26 April Friday
എസ്‌എസ്‌കെ 4.95 കോടി അനുവദിച്ചു

തൊഴിലും പഠിക്കാം സ്‌കൂളിൽ

സ്വന്തം ലേഖികUpdated: Wednesday Mar 29, 2023
കോഴിക്കോട്
പഠിച്ചിറങ്ങുമ്പോൾ തൊഴിലും ഉറപ്പാക്കുകയാണ്‌ കോഴിക്കോട്ടെ 23 വിദ്യാലയങ്ങൾ. പഠനത്തോടൊപ്പം തൊഴിൽ പഠിപ്പിക്കുന്ന 23 കേന്ദ്രങ്ങൾ ജില്ലയിൽ ഒരുങ്ങും. സമഗ്ര ശിക്ഷാ കേരളയാണ്‌ സ്കൂളുകളെ നൈപുണികേന്ദ്രങ്ങളായി വികസിപ്പിക്കുന്ന പ്രത്യേക പദ്ധതി ഒരുക്കുന്നത്‌. പഠിക്കുന്നതോ പഠനം പൂർത്തിയാക്കിയതോ ആയ കുട്ടികളെ ഒഴിവുദിവസങ്ങൾ പ്രയോജനപ്പെടുത്തി തൊഴിൽ പരിശീലിപ്പിക്കും. നാഷണൽ സ്കിൽ ക്വാളിഫിക്കേഷൻ ഫ്രെയിംവർക്ക് അംഗീകാരമുള്ള, ഓരോ പ്രദേശത്തെയും തൊഴിൽ സാധ്യതക്ക് അനുസൃതമായ രണ്ടുവീതം കോഴ്സുകളാണ് തുടങ്ങുക. ഔപചാരിക വിദ്യാഭ്യാസത്തിലൂടെ തൊഴിൽ വൈദഗ്ധ്യം ലഭിക്കാത്തവരെ ഉന്നത നിലവാരമുള്ള തൊഴിലിന്‌ പ്രാപ്‌തരാക്കുകയാണ്‌ ലക്ഷ്യം. 
ആദിവാസി, തീരദേശ–-തോട്ടം മേഖലയിലെ കുട്ടികൾ, അതിഥിതൊഴിലാളികളുടെ കുട്ടികൾ, പ്രത്യേക പരിഗണന അർഹിക്കുന്നവർ, സ്കോൾ കേരള ഓപ്പൺ സ്കൂളിൽ പഠിക്കുന്നവർ, ഹയർസക്കൻഡറി, വിഎച്ച്എസ്ഇ പഠനം പൂർത്തിയാക്കിയവർ തുടങ്ങി 21 വയസ്സിന് താഴെയുള്ളവർക്ക് പങ്കാളിയാകാം. പ്രത്യേക പരിഗണന അർഹിക്കുന്നവർക്കുള്ള പ്രായപരിധി 25 ആണ്‌. വിജയകരമായി പരിശീലനം പൂർത്തിയാക്കുന്നവർക്ക്‌ കേന്ദ്ര സർക്കാർ അംഗീകൃത സ്കിൽ സർട്ടിഫിക്കറ്റ് നൽകും. 
കലക്ടറുടെ നേതൃത്വത്തിലുള്ള ജില്ലാതല സമിതിയാണ് സ്കൂളുകളുടെ പട്ടിക തയ്യാറാക്കിയത്. വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളുകൾക്ക്‌ മുഖ്യപരിഗണന നൽകും. ഓരോ വിദ്യാലയത്തിനും 21.5 ലക്ഷം രൂപ വീതം 23 സ്കൂളുകൾക്കായി 4.95 കോടി അനുവദിച്ചതായി സമഗ്രശിക്ഷ ജില്ലാ കോ ഓർഡിനേറ്റർ ഡോ. എ കെ അബ്ദുൾ ഹക്കീം അറിയിച്ചു. 
നൈപുണി 
കേന്ദ്രങ്ങൾ
ബാലുശേരി, പയ്യോളി, ആർഇസി ചാത്തമംഗലം, പുതിയാപ്പ, താമരശേരി, ഫറോക്ക്‌, നടക്കാവ് ഗേൾസ്‌, മേപ്പയൂർ, കൊയിലാണ്ടി ബോയ്‌സ്‌ ഗവ. വൊക്കേഷണൽ ഹയർസെക്കൻഡറി സ്‌കൂളുകൾ, കുറ്റ്യാടി, കക്കോടി, വളയം, പയമ്പ്ര, നീലേശ്വരം, ഇരിങ്ങല്ലൂർ, ആവള കുട്ടോത്ത്, അത്തോളി, കായണ്ണ, വടകര, ശിവപുരം, പെരിങ്ങൊളം, മടപ്പള്ളി ഗവ. ഹയർസെക്കൻഡറി സ്‌കൂളുകൾ, മണിയൂർ പഞ്ചായത്ത് എച്ച്എസ്എസ് ഹയർസെക്കൻഡറി സ്‌കൂൾ.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top