08 December Friday
സമഗ്ര ലിംഗപദവി പഠനം പൂർത്തിയായി

ജെൻഡർ സൗഹൃദമാകും ജില്ല

വെബ് ഡെസ്‌ക്‌Updated: Thursday Sep 28, 2023
സ്വന്തം ലേഖകൻ
കോഴിക്കോട്‌
സമഗ്ര ജെൻഡർ വികസനമെന്ന ലക്ഷ്യത്തിലേക്ക്‌ ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടന്നടുക്കാൻ കോഴിക്കോട്‌. പദ്ധതി യാഥാർഥ്യമാക്കുന്നതിന്റെ ഭാഗമായി ലിംഗപദവി പഠനം പൂർത്തിയായി. റിപ്പോർട്ട്‌ ഉടൻ പ്രസിദ്ധീകരിക്കും. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ വിഷയങ്ങൾ പരിശോധിച്ച്‌  പരിഹരിക്കാൻ വിവിധ പദ്ധതികൾക്ക്‌ രൂപംനൽകും. കിലയുടെ സഹായത്തോടെയാണ്‌ പ്രവർത്തനം നടത്തുന്നത്‌.
ഫോക്കസ്‌ ഗ്രൂപ്പ്‌ ചർച്ചകൾ, സ്ഥാപന വിശകലനം, നിലവിലുള്ള പദ്ധതികളുടെ വിലയിരുത്തൽ  എന്നിവയാണ്‌ നടത്തിയത്‌.  ഒമ്പത്‌ അംഗ അക്കാദമിക്‌ സംഘവും 11 അംഗ പഠന സംഘവുമാണ്‌ രൂപീകരിച്ചത്‌. ഡിസംബറിലാണ്‌ പ്രവർത്തനം തുടങ്ങിയത്‌. ഒമ്പതു വിഷയ മേഖലകളിലായുള്ള ഫോക്കസ്‌ ഗ്രൂപ്പ്‌ ചർച്ച 15 ബ്ലോക്ക്‌ പഞ്ചായത്തിലും പൂർത്തിയായി. വിധവകൾ, തനിച്ചു താമസിക്കുന്നവർ, കൗമാരപ്രായക്കാരായ പെൺകുട്ടികൾ, സംരംഭകരായ സ്ത്രീകൾ, ട്രാൻസ്‌ജെൻഡേഴ്‌സ്‌, പട്ടികജാതി–-പട്ടിക വർഗ വിഭാഗത്തിലെ സ്‌ത്രീകൾ, പ്രാദേശിക തൊഴിൽ മേഖലയിലെ സ്ത്രീകൾ, ഭിന്നശേഷിക്കാർ, സംഘടിത –-അസംഘടിത–-സ്വയംതൊഴിൽ മേഖലകളിലുള്ളവർ തുടങ്ങിയവരായിരുന്നു ഫോക്കസ്‌ ഗ്രൂപ്പിലുണ്ടായത്‌. ഇവരിൽനിന്നായി 15 ചോദ്യങ്ങൾക്കുള്ള ഉത്തരമാണ്‌ ശേഖരിച്ചത്‌. ജനപ്രതിനിധികളിൽനിന്നും വിവര ശേഖരണം നടത്തി.
ഓഫീസുകൾ, ആരോഗ്യ സ്ഥാപനങ്ങൾ, വിദ്യാഭ്യാസ സ്ഥാപനങ്ങൾ സന്ദർശിച്ച്‌ ജെൻഡർ സൗഹൃദമാണോ എന്ന്‌ പഠിച്ചു. ശുചിമുറി സൗകര്യം, ജീവനക്കാരുടെ പെരുമാറ്റം തുടങ്ങിയവ വിലയിരുത്തി. ബോധവത്‌കരണം കാര്യക്ഷമമായി നടക്കുന്നുണ്ടോ കേസുകൾ റിപ്പോർട്ട്‌ ചെയ്യുന്നുണ്ടോ ജാഗ്രതാ സമിതികളുടെ പ്രവർത്തനം എങ്ങനെ തുടങ്ങിയവ വിലയിരുത്തി. ഈ മേഖലയുമായി ബന്ധപ്പെട്ട സ്ഥിതി വിവരക്കണക്കുകൾ ശേഖരിച്ചു. ലിംഗവിവേചനം നേരിടുന്ന വിഭാഗങ്ങൾക്കായി തദ്ദേശസ്ഥാപനങ്ങൾ പദ്ധതികളിൽ എത്ര ശതമാനം തുക ചെലവഴിച്ചെന്നും പഠിച്ചു. പൊതു ഇടങ്ങൾ എത്ര ജെൻഡർ സൗഹൃദമാണെന്ന്‌ പരിശോധിച്ചു.  ഇതിന്റെയെല്ലാം റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാകും പദ്ധതി രൂപീകരണം.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



----
-----
-----
 Top