19 April Friday

കടമുറി അവശിഷ്ടങ്ങൾ നീക്കിയില്ല സി എച്ച്‌ മേൽപ്പാലം നവീകരണം മന്ദഗതിയിൽ

സ്വന്തം ലേഖകൻUpdated: Sunday May 28, 2023

നവീകരണത്തിനായി സി എച്ച് മേൽപ്പാലം നടപ്പാതയുടെ സ്ലാബ് ഇളക്കി മാറ്റുന്നു

കോഴിക്കോട്‌
കടമുറികൾ പൊളിച്ചുനീക്കുന്നത്‌ പാതിവഴിയിലായതോടെ സി എച്ച്‌ മേൽപ്പാലം നവീകരണം മന്ദഗതിയിൽ. 4.22 കോടി രൂപ ചെലവഴിച്ചാണ്‌ 40 വർഷം പഴക്കമുള്ള പാലം നവീകരിക്കുന്നത്‌. പാലത്തിനടിയിലെ 63 കടമുറികൾ പൊളിച്ചുമാറ്റുന്നതിന്‌  കോർപറേഷൻ കരാർ നൽകിയിരുന്നു. കരാറുകാരൻ സമയബന്ധിതമായി പ്രവൃത്തി പൂർത്തിയാക്കാത്തതാണ്‌  പ്രതിസന്ധി. ചുമരുകളും മറ്റും ഭാഗികമായി പൊളിച്ച്‌ കല്ലും അവശിഷ്ടങ്ങളും കൂട്ടിയിട്ട നിലയിലാണ്‌. ആക്രിയായി വിൽക്കാവുന്ന സാധനങ്ങളെല്ലാം പൊളിച്ചുനീക്കിയ ശേഷം വേഗത്തിൽ പ്രവൃത്തി നടന്നിട്ടില്ല. മഴ തുടങ്ങിയാൽ ഇത്‌ വലിയ പ്രയാസം സൃഷ്ടിക്കും. 
സ്ലാബ്‌ ഉൾപ്പെടെ ബലപ്പെടുത്തുന്ന പ്രവൃത്തി മാർച്ച്‌ ആദ്യവാരമാണ്‌ ആരംഭിച്ചത്‌. കട ഒഴിപ്പിക്കുന്നത്‌ വൈകിയതാണ്‌ ജനുവരിയിൽ ആരംഭിക്കേണ്ട പണി വൈകിച്ചത്‌. ഒമ്പത്‌ മാസത്തെ കരാർ കാലാവധിക്ക്‌ മുമ്പ്‌  പ്രവൃത്തി പൂർത്തിയാക്കാൻ പാകത്തിന്‌ യന്ത്രസാമഗ്രികളും തൊഴിലാളികളെയും എത്തിച്ചെങ്കിലും പേരിന്‌ മാത്രമേ പണി നടക്കുന്നുള്ളൂവെന്ന്‌ കരാറുകാരായ മുംബൈയിലെ സ്‌ട്രെക്‌ചറൽ സ്‌പെഷ്യാലിറ്റീസ്‌ പറയുന്നു. 
 
യന്ത്രസാമഗ്രികൾ വെറുതെ 
കടമുറികൾ പൊളിച്ചുനീക്കാത്തതിനാൽ പണിക്ക്‌ ഉപയോഗിക്കേണ്ട കോടിക്കണക്കിന്‌ രൂപയുടെ യന്ത്രസാമഗ്രികൾ മാസങ്ങളായി  വെറുതെയിട്ടിരിക്കയാണ്‌.  ബലക്ഷയമുള്ള ഭാഗത്ത്‌ കോൺക്രീറ്റും തുരുമ്പും നീക്കുന്ന പണിയാണ്‌ കാര്യമായി നടന്നത്‌. കമ്പികൾ തുരുമ്പെടുക്കുന്നത്‌ തടയാനുള്ള ‘കാതോഡിക്‌ പ്രൊട്ടക്ഷൻ’ പലയിടത്തായി ആരംഭിച്ചു. പാലത്തിൽ നടപ്പാതയിലെ സ്ലാബ്‌ ഇളക്കിമാറ്റുന്നത്‌ മൂന്നുദിവസം മുമ്പ്‌ തുടങ്ങി. പഴയതിന്‌ പകരം പുതിയ കൈവരി നിർമിക്കുന്നതിനാണിത്‌. 
 കടമുറികൾ പൊളിച്ചുനീക്കുന്നത്‌ ഉടൻ പൂർത്തിയാക്കാനാവശ്യപ്പെട്ട്‌ കോർപറേഷന്‌ കത്തുനൽകിയതായി പൊതുമരാമത്ത്‌ എക്‌സിക്യുട്ടീവ്‌ എൻജിനിയർ അജിത്‌ അറിയിച്ചു.  
 1984ലാണ്‌ മൂന്നാം റെയിൽവേ ഗേറ്റിൽ റെഡ്‌ക്രോസ്‌ റോഡിന്‌ കുറുകെ 25 സ്‌പാനുകളിലായി 300 മീറ്റർ നീളമുള്ള മേൽപ്പാലം പണിതത്‌.  അപകടാവസ്ഥയിലായ പാലത്തിന്റെ സ്ലാബിന്റെ ചില ഭാഗങ്ങൾ ഈയിടെ അടർന്നുവീണിരുന്നു.  കടപ്പുറം,  ജനറൽ ആശുപത്രി, കോർപറേഷൻ ഓഫീസ്‌ എന്നിവിടങ്ങളെ ബന്ധിപ്പിച്ചുള്ള  പ്രധാന റോഡിലാണ്‌ പാലം.
റോഡ്‌ അടയ്‌ക്കും; യോഗം 
അടുത്തയാഴ്‌ച 
മേൽപ്പാലം നവീകരണം വേഗത്തിലാക്കാൻ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തുന്നതിന്‌ അടുത്തയാഴ്‌ച കടലക്ടറുടെ സാന്നിധ്യത്തിൽ യോഗം ചേരും. കോർപറേഷൻ, പൊതുമരാമത്ത്‌ വകുപ്പ്‌, പൊലീസ്‌, ഗതാഗതവകുപ്പ്‌ ഉദ്യോഗസ്ഥരും കരാർ കമ്പനി പ്രതിനികളും പങ്കെടുക്കും.  ഒന്നരമാസമെങ്കിലും ഗതാഗത നിയന്ത്രണം വേണ്ടിവരും. ഒരു ഭാഗത്തേക്ക്‌ മാത്രം വാഹനങ്ങളെ കടത്തിവിട്ടാവും  പ്രവൃത്തി നടത്തുക.
 

 


ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top