20 April Saturday

ഇതാ കോഴിക്കോടിന്റെ മുത്തുകൾ

വെബ് ഡെസ്‌ക്‌Updated: Saturday Nov 27, 2021
കോഴിക്കോട്‌
സന്തോഷ്‌ ട്രോഫിയിൽ കേരളത്തിനായി ബൂട്ടണിയാൻ ഫുട്‌ബോളിന്റെ ഈറ്റില്ലങ്ങളിലൊന്നായ കോഴിക്കോട്ടുനിന്ന്‌ മൂന്നുപേർ. പി എൻ നൗഫൽ, മുഹമ്മദ്‌ അജ്‌സൽ, പി ടി മുഹമ്മദ്‌ ബാസിത്‌ എന്നിവരാണ്‌  കൊച്ചിയിൽ നടക്കുന്ന മത്സരത്തിൽ ടീമിൽ ഇടംപിടിച്ചത്‌. 
സംസ്ഥാന സീനിയർ ഫുട്‌ബോൾ ചാമ്പ്യൻഷിപ്പിൽ കിരീടമുയർത്തിയ കോഴിക്കോടിനായി കളംനിറഞ്ഞ കരുത്തിലാണ്‌ തിരുവമ്പാടി സ്വദേശിയായ പി എൻ നൗഫൽ ടീമിലെത്തിയത്‌. ഗോകുലം എഫ്‌സിയുടെ ജൂനിയർ ടീമിലും കളിച്ചിട്ടുണ്ട്‌ ഈ മധ്യനിരക്കാരൻ. 2019ൽ കേരള അണ്ടർ 21 ടീമിലും അംഗമായിരുന്നു. കഴിഞ്ഞ തവണത്തെ കേരള പ്രീമിയർ ലീഗിൽ റോയൽ വാസ്‌കോയ്‌ക്കായി ബൂട്ടണിഞ്ഞു. തിരുവമ്പാടി പുത്തൻവീട്ടിൽ നൗഷാദ്‌, ജമീല ദമ്പതികളുടെ മകനാണ്‌. 
പുതുപ്പാടി പഞ്ചായത്തിലെ ഈങ്ങാപ്പുഴ സ്വദേശി മുഹമ്മദ്‌ അജ്‌സൽ മുന്നേറ്റക്കാരനായാണ്‌ ടീമിലുള്ളത്‌. ഈങ്ങാപ്പുഴ എംജിഎം സ്‌കൂൾ ടീമിനായി പന്ത്‌ തട്ടി തുടങ്ങിയ അജ്‌സൽ അണ്ടർ 21  കേരള താരമായിരുന്നു.  മേഘാലയയിലെ ഷില്ലോങ്ങിൽ നടന്ന  ജൂനിയർ  മത്സരത്തിൽ കേരളത്തിനായി മിന്നും പ്രകടനമായിരുന്നു ഈ  സെന്റർ ഫോർവേഡിന്റേത്‌. ബിസി റോയ്‌ ട്രോഫി ഉൾപ്പെടെ നിരവധി മത്സരങ്ങളിലും ബൂട്ടണിഞ്ഞിട്ടുണ്ട്‌.   കോതമംഗലം മാർ അത്തനേഷ്യസ്‌ കോളേജിലെ ഒന്നാം വർഷ ബിരുദ വിദ്യാർഥിയാണ്‌. 
ഈങ്ങാപ്പുഴ വെളുപ്പാംകുളം സ്വദേശികളായ സുൽഫീക്കർ, സെറീന ദമ്പതികളുടെ മകനാണ്‌. അൽസാന, മുഹമ്മദ്‌ അഫ്‌സൽ എന്നിവർ സഹോരദങ്ങൾ.
ബേപ്പൂർ സെപ്‌റ്റിൽ കളിച്ചുവളർന്ന പി ടി മുഹമ്മദ്‌ ബാസിതും പ്രതിരോധ താരമായി കേരള ടീമിലുണ്ട്‌. കേരള അണ്ടർ 21 താരവുമാണ്‌ ഈ പ്രതിരോധക്കാരൻ. കേരള ബ്ലാസ്റ്റേഴ്‌സിന്‌ വേണ്ടിയും ബൂട്ടണിഞ്ഞിട്ടുണ്ട്‌.  റിലയൻസ്‌ ഫൗണ്ടേഷൻ യങ് ചാംപ്‌സ്‌ താരമായിരുന്നു. മാത്തോട്ടം ഷൻസീർ ഭവനിൽ പി ടി ഫിറോസിന്റെയും ഷാനിദയുടെയും മകനും കോതമംഗലം എംഎ കോളേജ്‌ ബിരുദ വിദ്യാർഥിയുമാണ്‌.

ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്‌.

വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..



മറ്റു വാർത്തകൾ
----
പ്രധാന വാർത്തകൾ
-----
-----
 Top