്നില്ല ഈ ചെറുപ്പക്കാരന്. ജീവിതമെന്ന അത്ഭുതത്തിനും കേരളമെന്ന മഹാത്ഭുതത്തിനും ഹൃദയവായ്‌പോടെ നന്ദിപറയുകയാണയാൾ.
ദുബായിൽ സ്ഥിരതാമസമാക്കിയ ദിഗ്‌വിജയിന് യുവത്വത്തിന്റെ തിളപ്പിനിടയിലാണ് ഹൃദയാഘാതമുണ്ടാകുന്നത്. സങ്കീർണമായിരുന്നു അപ്പോഴേക്കും ആരോഗ്യനില. ദൈനംദിന കാര്യങ്ങൾപോലും ചെയ്യാനാവാതെ കുഴഞ്ഞുപോയ അവസ്ഥ. വിദഗ്‌ധ ചികിത്സയെക്കുറിച്ചുള്ള അന്വേഷണമാണ് കോഴിക്കോട് മേയ്‌ത്ര ആശുപത്രിയിലേക്ക് എത്തിച്ചത്. ജീവിതത്തിനും മരണത്തിനും ഇടയിലുള്ള നൂൽപ്പാലത്തിലെ കടന്നുപോയ ദിനരാത്രങ്ങൾ. അൾട്രാസൗണ്ട് ഗൈഡ്‌സ് ആൻജിയോ പ്ലാസ്‌റ്റിയും ശ്രദ്ധയോടെയുള്ള പരിചരണവും ജീവിതത്തിലേക്ക് തിരിച്ചുകൊണ്ടുവന്നുവെങ്കിലും ഹൃദയം മാറ്റിവയ്‌ക്കൽ മാത്രമാണ് ഏക പോംവഴിയെന്ന് ഡോക്ടർമാർ വിധിയെഴുതി.
2022 സെപ്‌തംബർ 20ന് കണ്ണൂരിലുണ്ടായ അപകടത്തിൽ മരിച്ച യുവാവിന്റെ ഹൃദയമാണ് ദിഗ്‌വിജയിന്റെ ജീവിതം മാറ്റിമറിച്ചത്. കുടുംബം ഹൃദയദാനത്തിന് സമ്മതമറിയിച്ചതിന് പിന്നാലെ മേയ്‌ത്രയിൽ ഹൃദയശസ്‌ത്രക്രിയക്ക് ഒരുക്കം തുടങ്ങി. ഡോ. മുരളി പി വെട്ടത്തിന്റെ നേതൃത്വത്തിലായിരുന്നു ശസ്‌ത്രക്രിയ. വിശ്രമകാലം അവസാനിക്കുന്നതോടെ ഇഷ്ടവിനോദമായ ബൈക്ക് റൈഡിന് തയ്യാറെടുക്കയാണ് 31 വയസ്സുകാരൻ.
മേയ്‌ത്രയിൽ നടന്ന ചടങ്ങിൽ ദിഗ്‌വിജയ് സിങ് അനുഭവം പങ്കുവച്ചു. ഇക്കിഗായി തത്വചിന്തയുടെ പ്രചാരകനും എഴുത്തുകാരനുമായ ഫ്രാന്‍സെസ്ക് മിറാലെസി മുഖ്യാതിഥിയായി. ഇക്കിഗായ് രീതിയിലൂടെ ആരോഗ്യകരമായ ജീവിതം നയിക്കാനുള്ള മാർഗങ്ങൾ ഫ്രാന്‍സെസ്ക് മിറാലെസി വിശദീകരിച്ചു. കാര്‍ഡിയോളജി വിഭാഗം മേധാവി ഡോ. അനില്‍ സലിം, കാര്‍ഡിയോളജി വിഭാഗം സീനിയര്‍ കണ്‍സല്‍ട്ടന്റ് ഡോ. ഷഫീക്ക് മാട്ടുമ്മല്‍, സീനിയര്‍ കാര്‍ഡിയോളജിസ്റ്റുകളായ ഡോ. ശ്രീതള്‍ രാജന്‍, ഡോ. ഷാജുദ്ദീന്‍ കായക്കല്‍, ഡോ. ജോമി വി ജോസ്, ഡോ. മുഹമ്മദ് റാഫി എന്നിവർ ചര്‍ച്ചനയിച്ചു. ചെയര്‍മാന്‍ ഫൈസല്‍ കൊട്ടിക്കോളന്‍, കാര്‍ഡിയോ വാസ്കുലര്‍ സര്‍ജർ ഡോ. മുരളി വെട്ടത്ത്, കെ ടി ജലീൽ എംഎൽഎ, ഐഐഎം ഡയറക്ടര്‍ ദേബാശിഷ് ചാറ്റര്‍ജി, അബ്ദുസമദ് സമദാനി എംപി, ഡോ. രവി എന്നിവര്‍ സംസാരിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..