20 April Saturday

ഞങ്ങൾക്കും വേണം ഇഎസ്‌ഐ; 
കൈയടിച്ച്‌ ബൃന്ദ

സ്വന്തം ലേഖകൻUpdated: Sunday Nov 27, 2022

മാട്ടുമ്മൽ തുരുത്തിൽ തൊഴിലുറപ്പ് തൊഴിലാളികൾക്കൊപ്പം ബൃന്ദ കാരാട്ട്. പി കെ ശ്രീമതി സമീപം

കോഴിക്കോട്‌ > ‘‘ഞങ്ങൾക്ക്‌ ഇഎസ്‌ഐ വേണം. കോട്ടും സൂട്ടുമിട്ട്‌ കംപ്യൂട്ടറിന്‌ മുന്നിലിരുന്ന്‌ ജോലി ചെയ്യുന്നവർക്ക്‌ ഇഎസ്‌ഐ ഉണ്ട്‌. കൈക്കോട്ടുമായി മണ്ണിൽ കിളയ്ക്കുന്ന ഞങ്ങൾക്ക്‌ അപകടം പറ്റിയാൽ ആരുമില്ല. ഞങ്ങൾക്ക്‌ ഇഎസ്‌ഐ വേണം’’- രജിത കത്തിക്കയറിയപ്പോൾ സിപിഐ എം പൊളിറ്റ്‌ ബ്യൂറോ അംഗം  ബൃന്ദ കാരാട്ട്‌ കൈയടിയോടെ അഭിനന്ദിച്ചു.
 
തൊഴിലുറപ്പ്‌ തൊഴിലാളികളുടെ പ്രശ്‌നങ്ങൾ പഠിക്കുന്നതിനായി ഒളവണ്ണ പഞ്ചായത്തിലെ മാട്ടുമ്മൽ തുരുത്തിൽ എത്തിയതായിരുന്നു ബൃന്ദ. തൊഴിലാളികൾക്കൊപ്പം മണിക്കൂറുകളോളം ചെലവഴിച്ച അവർ ലഭിക്കേണ്ട ആനുകൂല്യങ്ങൾ ഓർമപ്പെടുത്തിയാണ്‌ മടങ്ങിയത്‌.
 
മഹിളാ അസോസിയേഷൻ നേതാക്കളായ പി കെ ശ്രീമതി, കെ കെ ലതിക, കെ പുഷ്‌പജ, കെ തങ്കമണി, ഒളവണ്ണ പഞ്ചായത്ത്‌ പ്രസിഡന്റ്‌ അഡ്വ. പി ശാരുതി  എന്നിവർക്കൊപ്പമാണ്‌ എത്തിയത്‌. ഒളവണ്ണ ചുങ്കത്തുനിന്ന്‌ ബോട്ടിൽ തുരുത്തിലേക്ക്‌. 
തൊഴിലിടത്തിൽ എത്താൻ നിങ്ങൾ എത്ര ദൂരം സഞ്ചരിക്കണം? ഇംഗ്ലീഷിലുള്ള ചോദ്യംകേട്ട്‌ ആദ്യമൊന്ന്‌ തൊഴിലാളികൾ പകച്ചു. പി കെ ശ്രീമതി മലയാളത്തിൽ പരിഭാഷപ്പെടുത്തിയപ്പോൾ മണിമണിപോലെ ഉത്തരം. ‘80 രൂപ ഓട്ടോറിക്ഷക്ക്‌ കൊടുക്കണം.
 
മടക്കത്തിൽ 50 രൂപ’. എത്ര പ്രവൃത്തി ദിനം ലഭിക്കുന്നു? എത്രയാണ്‌ വേതനം? എത്ര സമയം ജോലിചെയ്യുന്നു?  തൊഴിലാളികളുടെ തൊഴിൽ പ്രശ്‌നങ്ങൾ മുതൽ ദൈനംദിന ജീവിത പ്രയാസങ്ങൾ വരെ ചോദിച്ചറിഞ്ഞും  സംശയനിവാരണം നടത്തിയും നോട്ട്‌ ബുക്കിൽ പകർത്തിയും തൊഴിലാളികളുടെ മനം കീഴടക്കി. തൊഴിലാളികൾക്കൊപ്പം ഫോട്ടോ എടുത്തും ഭക്ഷണം പങ്കിട്ടുമായിരുന്നു മടക്കം. 
തുടർന്ന്‌ ഫറോക്കിൽ കുടുംബശ്രീ സംരംഭമായ ശ്രേയസ്‌ ന്യൂട്രീഷ്യൻ ഉൽപ്പാദന യൂണിറ്റും കുടുംബശ്രീ വിസ്‌മ‌യ അപ്പാരല്‍ സ്റ്റിച്ചിങ്  യൂണിറ്റും സന്ദർശിച്ചു. മഹിളാ അസോസിയേഷൻ ജില്ലാ ജോയിന്റ്‌ സെക്രട്ടറി യു സുധർമയും ഒപ്പമുണ്ടായി.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top