20 April Saturday

കനോലി കനാലും നഗരവും തിളങ്ങും വരുന്നു ‘കനാൽ സിറ്റി’

സ്വന്തം ലേഖികUpdated: Saturday Jan 29, 2022

കനോലി കനാൽ, സരോവരം ഭാഗത്തുനിന്നുള്ള ദൃശ്യം

 
കോഴിക്കോട്‌
കനോലി കനാലിന്റെ സമഗ്ര സംരക്ഷണവും നഗരത്തിന്റെ ടൂറിസം വികസനവും ലക്ഷ്യമിട്ടുള്ള ‘കനാൽ സിറ്റി’ പദ്ധതി ഒരുങ്ങുന്നു. ടൂറിസം, ചരക്ക്‌ ഗതാഗതം, ജലയാത്ര എന്നിങ്ങനെ ലക്ഷ്യമിട്ട്‌ നടപ്പാക്കുന്ന പദ്ധതിയുടെ ഡിപിആർ (വിശദ പദ്ധതി രേഖ) തയ്യാറാക്കാനായി ഡൽഹി കേന്ദ്രമായുള്ള ലീ അസോസിയേറ്റ്‌സ്‌ സൗത്ത്‌ ഇന്ത്യക്ക്‌ ചുമതലനൽകി.  ക്വിൽ (കേരള വാട്ടർവെയ്‌സ് ആൻഡ് ഇൻഫ്രാസ്ട്രക്‌ചേഴ്‌സ് ലിമിറ്റഡ്) നേതൃത്വത്തിലാണ്‌ കനാൽ സിറ്റി  നടപ്പാക്കുക. 
കനാലിന്‌ വീതികൂട്ടൽ, മാലിന്യമൊഴുക്കൽ തടയൽ, സമീപ റോഡുകളുടെയും പാലങ്ങളുടെയും നവീകരണം എന്നിവയ്‌ക്ക്‌ പുറമെ ഹൗസ്‌ ബോട്ട്‌, സ്‌പീഡ്‌ ബോട്ട്‌,  വാട്ടർ സ്‌പോട്‌സ്‌, കനാലിന്‌ സമീപം നടപ്പാത, സൈക്കിൾ ട്രാക്ക്‌,  വിനോദസഞ്ചാരികൾക്ക്‌ എല്ലാ സൗകര്യങ്ങളുമുള്ള കേന്ദ്രങ്ങൾ (ടൂറിസ്‌റ്റ്‌ അമെനിറ്റി) എന്നിങ്ങനെയാണ്‌ ആവിഷ്‌കരിക്കുന്നത്‌.    
ഉൾനാടൻ ജലഗതാഗത വികസനം ലക്ഷ്യമിട്ട്‌   നേരത്തെ ക്വിൽ പദ്ധതികൾ ആവിഷ്‌കരിച്ചിരുന്നു. ഇതിന്റെ  ഭാഗമായാണ്‌ കനോലി കനാലിന്റെ സംരക്ഷണവും അതോട്‌ ചേർന്ന്‌ നഗരവികസനവും ലക്ഷ്യമിട്ട്‌ പ്രത്യേക പദ്ധതി രൂപീകരിച്ചത്‌. ആറ്‌ മാസത്തിനകം സാധ്യതാ പഠനം നടത്തി രൂപരേഖയടക്കമുള്ള  ഡിപിആർ തയ്യാറാക്കാനാണ്‌ കരാർ നൽകിയത്‌. 
    ഏതാണ്ട്‌ ആയിരം കോടി രൂപ കണക്കാക്കുന്ന പദ്ധതി  കിഫ്‌ബിയിൽ സമർപ്പിക്കും. 
കല്ലായി മുതൽ എരഞ്ഞിക്കൽവരെ 11.2 കിലോമീറ്ററിലാണ്‌ കനാൽ വികസനം. കനാലിന്‌ മുകളിലൂടെ ബൈപാസ്‌ എലിവേറ്റഡ്‌ ഹൈവേയാക്കി മാറ്റൽ, പാലങ്ങൾ പുനർ നിർമിക്കൽ, വീതികൂട്ടൽ തുടങ്ങിയ കാര്യങ്ങളാണ്‌ ചെയ്യേണ്ടത്‌. ഡിപിആറിന്‌ ശേഷമേ ഇതിൽ വ്യക്തതവരൂ. മലിനജലം സംസ്‌കരിക്കാനുള്ള വികേന്ദ്രീകൃത സംവിധാനത്തിലൂടെ അവശിഷ്ടം വളമാക്കുന്നതും ആലോചിക്കുന്നു.  രണ്ടരവർഷത്തിനുള്ളിൽ പദ്ധതി പൂർത്തീകരിക്കും.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top