25 April Thursday

എൽഡിഎഫ്‌ കൂടുതൽ സുശക്തം എൽഡി‌എഫ്‌ ഉജ്വല വിജയം നേടും: എളമരം കരീം

സ്വന്തം ലേഖകൻUpdated: Saturday Nov 28, 2020

 

 
കോഴിക്കോട്‌ 
തദ്ദേശ തെരഞ്ഞെടുപ്പിൽ ജില്ലയിൽ 2015–-ലേതിലും മികച്ച വിജയം എൽഡിഎഫ്‌ നേടുമെന്ന്‌ സിപിഐ എം കേന്ദ്രക്കമ്മിറ്റി അംഗം എളമരം കരീം എംപി പറഞ്ഞു. സമ്പൂർണ ഐക്യത്തിൽ യോജിച്ച്‌ മത്സരിക്കുന്ന എൽഡിഎഫ്‌, ഗ്രാമ–-ബ്ലോക്ക്‌–-ജില്ലാ പഞ്ചായത്തുകളിലും കോർപറേഷനിലും മുനിസിപ്പാലറ്റികളിലും മികച്ച വിജയം നേടും. എൽജെഡി,  കേരളാ കോൺഗ്രസ്‌(എം) കക്ഷികൾ ചേർന്ന്‌ എൽഡിഎഫ്‌ കൂടുതൽ സുശക്തമായപ്പോൾ യുഡിഎഫ്‌ ക്ഷീണിച്ചതും വിജയത്തിന്‌  അടിസ്ഥാനമാകും. 
കോൺഗ്രസും മുസ്ലിംലീഗുമായി യുഡിഎഫ്‌ ചുരുങ്ങി.  ജമാഅത്തെ ഇസ്ലാമിയടക്കമുള്ള മത തീവ്രവാദ ശക്തികളുമായി സഖ്യത്തിലേർപ്പെട്ടത്‌ ഈ ക്ഷീണം മറക്കാനാണ്‌.  ഇതവരെ ദോഷകരമായി ബാധിക്കും. സംസ്ഥാന സർക്കാരിന്റെയും തദ്ദേശ സ്ഥാപനങ്ങളുടെയും നേതൃത്വത്തിലുള്ള ജനക്ഷേമ –-വികസന പ്രവർത്തനങ്ങൾ എൽഡിഎഫിന്‌ കരുത്തായുണ്ട്‌. കിഫ്‌ബിയിൽ മാത്രം 10,900 കോടി രൂപയുടെ വികസന പദ്ധതികൾ‌ ജില്ലയിൽ മുന്നേറുന്നു‌. കോഴിക്കോട്‌‌ കോർപറേഷനടക്കം തദ്ദേശസ്ഥാപനങ്ങളും നല്ല രൂപത്തിൽ വികസനപദ്ധതികൾ നടപ്പാക്കി.   
യുഡിഎഫിൽ വിമതപ്പട
അഭിപ്രായഭിന്നതയും വിമതരുമാണ്‌ വലതുമുന്നണിയെ നയിക്കുന്നത്‌.  കോൺഗ്രസും ലീഗുമായി  റിബലുകളുടെ കാര്യത്തിൽ മത്സരമാണ്‌. അഞ്ച്‌ നഗരസഭകളിലായി 18 റിബലുകളുണ്ട്‌. ബ്ലോക്ക്‌ പഞ്ചായത്തിൽ ആറും കോർപറേഷനിൽ ഒമ്പതും വിമതർ യുഡിഎഫിന്‌ ഭീഷണിയായി മത്സരിക്കുന്നു. ഗ്രാമപഞ്ചായത്തിൽ 19 പേരും വിമതരായുണ്ട്‌. എൽഡിഎഫിന്‌ എവിടെയും വിമതശല്യമില്ല. കൊടുവള്ളി 15–-ാം വാർഡിൽ മത്സരിക്കുന്ന കാരാട്ട്‌ ഫൈസലുമായി എൽഡിഎഫിന്‌  ബന്ധമില്ല. 
     ഐഎൻഎൽ നേതാവ്‌ ഒ പി അബ്ദുൾ റഷീദാണിവിടെ എൽഡിഎഫ്‌ സ്ഥാനാർഥി. റഷീദും എൽഡിഎഫും സജീവ പ്രചാരണത്തിലുണ്ട്‌. മറിച്ചുള്ള വാർത്തകൾ വസ്‌തുതാവിരുദ്ധമാണെന്നും എളമരം കരീം പറഞ്ഞു. വാർത്താസമ്മേളനത്തിൽ ജില്ലാ സെക്രട്ടറി പി മോഹനൻ, സംസ്ഥാന കമ്മിറ്റി അംഗം എ പ്രദീപ്‌കുമാർ എംഎൽഎ എന്നിവരും പങ്കെടുത്തു.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top