25 April Thursday

വരൂ, കുളംകുഴിക്കാം

വെബ് ഡെസ്‌ക്‌Updated: Saturday May 28, 2022

സ്വന്തം ലേഖിക

കോഴിക്കോട്‌
എല്ലാം കുളമാക്കാനല്ല, മറിച്ച്‌ കുളംകുഴിച്ച്‌ ജലശേഷി വർധിപ്പിക്കാൻ പുതിയ പദ്ധതി തയ്യാർ. ജില്ലയുടെ ജലസമ്പത്ത്‌ വർധിപ്പിക്കുന്ന ഇടപെടലുകളുടെ ഭാഗമായി 75 കുളം കുഴിക്കുന്നു. 
മിഷൻ അമൃത്‌ സരോവർ പദ്ധതിയുടെ ഭാഗമായാണ്‌ പല തദ്ദേശ സ്ഥാപനങ്ങളിലായി കുളങ്ങൾ കുഴിക്കുക. മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനുള്ള ആദ്യ യോഗം കഴിഞ്ഞ ദിവസം ചേർന്നു.
ഒരേക്കർ വിസ്‌തൃതിയും 10,000 ക്യുബിക്‌ മീറ്റർ ജലസംഭരണ ശേഷിയുമുള്ള കുളങ്ങൾ കുഴിക്കും. സ്ഥലലഭ്യത പരിഗണിച്ച്‌ 75 സെന്റ്‌ വിസ്‌തൃതിയിലുള്ള കുളങ്ങളും ഒരുക്കാം.  
നിലവിലുള്ള ചെറിയ കുളങ്ങൾ ഈ സംഭരണ ശേഷിയിലേക്ക്‌ മാറ്റാനുള്ള സാധ്യതയും പരിശോധിക്കും. ആഗസ്‌ത്‌ 15നകം   പ്രവർത്തനം ആരംഭിക്കും. സാധ്യതാപഠനം പഞ്ചായത്തുകൾ ആരംഭിച്ചു. 
പൊതുസ്ഥലങ്ങളിലും വനാതിർത്തിക്കുള്ളിലുമാണ്‌ കുളങ്ങൾ നിർമിക്കാൻ അനുമതി.  പേരാമ്പ്ര, ഒളവണ്ണ, ചേളന്നൂർ, പുതുപ്പാടി, ചെക്യാട്‌, കോടഞ്ചേരി എന്നീ സ്ഥലങ്ങളിൽ കുളങ്ങൾക്ക്‌ സ്ഥലം കണ്ടെത്തി. ശേഷിക്കുന്ന ഇടങ്ങളിലും  സ്ഥലങ്ങൾ തദ്ദേശ സ്ഥാപനങ്ങൾക്ക്‌ നിർദേശിക്കാം. 
ജനപങ്കാളിത്തത്തോടെ  മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ്‌ തൊഴിലാളികളെ ഉൾപ്പെടുത്തിയാണ്‌ കുളങ്ങൾ നിർമിക്കുക. യന്ത്രസാമഗ്രികൾ, ഫണ്ട്‌ തുടങ്ങിയ കാര്യങ്ങളിൽ ജലസേചനം, വനം എന്നിങ്ങനെയുള്ള വകുപ്പുകളുടെയും തദ്ദേശ സ്ഥാപനങ്ങളുടെയും സഹായമുണ്ടാവും. പൊതുജനങ്ങൾക്കും കുളങ്ങൾ കുത്താൻ സ്ഥലം നിർദേശിക്കാം. 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top