25 April Thursday
ഏറ്റവും മുതിർന്ന കുടുംബശ്രീ അംഗം

ഒപ്പനയിൽ മണവാട്ടി, വയസ്സ്‌‌ 104

വെബ് ഡെസ്‌ക്‌Updated: Saturday Jan 28, 2023

കല്യാണിയമ്മയെ മണവാട്ടിയാക്കി കുടുംബശ്രീ അംഗങ്ങൾ ഒപ്പനകളിയ്‌ക്കുന്നു

സ്വന്തം ലേഖിക
കോഴിക്കോട്‌
കുടുംബശ്രീയുടെ മുന്നിൽ കല്യാണി‌യമ്മയ്‌ക്ക്‌ വയസ്സ്‌‌ വെറും അക്കം മാത്രം.  യോഗമാണെങ്കിലും കലാപരിപാടികളാണെങ്കിലും എങ്ങനെയും എത്തും. വേണമെങ്കിൽ ഒപ്പനയിൽ മണവാട്ടിയുമാകും.  
എരഞ്ഞിക്കലിൽ കഴിഞ്ഞ ദിവസം നടന്ന അയൽക്കൂട്ട സംഗമത്തിൽ ഒപ്പനയിലെ മണവാട്ടിയായി നാണിച്ചിരുന്ന കല്യാണിയമ്മ‌ക്ക്‌ വയസ്സ്‌‌ 104. എരഞ്ഞിക്കൽ കണ്ടംകുളങ്ങര മണപ്പുറത്ത്‌ വീട്ടിലെ ഈ മുത്തശ്ശി‌ക്ക്‌  കുടുംബശ്രീയെന്നാൽ എന്നും  ആവേശമാണ്‌. 
സംസ്ഥാനത്തുതന്നെ ഏറ്റവും മുതിർന്ന അംഗങ്ങളിലൊരാളാണ്‌ ‌ ഇവർ. 2009 സെപ്‌തംബറിൽ 91ാം വയസ്സിലാണ്‌ എരഞ്ഞിക്കൽ ഭാവന കുടുംബശ്രീയിൽ  ഇവർ അംഗമായത്‌. അന്ന്‌ മുതൽ ഒരു യോഗംപോലും വിടാതെ സജീവമാണ്‌. എഡിഎസ്‌ വിളിക്കുന്ന യോഗത്തിലും പങ്കെടുക്കാറുണ്ട്‌. കുടുംബശ്രീ യൂണിറ്റ്‌ ഓണച്ചന്തകൾ സംഘടിപ്പിക്കുമ്പോൾ കല്യാണിയുണ്ടാവും വിൽക്കാനും സഹായിക്കാനും. പ്രമേഹമോ രക്തസമ്മർദമോ മറ്റ്‌ ആരോഗ്യപ്രശ്‌നങ്ങളോ  ഇല്ല.  
മരുമകൾ ഗീത‌ക്കൊപ്പമാണ്‌ കുടുംബശ്രീ യോഗത്തിന്‌ പോവുക. കോവിഡാനന്തരം  കരുതലിന്റെ  ഭാഗമായി പുറത്തുപോകുന്നത്‌ കുറച്ചിരുന്നു. എല്ലാവരെയും കാണാനും പുറത്തിറങ്ങാനുമുള്ള  കല്യാണിയമ്മയുടെ താൽപ്പര്യം പരിഗണിച്ച്‌ ഇപ്പോൾ വീണ്ടും പ്രതിവാര യോഗങ്ങളിൽ പോകുന്നുണ്ട്‌. 
ആഴ്‌ചയിൽ 80 രൂപ വീതം അടയ്‌ക്കുന്നുണ്ട്‌. രണ്ട്‌ തവണ വായ്‌പയെടുത്തു. കല്യാണിയമ്മ‌‌ക്കിപ്പോൾ 24,550 രൂപ സമ്പാദ്യവുമുണ്ട്‌. ആരോഗ്യമുള്ളിടത്തോളം കുടുംബശ്രീ അംഗമായി  തുടരണമെന്നാണ്‌ ആഗ്രഹമെന്ന്‌ കല്യാണിയമ്മ പറയുന്നു.
 

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top