28 March Thursday

ആഹ്ലാദം, അറിവുത്സവം

വെബ് ഡെസ്‌ക്‌Updated: Monday Nov 28, 2022
സ്വന്തം ലേഖകൻ
കോഴിക്കോട്‌
അറിവിന്റെ ആകാശത്തിൽ അവർ ഉദിച്ചുയർന്നു. കഥയും കവിതയും ഉത്തരവും ചോദ്യങ്ങളും ആകാംക്ഷയും ആഹ്ലാദവും നിറച്ച മണിക്കൂറുകൾ. നടക്കാവ്‌ ഗവ. ഗേൾസ്‌ ഹയർ സെക്കൻഡറി സ്‌കൂളിൽ ‘സ്റ്റെയ്‌പ്‌–ദേശാഭിമാനി അക്ഷരമുറ്റം ടാലന്റ്‌ ഫെസ്റ്റ്‌ –-22’ ജില്ലാ മത്സരം ഉത്സവമാക്കി വിദ്യാർഥികൾ. ക്വിസ്‌ ഫെസ്‌റ്റിനുപുറമെ സാഹിത്യമത്സരങ്ങളും ഉൾപ്പെടുത്തി പുതുമകളോടെയായിരുന്നു സംഘാടനം.
 കവി പി കെ ഗോപി ഫെസ്‌റ്റ്‌ ഉദ്‌ഘാടനംചെയ്‌തു. ദേശാഭിമാനി വാരിക പത്രാധിപർ ഡോ. കെ പി മോഹനൻ അധ്യക്ഷനായി. സമൂഹം നിരന്തരം ചരിത്രവത്‌കരിക്കപ്പെടേണ്ട സാഹചര്യത്തിലൂടെയാണ്‌ നാം കടന്നുപോകുന്നതെന്ന് അദ്ദേഹം പറഞ്ഞു. കെഎസ്‌ടിഎ സംസ്ഥാന എക്‌സിക്യുട്ടീവ്‌ കമ്മിറ്റിയംഗം വി പി രാജീവൻ, ഇ ടി സുനിൽകുമാർ എന്നിവർ സംസാരിച്ചു. ദേശാഭിമാനി ന്യൂസ്‌ എഡിറ്റർ ജയകൃഷ്‌ണൻ നരിക്കുട്ടി സ്വാഗതവും അക്ഷരമുറ്റം ജില്ലാ കോ -ഓർഡിനേറ്റർ എം പ്രമോദ്‌കുമാർ നന്ദിയും പറഞ്ഞു.
സമാപന സമ്മേളനം പി കെ പാറക്കടവ്‌ ഉദ്‌ഘാടനംചെയ്തു. ക്വിസ്‌ മത്സര വിജയികൾക്ക്‌ സമ്മാനങ്ങളും അദ്ദേഹം വിതരണംചെയ്‌തു. ഡോ. കെ പി മോഹനൻ അധ്യക്ഷനായി. എഇഒ എം ജയകൃഷ്‌ണൻ സംസാരിച്ചു. കവിതാരചനയിൽ പങ്കെടുത്ത നടക്കാവ്‌ ജിഎച്ച്‌എസ്‌എസിലെ ഭിന്നശേഷിക്കാരിയായ വിദ്യാർഥിനി ഇബ്‌ത്തിസാം കോർമത്തിന്‌ ഉപഹാരംനൽകി. ബ്യൂറോ ചീഫ്‌ പി പി സതീഷ്‌കുമാർ സ്വാഗതവും ടി കെ പ്രകാശൻ നന്ദിയും പറഞ്ഞു.
ക്വിസ്‌ ഫെസ്‌റ്റിലെ ആദ്യ രണ്ട്‌ സ്ഥാനക്കാർ ടീമായി സംസ്ഥാന തലത്തിൽ ജില്ലയെ പ്രതിനിധീകരിക്കും. ക്വിസ്‌ മത്സരവിജയികൾക്ക്‌ ഒന്നാം സമ്മാനമായി പതിനായിരം രൂപയും മെമന്റോയും സർട്ടിഫിക്കറ്റും നൽകി. 5000 രൂപയും മെമന്റോയും സർട്ടിഫിക്കറ്റുമാണ്‌ രണ്ടാം സ്ഥാനക്കാർക്ക്‌. രക്ഷിതാക്കൾക്കും അനുബന്ധമായി ക്വിസ്‌ മത്സരമുണ്ടായി. 
കഥ, കവിത സാഹിത്യമത്സരങ്ങളിൽ തെരഞ്ഞെടുക്കപ്പെട്ട 25 വീതം വിദ്യാർഥികളാണ്‌ പങ്കെടുത്തത്‌. വിജയികളെ ചൊവ്വാഴ്‌ച പത്രത്തിലൂടെ പ്രഖ്യാപിക്കും. ആദ്യ രണ്ട്‌ സ്ഥാനക്കാർക്ക്‌ സംസ്ഥാന തലത്തിൽ പങ്കെടുക്കാം. ആദ്യ സ്ഥാനക്കാരന്‌ അയ്യായിരം രൂപയും രണ്ടാം സ്ഥാനക്കാരന്‌ മൂവായിരം രൂപയുമാണ്‌ സമ്മാനം. മെമന്റോകളും സർട്ടിഫിക്കറ്റുകളുമുണ്ടാകും.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top