19 September Friday

കോവിഡ് പ്രതിരോധത്തിൽ ആരോഗ്യക്ഷേമകേന്ദ്രങ്ങളും

സ്വന്തം ലേഖകൻUpdated: Saturday Jan 29, 2022
 
കോഴിക്കോട്‌
രോഗം ബാധിച്ചതുപോലെ മരവിച്ചുനിന്നിരുന്ന ഹെൽത്ത്‌ സബ്‌സെന്ററുകൾ ആരോഗ്യക്ഷേമകേന്ദ്രങ്ങളായി ഉയർന്നതോടെ കോവിഡ്‌ പ്രതിരോധത്തിലും മുന്നേറ്റം. ചെറിയ രോഗങ്ങൾക്കും ആരോഗ്യപരമായ സംശയങ്ങൾക്കുമെല്ലാം പ്രൈമറി ഹെൽത്ത്‌ സെന്ററുകളെയും അതിന്‌ മുകളിലുള്ള ആശുപത്രികളെയും ആശ്രയിച്ചിരുന്ന രീതിക്കാണിപ്പോൾ മാറ്റം വന്നത്‌.  കോവിഡുമായുള്ള സംശയങ്ങൾക്കും മറ്റ്‌ ആരോഗ്യസംബന്ധിയായ വിഷയത്തിലും ഇടപെടാൻ  ആരോഗ്യക്ഷേമകേന്ദ്രം മുന്നിലുണ്ട്‌.  പ്രതിരോധ ബോധവൽക്കരണത്തിലും  വാക്സിൻ വിതരണത്തിലും  വലിയ പങ്കാണ്‌ ആരോഗ്യക്ഷേമകേന്ദ്രങ്ങൾ വഹിക്കുന്നത്‌. 
 2021 ഫെബ്രുവരി 15നാണ്‌ ജില്ലയിലെ  109 സബ് സെന്ററുകൾ  ഹെൽത്ത് ആൻഡ്‌ വെൽനസ് കേന്ദ്രങ്ങളാക്കാൻ സർക്കാർ തീരുമാനിച്ചത്‌.  നിർമാണം 60 ശതമാനത്തിലധികം ജില്ലയിൽ പൂർത്തിയായി.  നിർജീവമായിരുന്ന  സബ്‌ സെന്ററുകൾ നവീകരിച്ച്‌ ആധുനിക ചികിത്സാ സംവിധാനം ഒരുക്കി.  ഏഴ്‌ ലക്ഷം വരെ ചെലവാക്കിയാണ്‌ ഒരോ സെന്ററിന്റെയും നവീകരണം.   മൂന്ന്‌ ഘട്ടങ്ങളിലായി മുഴുവൻ സബ് സെന്ററുകളും മികവിന്റെ കേന്ദ്രങ്ങളാക്കുകയാണ്‌  ലക്ഷ്യം. ഒരു വർഷത്തിനകം ജില്ലയിലെ ആരോഗ്യക്ഷേമകേന്ദ്രങ്ങൾക്ക്‌  ദേശീയ ഗുണനിലവാര പരിശോധനാ അംഗീകാരം നേടും വിധത്തിലാണ് പ്രവർത്തനം പുരോഗമിക്കുന്നത്‌.  - പോഷണ ക്ലിനിക്ക്, വയോജന ക്ലിനിക്ക്, കുട്ടികൾക്കുള്ള ക്ലിനിക്ക്, ജീവിതശൈലീ രോഗ ക്ലിനിക്ക്, ഗർഭിണികൾക്കുള്ള ക്ലിനിക്ക്, കൗമാര ആരോഗ്യ  ക്ലിനിക്ക് എന്നിങ്ങനെയുള്ള സേവനങ്ങൾ  ലഭ്യമാക്കിയിട്ടുണ്ട്‌.   ബിഎസ്‌സി ബിരുദമുള്ള  നഴ്സുമാരാണ് മിഡ് ലെവൽ സർവീസ് പ്രൊവൈഡർമാരായി ആരോഗ്യക്ഷേമകേന്ദ്രങ്ങളിലുള്ളത്‌.   ഇതിലൂടെ പ്രാഥമിക പരിശോധന, മരുന്നുകൾ, ആരോഗ്യ ഉപദേശം എന്നിവ ലഭ്യമാക്കി   പ്രാഥമിക ചികിത്സ ഉറപ്പാക്കാൻ കഴിയുന്നുണ്ട്‌.  വൈകിട്ട്‌ വരെയുള്ള ആരോഗ്യ സേവനം, ലാബ് സൗകര്യം, ജീവിതശൈലീ രോഗ നിയന്ത്രണം, പകർച്ചവ്യാധി നിയന്ത്രണം, പാലിയേറ്റീവ് കെയർ, ശ്വാസ്, ആശ്വാസ് ക്ലിനിക് തുടങ്ങിയ സേവനങ്ങളും ലഭ്യമാക്കുന്നുണ്ട്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..




മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top