പേരാമ്പ്ര
കർഷകസംഘം ജില്ലാ സമ്മേളനം 29, 30 തീയതികളിൽ പേരാമ്പ്രയിൽ നടക്കും. ഐതിഹാസികമായ കൂത്താളി കർഷക പ്രക്ഷോഭത്തിന്റെ സിരാകേന്ദ്രമായ പേരാമ്പ്ര അരനൂറ്റാണ്ടിനുശേഷമാണ് കർഷകസംഘം ജില്ലാ സമ്മേളനത്തിന് വേദിയാകുന്നത്. വി കെ പീതാംബരൻ നഗറിൽ (വി വി ദക്ഷിണാ മൂർത്തി ടൗൺ ഹാൾ) ചേരുന്ന പ്രതിനിധി സമ്മേളനം 29ന് രാവിലെ 9.30ന് മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനംചെയ്യും. ജില്ലാ സെക്രട്ടറി പി വിശ്വൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. 3.7 ലക്ഷം അംഗങ്ങളെ പ്രതിനിധീകരിച്ച് 16 ഏരിയകളിൽ നിന്നായി 300 പ്രതിനിധികളും ജില്ലാ–-സംസ്ഥാന നേതാക്കളും പങ്കെടുക്കുമെന്ന് സ്വാഗതസംഘം ഭാരവാഹികൾ അറിയിച്ചു.
സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗങ്ങളായ ടി പി രാമകൃഷ്ണൻ എംഎൽഎ, എം എം മണി എംഎൽഎ, കർഷകസംഘം സംസ്ഥാന സെക്രട്ടറി വത്സൻ പനോളി, ജില്ലാ പ്രസിഡന്റ് കെ പി കുഞ്ഞമ്മത് കുട്ടി എംഎൽഎ, കൺസ്യൂമർഫെഡ് ചെയർമാൻ എം മെഹബൂബ് എന്നിവർ പങ്കെടുക്കും.
പതാക, കൊടിമര ജാഥകൾ 28ന് വൈകിട്ട് പേരാമ്പ്രയിൽ സംഗമിക്കും. പതാക ഒഞ്ചിയം രക്തസാക്ഷി മണ്ഡപത്തിൽനിന്ന് സംസ്ഥാന കമ്മിറ്റി അംഗം അഡ്വ. ഇ കെ നാരായണന്റെ നേതൃത്വത്തിലും കൊടിമരം കല്പത്തൂരിലെ രക്തസാക്ഷി കെ ചോയി സ്മാരകത്തിൽനിന്ന് സംസ്ഥാന കമ്മിറ്റി അംഗം കെ ഷിജുവിന്റെ നേതൃത്വത്തിലും ജാഥയായി എത്തിക്കും. പൊതുസമ്മേളന നഗരിയിൽ സ്വാഗതസംഘം ചെയർമാൻ എം കുഞ്ഞമ്മത് പതാക ഉയർത്തും.
30ന് വൈകിട്ട് നാലിന് പേരാമ്പ്ര എൽഐസി ഓഫീസ് പരിസരത്തെ പുതിയ ബൈപാസ് റോഡിൽനിന്ന് പൊതുപ്രകടനം ആരംഭിക്കും. ബസ് സ്റ്റാൻഡ് പരിസരത്ത് തയ്യാറാക്കുന്ന ടി ശിവദാസമേനോൻ നഗറിൽ പൊതുസമ്മേളനം എം എം മണി എംഎൽഎ ഉദ്ഘാടനംചെയ്യും.
സ്വാഗതസംഘം ഭാരവാഹികളായ കെ കുഞ്ഞമ്മത്, എം കുഞ്ഞമ്മത്, പി ബാലൻ അടിയോടി, എം വിശ്വനാഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..