താമരശേരി
പുതുപ്പാടിയിൽ ലഹരിമാഫിയ അക്രമത്തിൽ സിപിഐ എം ലോക്കൽ സെക്രട്ടറി ഉൾപ്പെടെ മൂന്ന് പേർക്ക് പരിക്ക്. പുതുപ്പാടി ലോക്കൽ സെക്രട്ടറി പി കെ ഷൈജൽ, ചെമ്മരംപറ്റ ബ്രാഞ്ച് സെക്രട്ടറി ഷാമിൽ, കൊടിയിൽ ബ്രാഞ്ച് അംഗം ബിജു എന്നിവരെയാണ് ലഹരിമാഫിയ സംഘം അക്രമിച്ചത്. ബുധനാഴ്‌ച രാത്രിയാണ് സംഭവം.
ബിജെപി തിരുവമ്പാടി മണ്ഡലം വൈസ് പ്രസിഡന്റ് ശശിയുടെ മകന്റെയും മരുമകന്റെയും നേതൃത്വത്തിലുളള ലഹരി മാഫിയാ സംഘമാണ് അക്രമം അഴിച്ചുവിട്ടത്. വെസ്‌റ്റ് കൈതപ്പൊയിലിലെ കള്ളുഷാപ്പ് ജീവനക്കാരനായ ബിജുവിന്റ ഷാപ്പിലെത്തിയ സംഘം മണിക്കൂറുകളോളം ഷാപ്പിൽ ചെലവഴിച്ചു. ഷാപ്പ് അടയ്‌ക്കാൻ സമയമായപ്പോൾ ബിജു ഇവരോട് പുറത്ത് പോവാൻ പറഞ്ഞതിനെ തുടർന്ന് ഇവർ ബിജുവിനെ ക്രൂരമായി മർദിക്കുകയും കള്ളുഷാപ്പിലെ സാധനങ്ങൾ അടിച്ചുതകർക്കുകയുമായിരുന്നു.
വീട്ടിലേക്ക് പോവുന്ന വഴിയിൽ തടഞ്ഞുനിർത്തി വീണ്ടും അക്രമിച്ചു. ഇതിനിടയിൽ ബിജു അടിവാരത്ത് സ്വകാര്യവ്യക്തിയുടെ ഹോട്ടലിൽ അഭയംതേടി സിപിഐ എം ലോക്കൽ സെക്രട്ടറി ഷൈജലിനെ സംഭവം അറിയിച്ചു. ബിജുവിനെ രക്ഷിക്കാനെത്തിയപ്പോയാണ് സംഘടിച്ചെത്തിയ അക്രമിസംഘം ഷൈജിലിനെയും ഷാമിലിനെയും മർദിച്ചത്. തുടർന്ന് ബിജുവിന്റ വീടും ഇവർ അക്രമിച്ചു. വീട്ടിൽ ഭാര്യയും 13 വയസ്സുകാരി മകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അക്രമത്തിൽ പരിക്കേറ്റ പി കെ ഷൈജൽ ഉൾപ്പെടെയുള്ളവരെ താമരശേരി താലൂക്ക് അശുപത്രിയിലും ഓമശേരിയിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. വീട് അക്രമിച്ച സംഭവത്തിൽ ബിജുവിന്റെ ഭാര്യയുടെ പരാതിയിൽ കോടഞ്ചേരി പൊലീസ് കേസെടുത്തു. ഷാപ്പിൽ നടത്തിയ അക്രമത്തിൽ ഉടമ നൽകിയ പരാതിയിൽ താമരശേരി പൊലീസ് കേസെടുത്തു.
സംഭവത്തിൽ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസ് തയ്യാറാവണമെന്ന് സിപിഐ എം പുതുപ്പാടി ലോക്കൽ കമ്മിറ്റി ആവശ്യപ്പെട്ടു. ലഹരി മാഫിയക്കെതിരെ സിപിഐ എം പ്രക്ഷോഭം സംഘടിപ്പിക്കുമെന്നും പ്രസ്‌താവനയിൽ അറിയിച്ചു.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..