മുക്കം
ചെറുതും വലുതുമായ എണ്ണമറ്റ യാത്രകളുടെ പെരുമയോടെ പത്താം വാർഷിക നിറവിലാണ് മലയോരത്തെ വനിതകളുടെ യാത്രാ സംഘമായ "ദേശാടനം'. യാത്രകളിൽ തൽപ്പരരും ഒറ്റയ്ക്ക് സഞ്ചരിക്കാൻ സാധിക്കാത്തവരുമായ സ്ത്രീകളെ സംഘടിപ്പിച്ച് "ദേശാടനം’ യാത്ര തുടങ്ങിയത് 2013 സെപ്‌തംബറിലാണ്. നീലേശ്വരം ഗവ. ഹയർ സെക്കൻഡറി സ്‌കൂൾ അധ്യാപിക എം എൽ ഷീജ, സാമൂഹിക പ്രവർത്തകയും അധ്യാപികയുമായ മില്ലി മോഹൻ, എഴുത്തുകാരിയും സംസ്കാരിക പ്രവർത്തകയുമായ പി സ്മിന എന്നിവർ ചേർന്നാണ് സംഘം രൂപീകരിച്ചത്.
രാജ്യത്തിന്റെ വടക്കുകിഴക്കൻ സംസ്ഥാനങ്ങളിലൊഴികെ എല്ലായിടത്തും ഈ യാത്രാസംഘം എത്തിച്ചേർന്നിട്ടുണ്ട്. കശ്മീർ, വാഗാ അതിർത്തി, ഉത്തരാഖണ്ഡ്, ആൻഡമാൻ, കൊൽക്കത്ത, ഹൈദരാബാദ്, ധനുഷ്‌കോടി, നെല്ലിയാമ്പതി, കന്യാകുമാരി തുടങ്ങി നിരവധി സ്ഥലങ്ങൾ. സംഘാടകർ സ്ത്രീകളാണെങ്കിലും പുരുഷന്മാരും കുട്ടികളും ഉൾപ്പെടുന്ന കുടുംബയാത്രകളും പതിവാണ്.
വിദ്യാർഥിനികൾ, വീട്ടമ്മമാർ, അധ്യാപികമാർ, സാമൂഹിക പ്രവർത്തകർ തുടങ്ങി എല്ലാം വിഭാഗത്തിലുംപെട്ട സ്ത്രീകൾ സംഘത്തിലുണ്ട്. ചെലവുകൾ അംഗങ്ങൾ തുല്യമായി ഭാഗിച്ചെടുക്കും. സ്വന്തമായി വരുമാനമില്ലാത്ത വിദ്യാർഥിനികൾക്കും സ്ത്രീകൾക്കും സൗജന്യ യാത്രകളും അനുവദിക്കാറുണ്ട്.
മാസംതോറുമുള്ള യാത്രകൾക്ക് പുറമേ അടുത്ത നവംബറിൽ നാല് ദിവസം നീളുന്ന കുടജാദ്രി -അഗുംബെ ശൃംഗേരി -ഉഡുപ്പി -സെന്റ് മേരീസ് ഐലന്റ് യാത്രയ്ക്കും മേയിൽ ഹിമാലയത്തിലേക്ക് ഒരു യാത്രയുമാണ് തീരുമാനിക്കപ്പെട്ട പരിപാടികൾ. ഇന്ത്യക്ക് പുറത്തേക്ക് യാത്രകൾ സംഘടിപ്പിക്കുക, യാത്രാനുഭവങ്ങൾ പുസ്തകരൂപത്തിൽ പ്രസിദ്ധീകരിക്കുക എന്നിവയാണ് ഇവർ ലക്ഷ്യംവയ്ക്കുന്നത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..