26 April Friday

മേയര്‍ക്കെതിരായ അക്രമം നിന്ദ്യം: സിപിഐ എം

വെബ് ഡെസ്‌ക്‌Updated: Wednesday Jun 29, 2022
കോഴിക്കോട്
യുഡിഎഫ്–-ബിജെപി കൗൺസിലർമാർ കോർപറേഷൻ കൗൺസിൽ യോഗം അലങ്കോലപ്പെടുത്തുകയും  മേയർ ഡോ. ബീനാഫിലിപ്പിനെ ആക്രമിക്കുകയും ചെയ്തതിൽ സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് പ്രതിഷേധിച്ചു. അക്രമം അങ്ങേയറ്റം നിന്ദ്യമാണ്. അക്രമത്തിനെതിരെ ജനാധിപത്യവിശ്വാസികൾ സമാധാനപരമായി പ്രതിഷേധിക്കണം.  
സംസ്ഥാനത്ത് രണ്ടാമതും എൽഡിഎഫ്  അധികാരത്തിൽ വന്നതിലുള്ള ഇഛാഭംഗത്താൽ കോൺഗ്രസിനും സഖ്യകക്ഷികൾക്കും സമനില തെറ്റിയ അവസ്ഥയാണ്. സംസ്ഥാനത്താകെ ക്രമസമാധാനവും സ്വൈര ജീവിതവും തകർക്കാൻ ബിജെപിയെ കൂട്ടുപിടിച്ച് യുഡിഎഫ്‌ അക്രമം അഴിച്ചുവിടുകയാണ്‌. കൗൺസിലിൽ പ്രതിപക്ഷനേതാവുതന്നെ അക്രമത്തിന് നേതൃത്വം നൽകുന്നത് കോൺഗ്രസിന്റെ അധഃപതനത്തിന്റെ തെളിവാണ്.   
കെട്ടിടങ്ങൾക്ക് നമ്പർ നൽകുന്നതിലെ ക്രമക്കേട് പിടികൂടുന്നതിൽ ശക്തവും മാതൃകാപരവുമായ നടപടിയാണ് കോർപറേഷൻ കൗൺസിൽ സ്വീകരിച്ചത്. പൊലീസ് അന്വേഷണത്തിന്റെ ഭാഗമായി ജീവനക്കാരും ഏജന്റുമാരുമടക്കം ഏഴുപേർ  ജയിലിലായി. പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം തുടരുകയാണ്. അന്വേഷണത്തിന് എല്ലാ സഹകരണവും കോർപറേഷൻ അധികൃതർ നൽകുന്നു. അന്വേഷണം ഈ രീതിയിൽ പോയാൽ വേണ്ടപ്പെട്ടവർ കുടുങ്ങുമോ എന്ന ഭയമാണ്‌ അക്രമം അഴിച്ചുവിടാൻ യുഡിഎഫിനെയും ബിജെപിയെും പ്രേരിപ്പിക്കുന്നത്‌. ജനങ്ങളുടെ പിന്തുണയോടെ ഇത്തരം അക്രമങ്ങളെയും ഗൂഢനീക്കങ്ങളെയും നേരിട്ട് കോർപറേഷൻ കൗൺസിൽ ജനക്ഷേമ നടപടികളുമായി മുന്നോട്ടുപോകുമെന്ന് സെക്രട്ടറിയറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top