കോഴിക്കോട്
സർക്കാർ -പ്രൈമറി സ്‌കൂളുകളിലെ അധ്യാപക നിയമനത്തിൽ റെക്കോഡിട്ട് സർക്കാർ. ഒരുവർഷത്തിനിടെ ജില്ലയിൽ സർക്കാർ സ്‌കൂളുകളിൽ പ്രൈമറി വിഭാഗത്തിൽ നിയമനമായത് 550 പേർക്ക്. എൽപിഎസ്‌ടി, യുപിഎസ്‌ടി തസ്‌തികകളിൽ കഴിഞ്ഞ വർഷം മേയിലും ഒക്‌ടോബറിലും നിലവിൽ വന്ന റാങ്ക് പട്ടികയിൽനിന്നുള്ള നിയമനമാണിത്. എൽപി നിയമന ഉത്തരവ് 45 പേരുടെകൂടി കൈകളിൽ ഈയാഴ്‌ച എത്തും. യുപിഎസ്‌ടിയിൽ 218 ഒഴിവുകളിലും എൽപിഎസ്‌ടിയിൽ 332 ഒഴിവുകളിലുമായാണ് നിയമനം. കോവിഡും പ്രളയവും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിക്കിടയിലും എൽഡിഎഫ് സർക്കാർ നൽകിയ ഉറപ്പാണ് പാലിക്കപ്പെടുന്നത്.
2019 ഡിസംബറിലാണ് പിഎസ്‌സി എൽപിഎസ്‌ടി വിജ്ഞാപനമിറക്കിയത്. എന്നാൽ കോവിഡ് വ്യാപനത്തോടെ പരീക്ഷാ നടത്തിപ്പ് പ്രതിസന്ധിയിലായി. ഒന്നാം തരംഗത്തിന് ശേഷം ഇളവുകൾ വന്നതോടെ 2020 നവംബറിൽ പരീക്ഷ നടത്തി. 2021 ആഗസ്‌തിൽ ചുരുക്കപ്പട്ടിക പ്രസിദ്ധീകരിച്ചു. കോവിഡ് മൂന്നാം തരംഗത്തിന്റെ ബുദ്ധിമുട്ടുകൾക്കിടയിലും അഭിമുഖം പൂർത്തിയാക്കി. 2022 മേയിൽ റാങ്ക് പട്ടിക പ്രസിദ്ധീകരിച്ചു. വിവിധ ഘട്ടങ്ങളിലായി 332 പേർക്ക് ശുപാർശ നൽകി. ഇവരിൽ അവസാന ഘട്ടത്തിലെ 45 പേർ കൂടിയാണ് ഈയാഴ്‌ച അധ്യാപകരാകുന്നത്.
2022 ഒക്‌ടോബർ 10നാണ് യുപിഎസ്‌ടി റാങ്ക് പട്ടിക നിലവിൽ വന്നത്. അതേ വർഷം ഡിസംബറിൽ 124 പേർക്ക് ശുപാർശ അയച്ചു. ഈ വർഷം ജൂണിൽ രണ്ട് ഘട്ടങ്ങളിലായി 66 പേർക്ക് ശുപാർശ നൽകി. ജൂലൈയിൽ 28 പേർക്കും ശുപാർശ നൽകി. കഴിഞ്ഞയാഴ്‌ചയും നിയമനങ്ങൾ നടന്നു. 2025 വരെയാണ് പട്ടികയുടെ കാലാവധി.
എൽപിഎസ്‌ടിയിൽ 2018ലെ പിഎസ്‌സി റാങ്ക് പട്ടികയിൽനിന്ന് 368 പേർക്ക് നിയമനം നടത്തിയിരുന്നു. 2018ലെ യുപിഎസ്‌ടി റാങ്ക് പട്ടികയിൽനിന്ന് 233 പേർക്കും നിയമനം നൽകി. രണ്ട് വിഭാഗത്തിലുമായി മുഖ്യ റാങ്ക് പട്ടികയിലെ മുഴുവനാളുകൾക്കും അന്ന് നിയമനമായി. പഴയ പട്ടികയിലുണ്ടായിരുന്നവർ ഉൾപ്പെടെ 2016–-20 കാലയളവിൽ മൊത്തം 787 നിയമനങ്ങളാണ് എൽഡിഎഫ് നടത്തിയത്. 464 എൽപിഎസ്‌ടിയും 323 യുപിഎസ്‌ടിയും. യുഡിഎഫ് ഭരണകാലത്ത് 2011–-16ൽ ആകെ 135 നിയമനംമാത്രം (എൽപിഎസ്‌ടി–- 102, യുപിഎസ്‌ടി–- 33) നടന്നിടത്താണിത്.
ദേശാഭിമാനി വാർത്തകൾ ഇപ്പോള്‍ വാട്സാപ്പിലും ടെലഗ്രാമിലും ലഭ്യമാണ്.
വാട്സാപ്പ് ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..
ടെലഗ്രാം ചാനൽ സബ്സ്ക്രൈബ് ചെയ്യുന്നതിന് ക്ലിക് ചെയ്യു..